Friday, August 20, 2010

ബൈബിള്‍

shylan


അയല്‍ക്കാരനെ
യെന്നപോല്‍
പതിവ്രതേ
വല്ലപ്പോഴെങ്കിലും
നീ
നിന്‍റെ
കേട്ടിയവനെയുമൊന്നു
സ്നേഹിച്ചു
പ്രണയിച്ചു
കാമിച്ചു നോക്കുവിന്‍

(How ....!  
ഹെന്തൊരു
ചേഞ്ച്‌ .........!!!


shylan

1975 ലെ  ദുഖവെള്ളി ദിനത്തില്‍ പിറന്നു.
മരിച്ചിട്ടില്ല.
യാത്രകളും പ്രണയവും കവിതയും
മറ്റുമായി ജീവിതം.
ഒട്ടകപക്ഷി,നിഷ്കാസിതന്റെ ഈസ്റ്റ്ർ‍,
എന്നിവ മുന്‍ പുസ്തകങ്ങള്‍
അവാര്‍ഡ്‌കള്‍ക്ക് വിധേയന്‍ ആയിട്ടില്ല.

Thursday, August 19, 2010

ഊരുവിലക്കു കഴിഞ്ഞു

അവസാനം ബ്ലോഗർ ടീം (ഗൂഗ്ഗിൾ) ഇങ്ങനെ പറഞ്ഞു

Hello,

     We have received your appeal regarding your blog http://allandeach.blogspot.com/. Upon further review we have determined that your blog was mistakenly marked as a TOS violator by our automated system and, as such, we have reinstated your blog. We apologize for any inconvenience this may have caused in the meantime and thank you for your patience as we completed our review process.

     Thank you for for understanding.

     Sincerely,

     The Blogger Team

ആര്‍ക്കു ആരെ ആണ് ഭയം

രണ്ടായിരത്തിപത്ത്  മെയ്‌ മാസം 09 തിയ്യതി ഞങ്ങള്‍ പറഞ്ഞു

"7 വയസ്സുള്ള അമ്മിണി മുതൽ 70 വയസ്സുള്ള രാമേട്ടൻ വരെയുള്ള ചെറുപ്പക്കാരുടെ കൂടിച്ചേരലാണിത്.
പോരായ്മ്മകളുണ്ട്, ചൂണ്ടിക്കാണിക്കണം, ശാസിക്കണം...
താങ്കളും കൂടെയുണ്ടന്നുള്ള അഭിമാനത്തോടെ,
ഈ വിശാലമായ ബൂലൊകത്തിന് ഒരു വെബ് മാഗസിൻ കൂടി സമർപ്പിക്കുന്നു.
http://allandeach.blogspot.com/

10-തീയതി അതിരാവിലെ തന്നെ അമ്മിണി വിളിച്ചു ,
ഇന്നലെ പോസ്റ്റ്‌ ചെയ്ത അവളുടെ കവിത കാണുന്നില്ല എന്ന്.
നോക്കിയപ്പോള്‍ all and each ഭുലോകത്തില്‍ ഇല്ല.

ഇന്ന് 2010 ഓഗസ്റ്റ്‌ 18
ശബ്ദം തിരിച്ചു കിടിയ ദിവസം.എപ്പോള്‍ വേണമെങ്കിലും ഇത് നിലക്കം.
അതിനുമുന്‍പ്‌ ഒരല്പം സമയം.

ആര്‍ക്കു ആരെ ആണ് ഭയം ???

ശശികല ടീച്ചറിന്റെയും മദനി സാറിന്റെയും സാമൂഹ്യ പ്രസംഗങ്ങള്‍ ചടുല സഞ്ചാരം നടക്കുന്ന യു ടുബില്‍ ബ്ലോഗര്‍ക്ക് ഭയമേയില്ല.
മധ്യ പ്രദേശിലെ വനമേഖലയില്‍ സ്വന്തം ജീവിതം ആദിവാസികള്‍ക്കായി ഉഴിഞ്ഞുവെച്ച്
അവരില്‍ ഒരാളായി മറിയ പാവപ്പെട്ട ഇന്ത്യന്‍ സ്ത്രീയുടെ പ്രതീകം ദയാബായിയെ ആണോ ഭയം??

അതോ,നിലവിലുള്ള വ്യവസ്ഥിതിക്കു എതിരായി
ഹിമാലയത്തിന്റെ സ്വത്വം നിലനിര്‍ത്താനായി ജീവിക്കുന്ന
ചിപ്കോ പ്രസ്ഥാനത്തിന്റെ നെടുംനയകനായ സുന്ദര്‍ലാല്‍ ബഹുഗുണയോ??

തന്റെ ഹൃദയത്തിന്റെ കോണില്‍
അടക്കി നിർത്താനവാതെ വേദന വിളിച്ചു പറഞ്ഞ അധ്യാപകന്‍ മാത്യു ജെ മുട്ടത്തോ ???

7 വയസുള്ള അമ്മിണീയോ?
7൦ വയസുള്ള രമേട്ടണോ/
എന്നെയോ/
നിങ്ങളെയോ/
ഒരോരുത്തരെയുമോ? അതോ എല്ലാവരെയുമോ?
ആരെ ആണ് ഈ കമ്പനി ഭയക്കുന്നത്?

ഒരു പക്ഷെ ഇനി ഒരു നേരം വെളുക്കുമ്പോള്‍ all and each കാണാനില്ലാതാവും,
അപ്പോള്‍ നിങ്ങള്‍ മറക്കരുത്
അവസാനത്തെ ശ്വാസം ബാക്കി ഉള്ള നമ്മുടെ കഴുത്തില്‍ ഗൂഗിള്‍ കുത്തിപ്പിടിക്കുക മാത്രം ആണ് ചെയ്തിരിക്കുന്നത്.

Sunday, August 8, 2010

ഓണപീപ്പി

പ്രിയ വേണു (അമ്മിണി)

ചെമ്പരത്തി പൂവിനേം ഓണത്തുംബിയേം
പി പി പീപ്പിയേം
ടി വിയില്‍  കണ്ടു
അമ്മ പറഞ്ഞു അറിയില്ലാന്നു
കാറ്റിനറിയുമോ??

കൈ വെട്ടുമ്പോള്‍

 മാത്യു ജെ. മുട്ടത്ത്

തലവെട്ടിയിരുന്നെങ്കില്‍ താല്‍ക്കാലികമായൊരു വൈകാരികതയുടെ ആന്ദോളനങ്ങള്‍ക്കപ്പുറത്തേക്ക് സംഭവം കടക്കുമായിരുന്നില്ല. ഇപ്പോള്‍ കുറേശെ കുറേശെയായി പൈശാചികമായ ഒരു ജീവിതത്ത്വശ്ശാസ്ത്രം തെളിഞ്ഞു വരുന്നുണ്ട്. ജീവനും ജീവിതത്തിനും ഒരു വിലയുമില്ല എന്ന് വ്യക്തമാകുന്നു. ഇതു സായ്പ് പല കാലങ്ങളില്‍ പറഞ്ഞിട്ടും സ്ഥാപിച്ചിട്ടുമുണ്ട്. അങ്ങനെയൊക്കെയാണ് നമ്മുടെ മഹത്തായ ചരിത്രത്തിന്റെ കിടപ്പ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ലണ്ടന്‍ ടൈംസ് മുഖപ്രസംഗമെഴുതി. അവര്‍ പറഞ്ഞു Human life is very cheap in India. ഹോ ഹോ ജയ്‌ഹോ....

കാലം ഏറെ കഴിഞ്ഞിരിക്കുന്നു. വര്‍ത്തമാനകാല സ്ഥിതി ഇന്ത്യയുടേതു മാത്രമല്ല. ലോകം മുഴുവന്‍ പല പേരുകളില്‍ ലേബലുകളില്‍ മേല്‍വിലാസങ്ങളില്‍ ഭീകരവാദം പ്രബലമായിക്കൊണ്ടിരിക്കുന്നു. നേരിട്ടങ്ങ് കൊല്ലുന്നതിന്റെ സുഖം ചിലര്‍ നുണയുന്നു. മറ്റു ചിലര്‍ ഫത്‌വ, ഊരുവിലക്ക്, സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം എന്നിങ്ങനെ പല വകയില്‍ മത ഭീകരതയെ മറയ്ക്കുന്നു. മറക്കുന്നു നമ്മള്‍ ചരിത്രം.

നവോത്ഥാന ചിന്തകളും പുരോഗമനാശയങ്ങളും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും ചിരിക്കു വക നല്‍കുന്ന ചരിത്ര ഫലിതങ്ങളാകുന്നു. അയ്യപ്പപ്പണിക്കര്‍ എഴുതിയതു പോലെ സ്തുതി പാടുക നാം മര്‍ത്യനു സ്തുതി പാടുക നാം...
കരഛേദിതനായ ജോസഫിന്റെ ഭാര്യ പറഞ്ഞതായി പത്രത്തില്‍ കണ്ടു-മതമില്ലാത്ത ഒരു ലോകത്തു ജീവിക്കാനായെങ്കില്‍ എന്ന്. എന്തൊരു മോഹം! തരക്കേടില്ല. പാവം സ്ത്രീ.

ബോംബുകളാണെങ്ങും. വഴിക്കവലകളില്‍, തീവണ്ടിപ്പാളങ്ങളില്‍, സിനിമാതിയേറ്ററുകളില്‍, ചന്തകളില്‍- മനുഷ്യര്‍ ഒത്തുകൂടുന്നേടങ്ങളിലെല്ലാം. സ്‌ഫോടന സാമഗ്രികള്‍. നാടനും ഫോറിനുമായ കത്തികള്‍ തരാതരം. വാളുകള്‍, കുന്തങ്ങള്‍ കിരാതതരം. നടപ്പാതകളിലെല്ലാം ബോംബുകള്‍. മനോമോഹന ഇന്ത്യനവസ്ഥ.

ഒന്നാംസ്ഥാനം സാക്ഷരതയ്ക്കും രാക്ഷസീയതയ്ക്കും തുല്യം തുല്യം കേരളത്തില്‍. മാവേലി നാടുവാണിടും കാലം കൈയടിച്ചു പാടുക. തൂശനിലയില്‍ തുമ്പപ്പൂപോലുള്ള ചോറുവിളമ്പുക. ഉപ്പേരി കൊറിക്കുക. പക്ഷേ എല്ലാറ്റിലും രക്തം ചുവയ്ക്കുന്നുണ്ടോ. ശവഗന്ധമാണോ കാറ്റു കൊണ്ടു വരുന്നത്. പൂക്കളുടെ നിറവും മണവും പോയോ. ആകാശത്തുനിറയെ കാര്‍മേഘങ്ങളാണോ?

ജീവന്‍ വിലപ്പെട്ടതെന്ന് കരുതിപ്പോന്നിരുന്ന കാലം കഴിയുകയാണ്. ഇതു കലികാലമാണ്. ധര്‍മ്മമാകുന്ന പശുവിന്റെ കാലുകളെല്ലാം അറ്റുപോയിരിക്കുന്നു. ദീനദീനം വിലപിക്കാനല്ലാതെ ഒന്നുമാവാത്ത സ്ഥിതി. അടിമത്തം, ചൂഷണം, നീതി നിഷേധം തുടങ്ങിയവയ്‌ക്കെതിരെ മനുഷ്യന്‍ പൊരുതിയിരുന്നതിന്റെ ധീരോദാത്തത്യാഗോജ്ജ്വല ചരിത്രം കഴിഞ്ഞ നൂറ്റാണ്ടിലൊതുങ്ങി, അല്ലെങ്കില്‍ ഒടുങ്ങി.

ഒരു സൂര്യനുദിക്കും
നിഴലായിട്ടമ്പിളി വളരും
വളരും വനമോടികളാടിത്തെളിയും
വനമൂര്‍ഛയില്‍ ദുഃഖം തകരും

നൊമ്പരങ്ങള്‍ക്കിടയിലും തകര്‍ച്ചകള്‍ക്കു മധ്യേയും ഇങ്ങനെയൊക്കെ പാടാന്‍ കഴിഞ്ഞിരുന്നു. പഴയ കവിതകളുടെ പ്രസന്ന കാലം കഴിഞ്ഞു.

 ഇന്നുകേള്‍പ്പതു വേറെ നിവേദനം
ജാനകി തേങ്ങിമറഞ്ഞ ധരയുടെ
ആഴത്തില്‍ നിന്നുയരുന്നു
പ്രണവമായ്
മൃത്യു ജയ ജയ മൃത്യു ജയ ജയ

അയ്യപ്പപ്പണിക്കര്‍ അസ്തിത്വ വ്യഥയില്‍ നിന്നു മന്ത്രിച്ചത് ഇന്ന് മ(കൊ)ലയാളിയുടെ ജീവിതാകാശങ്ങളില്‍ ഞടുക്കം സൃഷ്ടിക്കുന്ന മുഴക്കമാകുന്നതു കേള്‍ക്കുന്നുണ്ടോ?

ജോസഫിന്റെ ചോദ്യത്തിലെ “'നായിന്റെ മോനേ'’പോലെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. ചിഹ്നത്തിന് വേറെ എന്തെങ്കിലും കൊടുക്കാമായിരുന്നു. ഒരു ക്ലാസു പരീക്ഷയുടെ കൊച്ചുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതു പക്ഷേ ലോകം മുഴുവന്‍ വളര്‍ന്നുപൊങ്ങി. അങ്ങനെ ആക്കിത്തീര്‍ത്ത് ഭരണകൂടവും വിവിധ അധികാര സ്ഥാപനങ്ങളും വാളെടുത്തു. വിചാരണയില്ലാത്ത ശിക്ഷയാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടായത്. കുറേക്കൂടി ശാന്തമായി ചിന്തിക്കാമായിരുന്നില്ലേ? ശകലിത ശരീരനായി അയാള്‍ വീണപ്പോഴാണ് വീണ്ടു വിചാരത്തിന്റെ കാറ്റു വീശുന്നത്. കൈവെട്ടിയതു പോലെ നൃശംസത നിറഞ്ഞതായിരുന്നില്ലേ എല്ലാ വിലയിരുത്തലുകളും അഭിപ്രായ പ്രകടനങ്ങളും? ഭീകരതയ്‌ക്കൊപ്പം സാമൂഹികതയുടെ വിചാരങ്ങളും ചാഞ്ഞു. മാഞ്ഞുപോയതു മാനവികതയും സഹിഷ്ണുതയുമാണ്. എന്നെങ്കിലും ഇതൊക്കെ തിരിച്ചു വരുമോ?



മാത്യു ജെ. മുട്ടത്ത്


മാന്നാനും കെ. ഇ. കോളേജ് മലയാളം അധ്യാപകന്‍. മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ സെക്രട്ടറി . മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡി. വിനയചന്ദ്രന്റെ മാര്‍ഗ നിര്‍ദേശത്തില്‍ നടത്തിയ നാടക ഗവേഷണത്തിന് ഡോക്ടറേറ്റ്. ഭാരതീയ വിദ്യാഭവനില്‍ നിന്ന് പോസ്റ്റ് ഗ്രാഡൂവേറ്റ് ഡിപ്ലമ ഇന്‍ ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍സ്. ബോർഡ് ഓഫ് സ്റ്റ്ഡീസ് മെമ്പർ, എം. ജി യൂണിവേഴ്സിറ്റി.

its raining

പ്രവീൺ കുമാർ


മഴ
മടി
ഉറക്കം
മഴ-മഴ-ഴ-
*********

മഴ ഒരവിവാഹിതനേപ്പോലെയാണ്‌.അടുക്കും ചിട്ടയുമില്ലാതെ,തോന്നിയ നേരങ്ങളില്‍ തോന്നിയ രാഗങ്ങളില്‍ അതു പെയ്തിറങ്ങിപ്പോയേക്കാം,നഷ്ടപ്പെട്ടതെന്തോ തിരയുമ്പോലെ ചാഞ്ഞും ചെരിഞ്ഞും അത്‌ പെയ്തൊഴിഞ്ഞേക്കാംകേവലം കണ്ണീരായി അത്‌ ഭൂമിയിലേക്കിറങ്ങുന്നു.ഓര്‍മ്മകളുടെ മഴപ്പാടുകള്‍ മായ്ച്ചുകൊണ്ട്‌,പുതിയ മഴച്ചിത്രങ്ങല്‍ നെയ്തുകൊണ്ട്‌,പിന്നേയും പിന്നേയും അത്‌ പെയ്ത്‌തോരുന്നു.ബാല്യത്തിലെ മഴയ്ക്‌ ചൂരല്‍പ്പാടിന്റെ നോവാണ്‌.പതിവിന്‍പടി ക്ലാസ്സില്‍ വൈകിയെത്തുന്നു.മാഷിന്റെ ചൂരലറ്റത്തുനിന്നു വിറയ്കുമ്പോള്‍"എന്താടാ വൈകിയത്‌?"വിതുമ്പിയാണുത്തരം"മഴയില്‍....കുഴിയില്‍..വീണോയി....."ക്ലാസ്സിലെ കൂട്ടപ്പൊരിയില്‍ ഞാനും....പിന്നെ മഴ വില്ലനാകുന്നു.അടുത്തവീട്ടിലെ ശാന്തേടത്തി പറഞ്ഞു തന്ന കഥയില്‍ മഴയ്ക്‌ കീരിക്കാടന്‍ ജോസിന്റെ മുഖം.ആ മണ്ണാംകട്ടയും കരിയിലയും അന്ന് മര്യാദയ്ക്ക്‌....അപ്പോഴാണ്‌ മഴ വന്നത്‌മഴയ്ക്കൊപ്പം ഞാനും വളര്‍ന്നു.അപ്പോഴും ടിയാന്‍ എന്നോട്‌ ഇണങ്ങിയില്ല.വിളിയ്കാത്ത നേരത്ത്‌ കയറിവന്ന് വിമര്‍ശിക്കുന്ന അവധൂതനായ ചങ്ങാതിയായിരുന്നു മഴ.പനിക്കാലങ്ങള്‍ പുതപ്പിനുള്ളില്‍ ചുമച്ചു തീര്‍ന്നു.നിലച്ച ക്ലോക്ക്‌ പോലെ എല്ലാ മഴക്കാലത്തും ഞാന്‍ നിശ്ചലനായിരുന്നു.എനിക്ക്‌ മീശ വന്നു(അവിടെ മഴ തോറ്റു!!)പതിയെ, പുതിയ പുസ്തകത്തിന്റെ മണത്തിനൊപ്പം പുതുമഴയുടെ ഗന്ധവും ഹരമായി.ഈയാമ്പാറ്റകള്‍കൊപ്പം ഞാനും ആ വെള്ളിനൂലുകള്‍ പിടിച്ചുകയറിപ്പോകാന്‍ കൊതിച്ചു.ഒരു മഴയ്കൊപ്പം അവളും കയറിവന്നു,എന്റെ കുടക്കീഴിലേയ്ക്ക്‌.ഒരുമിച്ച്‌ ബസ്സ്റ്റാന്റിലേയ്ക്‌ നടന്നു.കുടമുകളില്‍ മഴ കുട്ടന്‍ മാരാരായി.കഴുത്തിലെ പച്ച ഞരമ്പിലൂടെ മഴ ഇറങ്ങിപ്പോയത്‌ ഞാന്‍ കണ്ടു നിന്നു.എനിക്കൊപ്പം മഴയും കൗമാരം ആഘോഷിച്ചു.ആ കണ്ണിലേയ്ക്ക്‌ എനിക്കൊപ്പം മഴയും ഇറങ്ങിവന്നു.ഒരു പെരുമഴക്കാലം അങ്ങിനെ തീര്‍ന്നുഇന്ന് മഴത്താളം അവതാളത്തിലായിരിക്കുന്നുമഴമാറി മരം പെയ്തുതുടങ്ങിയിരിക്കുന്നു..എനിക്കറിയാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചിരുന്ന കൃഷ്ണന്‍ കുട്ടി മാഷെപ്പോലെയായിരിക്കുന്നു ഇന്ന് മഴ.കുടയെടുക്കാത്തപ്പോള്‍ മാത്രം പേപിടിച്ചെത്തുന്നു.ഇവിടെ എറണാ"കുള"ത്തില്‍ ഞാന്‍ നീന്തിത്തീരുന്നുഒരവിവാഹിതന്റെ സ്ത്രീസ്വപ്നങ്ങളില്‍ മഴയുണ്ട്‌.തിരക്കിനിടയില്‍ കുട നിവര്‍ത്താന്‍ വൈകുന്ന ഒരു നിമിഷത്തിന്റെ പകുതിയില്‍ വലിച്ചുകയറ്റിയ സാരിത്തുമ്പിനടിയിലൂടെ കാണുന്ന കണംകാലില്‍ മുടിയിഴകളില്‍ ഞാനും മഴയും ജീവിതം ആഘോഷിക്കുന്നു.രാത്രിമഴയായി പെയ്തു തോരുന്നുബാറിലെ നേര്‍ത്ത വെളിച്ചവും താളം തെറ്റിയ കഥപറച്ചിലുകളും.ജനാലയ്ക്കരുകില്‍ ചില്ല് ഗ്ലാസ്സിലെ കണ്ണീര്‍പ്പാടിലൂടെ അപഥസഞ്ചാരം തുടരുമ്പോള്‍ പുറത്ത്‌ മഴച്ചില്ലുകള്‍ പൊട്ടിച്ചിതറുന്നു.മഴക്കാലത്തിന്റെ പെരുംകളിയാട്ടതിന്‌,എങ്കിലും,ഞാന്‍ കാത്തിരിക്കുന്നു2009 ജൂണ്‍-മഴ ഇപ്പോള്‍ ആറാംകാലത്തിലാണ്‌.കാറ്റിന്റെ ചിറകേറി പഴയ ഓര്‍മ്മകള്‍ക്ക്‌ ഗന്ധമായി രൂപമായി നിശ്ശബ്ദമായ പൊട്ടിച്ചിതറലുകളായി. പാഞ്ഞെത്തി പെയ്തു തീരുന്നു.പെരുമഴയിലേയ്കിറങ്ങി ഞാന്‍ ജ്ഞാന സ്നാനം ചെയ്തു നിവരുന്നു.മഴയ്ക്ക്‌ അപ്പോള്‍ കറുത്ത നിറം.കറുത്തകാലത്തിപ്പോള്‍ ചിത്രമെന്താകും?പച്ച ഞരമ്പില്‍ ഇപ്പോള്‍ മറ്റേതോ രക്തം ഏതു ഗാനമാകാം ആടിത്തീര്‍ക്കുന്നത്‌? സര്‍,ഞാനിങ്ങനേയും ആരൊക്കെയോ അങ്ങിനേയും.ഈ രണ്ട്‌ ഷോട്ടുകളും ഒറ്റ ഫ്രെയിമിലാക്കാന്‍ ഞാനെവിടെയാണ്‌ ക്യാമറ
വയ്ക്കേണ്ടത്‌?


പ്രവീൺ കുമാർ
ബ്ലോഗർ - http://avivaahithan.blogspot.com/

Monday, August 2, 2010

ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് വിടവാങ്ങല്‍ പ്രഭാഷണം



വിവർത്തനം - ഡോ. മുഞ്ഞിനാട് പത്മകുമാര്‍

നോക്കൂ, നിശബ്ദതയില്‍ നിന്ന് ഒഴുകി വരുന്ന വെളിച്ചത്തിന്റെ ഒരു ചലനം.അതിന്റെ ചിറകുകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കറുത്തപൊട്ടുകള്‍. രാത്രിശലഭങ്ങളാണ് അതെന്ന് എനിക്കറിയാം. അനന്തമായ ഭൂതകാലത്തു നിന്ന് അനന്തമായ ഭാവിയിലേക്കതു ചിറകുവയ്ക്കുന്നു. ദൈവം ഇതെല്ലാം നിശബ്ദം കണ്ടുനില്‍ക്കുന്നുണ്ട്. ദൈവം ഒരു നിമിഷം എനിക്ക് ലഭ്യമായ പാരിതോഷികങ്ങള്‍ വിസ്മരിക്കുകയും അടുത്ത നിമിഷം എന്റെ മുന്നിലേക്ക് സുഭദ്രമായൊരു ജീവിതം വച്ചു നീട്ടുകയും ചെയ്താല്‍ - അതൊരു പൂര്‍ണ്ണവാക്യമോ സ്വപ്നമോ അല്ലെന്ന് എനിക്കറിയാം. ഞാനൊന്ന് പറയട്ടെ- ദൈവം എനിക്കായി വച്ചുനീട്ടുന്ന കാലം അതെനിക്ക്‌ലഭിക്കുന്ന അപൂര്‍വ ബഹുമതിതന്നെയായിരിക്കും. ആ കാലം മഹത്തായ കര്‍മ്മങ്ങള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കും. മനസ്സില്‍ പൊട്ടിമുളക്കുന്നതെന്തും അപ്പോള്‍ ഞാന്‍ നിഗൂഢമായി സൂക്ഷിക്കുകയും അനശ്വരമെന്നുതോന്നുവ മാത്രമെടുത്ത് നടുകയും ചെയ്യും. എനിക്കറിയാം, എന്റെ ചിന്തയുടെ സദ്ഫലങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കാത്തിരിക്കുന്നുണ്ടെന്ന്.

ദൈവം എനിക്ക് കുറച്ചുനാള്‍കൂടി അനുവദിച്ചു തരുന്നുവെങ്കില്‍ ഞാന്‍ തുറന്നുപറയട്ടെ, അതിലളിതമായി വസ്ത്രം ധരിച്ച് ഈ പ്രചണ്ഡപ്രകാശത്തിനു മുമ്പില്‍ ഞാന്‍ നിന്നുകൊള്ളാം. അതെന്റെ ആത്മസമര്‍പ്പണമാണ്. എന്റെ നഗ്ന ശരീരത്തില്‍ പ്രകാശത്തിന്റെ അവസാന ചുംബനം വീണലിയും വരെ ഞാന്‍ നന്ദിയോടെ കാലത്തെ നമസ്‌കരിച്ചു നില്‍ക്കും.ആത്മസമര്‍പ്പണത്തിന്റെ ഉദാത്ത നിമിഷങ്ങളായിരിക്കുമത്.

ഒന്നു പുഞ്ചിരിക്കുമ്പോള്‍ ഒന്നു ചുംബിക്കുമ്പോള്‍, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. നമ്മുടെ ഉള്ളില്‍ ആനന്ദത്തിനു ചിറകുകള്‍ മുളയ്ക്കുന്നു. പക്ഷേ ആ ഒരു നിമിഷം നിങ്ങള്‍ പാഴാക്കികളഞ്ഞു എന്നു കരുതുക. അല്ലെങ്കില്‍, തിരക്കിനും ബഹളത്തിനുമിടയില്‍ ആ നല്ല നിമിഷത്തെ നിങ്ങള്‍ വിസ്മരിച്ചു എന്നു കരുതുക. അതൊരിക്കലും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനാവുകയില്ല. സങ്കടത്തിന്റെ പര്യായപദങ്ങളിലൊന്നായി നിങ്ങള്‍ മാറും എന്നെനിക്കുറപ്പുണ്ട്്. പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ നോക്കി നിങ്ങള്‍ പുഞ്ചിരിക്കുക, അല്ലെങ്കിലൊന്ന് ചുംബിക്കുക.

കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ ചിറകുകള്‍ നല്‍കുന്നതായിരിക്കും. അതവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് എനിക്കറിയാം. അവരെ ഞാന്‍ സ്വതന്ത്രരായി പറക്കാന്‍ അനുവദിക്കും. പക്ഷേ, പറക്കാനുള്ള സാമര്‍ത്ഥ്യം അവര്‍ സ്വയം പരിശീലിച്ചു പഠിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.



നിങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചവ എണ്ണിയെണ്ണി പറയാം. ഓര്‍മ്മയുടെ നദിയില്‍ നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കികൂട്ടുംപോലെ എനിക്കത് എളുപ്പമാണ്. എല്ലാവര്‍ക്കും പര്‍വ്വതശിഖരങ്ങളില്‍ കൂടുകൂട്ടാനാണ് ഇഷ്ടം. പക്ഷേ, അവര്‍ക്കൊന്നറിയില്ലല്ലോ. പര്‍വ്വതശിഖരങ്ങളിലേക്കുള്ള വഴികളും അതിലെത്തിച്ചേരാനുള്ള മിടുക്കുമാണ് യഥാര്‍ത്ഥ ആനന്ദമെന്ന്. എന്റെ പാഠങ്ങള്‍ ഇപ്പോഴും നല്ല വെളിച്ചം വീണു കിടക്കുന്ന വഴികളാണ്. ആനന്ദത്തിന്റെ പ്രലോഭനങ്ങളില്‍ നിന്ന് ഞാനിപ്പോഴും ഒഴിഞ്ഞുമാറി നടക്കുന്നു.

നിങ്ങളുടെ മനസ്സില്‍ പൊട്ടിമുളയ്ക്കുന്നതെന്തും- അതാണ് ഒരു സദസ്സിനുമുന്നില്‍നിന്നുകൊണ്ട് വിളിച്ചു പറയേണ്ടതെന്ന് എനിക്ക് തോന്നുന്നു. അവിടെ നിര്‍വികാരരായി നില്‍ക്കുന്ന നിങ്ങളുടെ വിചാരങ്ങള്‍ക്ക് ഒരു സാദ്ധ്യതയും സൗന്ദര്യവുമില്ല.

മരണത്തിന്റെ വരവ്- അത് നമുക്കാര്‍ക്കും സങ്കല്‍പിക്കാനാവില്ല. അതുകൊണ്ട് മരണത്തിന്റെ വരവിനെപ്പറ്റിയുള്ള നമ്മുടെ തലതിരിഞ്ഞ ചിന്തയെല്ലാം തല്‍ക്കാലം വഴിയില്‍ ഉപേക്ഷിക്കാം. ഒരു കാര്യത്തില്‍ എനിക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ട് തന്നെ എനിക്കത് നിങ്ങളോട് ഉറക്കെപ്പറയാനുമാകും. മരണം കടന്നുവരുന്നത് ഒരിക്കലും നിങ്ങളുടെ പ്രായത്തിനൊപ്പമായിരിക്കില്ല. ഓര്‍മ്മകള്‍ പൊടിഞ്ഞു പൊടിഞ്ഞു പോകുന്ന ഒരവസ്ഥയുണ്ട്. ഓര്‍മ്മയുടെ അവസാനകോശത്തിനും ഇത്തരമൊരവസ്ഥയുണ്ടാകുമ്പോള്‍ മരണം വരുന്നു. അപ്പോള്‍ മാത്രമായിരിക്കാം മരണത്തിന്റെ വഴികള്‍ തെളിയുന്നതെന്ന് നമുക്ക് ചിന്തിച്ചുറപ്പിക്കാം.

മറ്റൊന്നു കൂടി പറയട്ടെ, നാളയെക്കുറിച്ച് എന്താണ് നിങ്ങള്‍ക്കറിവുള്ളത്. നിങ്ങള്‍ ഏതു പ്രായക്കാരും ഏതു ദേശക്കാരുമാകട്ടെ, നാളയെ നിങ്ങള്‍ എങ്ങനെയാണ് ചിന്തിച്ചുറപ്പിക്കുന്നത്. നിങ്ങള്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരെ കാണാന്‍ ഒരു നിമിഷം അനുവദിച്ചു കിട്ടിയാല്‍, ആ ഒരു നിമിഷത്തിന്റെ ധന്യത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ അതിവേഗം പ്രിയപ്പെട്ടവരുടെ അടുക്കല്‍ എത്തിച്ചേരുക. ആ ഒരു നിമിഷം പിന്നീടൊരിക്കലും വരണമെന്നില്ല.

ഞാനൊരു വിചിത്ര മനുഷ്യനാണെന്ന് എനിക്കുതന്നെ തോന്നാറുണ്ട്. നോക്കൂ,ആകാശം ദിവ്യപ്രകാശത്താല്‍ ഉന്മേഷമാകും മുന്‍പേ ഞാനെഴുന്നേല്‍ക്കുന്നു.അപ്പോള്‍ എന്റെ പ്രിയപ്പെട്ട നിങ്ങളോരോരുത്തരും നല്ല നിദ്രയിലായിരിക്കും. നിങ്ങള്‍ അവസാനിപ്പിച്ചിടത്തു നിന്നായിരിക്കും ഞാന്‍ തുടങ്ങുക. ഋതുക്കളില്‍ അങ്ങനെയൊരു പുനര്‍വായനയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നദികള്‍ക്കിങ്ങനെയൊരു മനസ്സുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അത്യന്തം വിചിത്രമായൊരു ഉയര്‍ച്ചയും ആരംഭവുമാണ് എന്റേത്.

നിങ്ങളെ ഞാന്‍ കണ്ടെത്തുന്നത് എന്റെ അവസാന നിമിഷങ്ങളിലാണെന്ന് സങ്കല്‍പ്പിക്കുക. ഭയപ്പെടേണ്ടതില്ല. എന്നെക്കുറിച്ച് വ്യാകുലപ്പെടുകയൊന്നും വേണ്ട. നിങ്ങളോട് ഞാനിപ്പോള്‍ ഒരു കാര്യം മാത്രം പറയുന്നു. സുഹൃത്തേ, ഞാന്‍ നിങ്ങളെ അഗാധമായി സ്‌നേഹിക്കുന്നു.

സ്‌നേഹത്തില്‍ നിന്നൊരാള്‍ക്ക് വിരമിക്കാനാകുമോ? വാര്‍ദ്ധക്യമെത്തുമ്പോള്‍ പരിചിതമായ സ്‌നേഹ സുഗന്ധങ്ങള്‍ ഒന്നൊന്നായി വിട്ടുപോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഭയപ്പെടും മുന്‍പ് ഞാന്‍ നിന്നെ അതിയായി സ്‌നേഹിക്കുന്നു, സ്‌നേഹിക്കുന്നു എന്നു വിളിച്ചു പറയാന്‍ ധൈര്യപ്പെട്ടിരുന്നു. നിങ്ങള്‍ സ്‌നേഹിക്കാന്‍ വേണ്ടി, സ്‌നേഹിക്കപ്പെടാന്‍ വേണ്ടി ദാഹിച്ചിരുന്നവരാണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
മൂല്യം എന്ന പദത്തിന് പഴക്കമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാര്യങ്ങളെ ഞാന്‍ സമീപിക്കുന്നത് അഥവാ സ്വീകരിക്കുന്നത് ഒരിക്കലും മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ല. ഏതുകാര്യത്തിന്റെയും ആഴങ്ങളില്‍ ആശയത്തിന്റെ ഒരൊഴുക്ക് കണ്ടെത്താനാകും. ഞാനാ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യം രേഖപ്പെടുത്തുന്നത്.

എന്നെപ്പോലൊരാള്‍ പഠിച്ചു, പഠിച്ചു എന്നു പറയുമ്പോള്‍ അതിലൊരു ഭംഗിക്കുറവ് ഉള്ളതുപോലെ തോന്നും. പക്ഷേ, ഭംഗിയോ അഭംഗിയോ അതെന്തുമാകട്ടെ, പഠിച്ചു എന്നതാണ് നേര്. അതിപ്പോഴും തുടരുന്നു. പഠിക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മനസ്സിലുണ്ടാകും. നമ്മുടെ ഉത്തരങ്ങള്‍ ചിലപ്പോള്‍ ക്ഷണികമോ ദൈര്‍ഘ്യമേറിയതോ ആയിരിക്കും. പഠിച്ചതില്‍ നിന്ന് എനിക്ക് പറയാവുന്ന ഒരു നിര്‍വചനമുണ്ട്. അറിയുന്നതു മാത്രം സദസ്സിനു മുന്‍പിലായി നിന്നു വിളിച്ചു പറയുക. ചിന്തയില്‍ രൂപപ്പെട്ടതുമാത്രം ചെയ്യാന്‍ ശ്രമിക്കുക.

സ്‌നേഹിതരെ കാണുമ്പോള്‍ ഞാനെന്നെ മറന്നുപോകാറാണ് പതിവ്. അവരുമായി സംസാരിക്കുമ്പോള്‍ കണ്ണുകള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍, വിരലുകളിലൂടെ വല്ലാത്തൊരു തരിപ്പ് എനിക്കനുഭവപ്പെടാറുണ്ട്. എനിക്കറിയാം, സുഹൃത്ത് അടുത്ത നിമിഷം റെസ്റ്റോറന്റില്‍ നിന്ന് അല്ലെങ്കില്‍ ഹാളില്‍നിന്ന്പുറത്തു പോയേക്കാം. ഒരു പക്ഷേ, ഇനിയൊരിക്കലും അദ്ദേഹത്തെ കണ്ടുമുട്ടി എന്നുവരാം. പക്ഷേ, എനിക്ക് അനുവദിച്ചു കിട്ടിയ ഈ നിമിഷത്തിനു ഞാനെന്തു സമ്മാനം കൊടുത്താണ് നന്ദിപറയേണ്ടത്.

വിഷാദം ബാധിച്ച വാക്കുകളോട് എനിക്കെന്നും പകയുണ്ടായിരുന്നു. വാക്ക് ഒരാത്മപ്രകാശത്തിന്റെ സാന്നിദ്ധ്യമാകണം. സുഹൃത്തുക്കളുടെ കേള്‍വിയിലേക്കത് തിളച്ച ലോഹം പോലെ ഉരുകി വീഴരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. നിങ്ങളൊരു നല്ല വാക്കെഴുതുമ്പോള്‍, നിങ്ങളൊരു നല്ല കവിത എഴുതിക്കഴിഞ്ഞു എന്നു പറയാറുള്ളത് ഞാനോര്‍ത്തു പോകുന്നു. നല്ല വാക്കുകളുമായി നിങ്ങള്‍ മേയാനിറങ്ങുക. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങളുടെ പാവനമായ ആത്മാവിന്റെ കാവല്‍മാലാഖയാകാന്‍ എനിക്കൊരവസരം തരിക. ഞാനത്  പൂര്‍ത്തീകരിച്ചുകൊള്ളാം. നിങ്ങളുടെ പ്രാര്‍ത്ഥനകളുമായി ഞാന്‍ ദിവ്യ സന്നിധിയിലേക്ക് നീങ്ങാം. ആ നിമിഷം ഇന്നാണെന്ന് ഞാനറിയുമ്പോള്‍, കര്‍ത്താവിനു മുന്‍പില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുകയായിരിക്കും, തീര്‍ച്ചയായിരിക്കും.

ഒരു മഴക്കാല ഡയറിക്കുറിപ്പ്.

വി. എം ജോസ്

മഴക്കാലം ഒരു ഉള്‍വിറയലായി പടര്‍ന്നു. ആകാശത്തിന്റെ അതിരുകളിലെല്ലാം അതിന്റെ കറുത്ത കണ്ണുകള്‍ മേഞ്ഞു നടന്നു.  എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാവുന്ന അവസ്ഥ.  ഒരു ചെറുകാറ്റ് ഉഷ്ണത്തിന്റെ ഒരു ചുവടുമാറ്റം.  ഈ വരള്‍ച്ചയുടെ അന്ത്യമായേക്കാം.  എനിക്ക് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല.  പെയ്തുവരുന്ന മഴയുടെ രൂപഭാവങ്ങള്‍ നോക്കിയിരിക്കുക എന്നതാണല്ലോ എന്റെ കടമ.  അതിന്റെ സ്വരം, സ്ഥാനം അതു മൂലമുണ്ടാകുന്ന രാസമാറ്റങ്ങള്‍, ജൈവവ്യൂഹത്തിന്റെ പുതിയ ഞാണൊലികള്‍ ഇങ്ങനെ ധാരാളം വകുപ്പുകളും ഉപവകുപ്പുകളും ചേര്‍ന്നുള്ള ഭരണഘടന തന്നെയാണല്ലോ ഈ മഴപ്പുസ്തകം. എന്റെ കൈ വിറങ്ങളിലച്ചിരിക്കുകയാണ്.  വെള്ളത്തിന്റെ അലര്‍ച്ചയും നെഞ്ചത്തിടിച്ചുള്ള ആള്‍ക്കുരങ്ങിന്റെ വരവും പോലെ ഞാനതിന്റെ വരവിനെക്കാത്തിരിക്കുന്നു. എന്നാല്‍ എനിക്കാദൃശ്യത്തെ, പ്രിയംകരമായ മണ്ണിന്റെ ഗന്ധത്തെ നിര്‍മ്മിച്ചെടുക്കാന്‍ വാക്കുകളില്ല.  എന്റെ വിരലുകളിലും വേനലാണ്.  ശൈത്യവും വേനലുംമാറി മാറി അനുഭവിക്കുന്ന ഒന്ന്, നിഷ്‌ക്രിയതയുടെ പര്‍വ്വതങ്ങളില്‍ ഞാന്‍ തടവുകാരനാണ്.  കഠിനമായൊരു ദുഃഖം അവസാനിക്കാത്ത വേനല്‍പോലെയാണ്.  വരണ്ട മണ്‍കലങ്ങള്‍ ദാവിച്ചു മാനത്തേക്കുനോക്കിയിരിക്കുന്ന ഒരു ഗ്രാമം ഓര്‍ക്കുന്നുണ്ടോ?  നിങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് അതുപോലൊരു ഗ്രാമംകാണുമായിരിക്കും.   അന്നൊന്നും വാക്കുകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. ഒരു ചുണ്ടങ്ങയില്‍, പീരപ്പെട്ടിക്കായില്‍, മഴയേറ്റു നനഞ്ഞിരുണ്ട പൊന്തക്കാടുകളില്‍, ഇരുളും മഴയും ആര്‍ത്തു താളമിടുന്ന എത്രയോ ദിനങ്ങള്‍. പോയി അവയെല്ലാം പോയി.  കഴിഞ്ഞ രാത്രിയിലെ ഒരു സ്വപ്നം ഞാന്‍ നിങ്ങളോട് പറയാം.  തന്ത്രങ്ങളില്ലാതെ, കഥയുടെ വളച്ചുകെട്ടലുകളില്ലാതെ, ഈ ഉള്‍വിറയലില്‍ നിന്ന് ഉരുത്തിരിയുന്ന വാക്കുകളില്‍ ഞാന്‍ തന്നെ പറയാം.  ഞാന്‍ ഒരു ശവത്തിന് ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു. മുറിക്കുള്ളില്‍ ഉറങ്ങാതെ ചരമഗീതങ്ങളാലപിക്കുന്നവരുടെ സംഘം.  മുറ്റത്തൊരു കസേരയില്‍ ഉറങ്ങിയും ഉറങ്ങാതെയും ഇരിക്കുന്ന എന്റെ ശരീരം.  ആരുടെ ശവമായിരുന്നു, ചിലപ്പോളൊരു മദ്ധ്യവയസ്‌ക്കന്റെ, അതുമല്ലെങ്കില്‍ അമ്പതുവയസ്സുള്ള ഒരു സ്ത്രീയുടെ, ആരുടേതുമാകട്ടെ ഞാനതിന് അരികിലിരുന്നു.  എന്റെ മനോവ്യാപാരങ്ങള്‍ എന്തെന്ന് വ്യാഖ്യാനിച്ചെടുക്കാന്‍ ശ്രമിച്ചു.  ആര്‍ക്കും രക്ഷപ്പെടാനാവാത്ത ഒരു വഴിയുടെ വിളി, കീഴടങ്ങലിന്റെ, ചെറുത്തുനില്പിന്റെ, അശാന്തിയുടെ പരമമായ ശാന്തിയുടെ ഒക്കെ നിരവധി ഇതിഹാസങ്ങള്‍ ശരത്തിന് ചുറ്റും ഈയലുകളായി പറന്നുപൊന്തി.  ട്യൂബ് ലൈറ്റിന്റെ വെട്ടത്തില്‍ അവ പറന്നുപൊങ്ങി.  രാത്രി പൊടുന്നനവെ മഴയായി മാറി.  മഴയുടെ നിലയ്ക്കാത്ത ധാര.  വീശിവരുന്ന ശീതക്കാറ്റ്.  ഞാന്‍ വിറങ്ങലിച്ചു.  എന്റെ പാതിയുറക്കം നിറയെ ഈയലുകള്‍. എന്തിനാണ് ഞാനിവയൊക്കെ ആലോചിക്കുന്നത്?  മഴയെയും രാത്രിയേയും ശവത്തെയുമൊക്കെ ഉള്‍ക്കൊള്ളുന്ന ജീവിതത്തിന്റെ ഒരു ഉന്നതശിഖിരം ഞാനെന്തുകൊണ്ട് സങ്കല്പിക്കുന്നില്ല.   എന്തിനാണെന്റെ വഴിയില്‍ ഈ പൊള്ളുന്ന കനലുകള്‍ നിരന്നു കിടക്കുന്നത്.  എന്തിനാണെന്റെ നെഞ്ചകം പിടയ്ക്കുന്നത് ? ബാലിശമായി, യാതൊരു പാകതയുമില്ലാത്തവനെപ്പോലെ, നിലവിളികള്‍ എന്റെ കഴുത്തില്‍ കുറുക്കുന്നതു. ഇതെല്ലാമെഴുതുമ്പോള്‍ എനിക്ക് പ്രതിഭയില്ല, പ്രചോദനമില്ല.  വേച്ചുവേച്ചു മുന്നോട്ടു വരുന്ന വാക്കുകളുടെ ചിലന്തിവലയില്‍ ഞാനേതൊരു തിമിംഗലത്തെയാണ് വേട്ടയാടുന്നത് ഞാനെന്തൊരു നികൃഷ്ടകീടമാണ്.



ഒരു നിമിഷം ഉറക്കമിളച്ചിരിക്കുന്നവരുടെ ഗാനം എന്നെ ഉണര്‍ത്തി.  ജീവിത്തെയും മരണത്തെയും പറ്റി ദാര്‍ശനികതയും കാല്പനികതയും തികഞ്ഞ ഈരടികള്‍.  അവയുടെ ഉദാത്തമായ ശോകഭാവ മഴയിരമ്പല്‍ അല്പം ശമിച്ച വായുവില്‍ പടര്‍ന്നു.  ഗാനം ഒരു ദുഃഖഗോപുരമായി.  മനഷ്യര്‍ നിരന്തരം കയറിയിറങ്ങുന്ന ഏകാന്തതയുടെ വിറങ്ങളിച്ച ഗോപുരം മഴയും, വേനലും അതിന്റെ അരികുകള്‍ രാകി മിനുക്കിയിരിക്കുന്നു.

ഉറക്കത്തിന്റെ സാന്ത്വനം മുറപ്പെടുത്തിയ ഈ സ്വപ്നത്തില്‍ നിന്ന് ഞാനുണര്‍ന്നു.  രാത്രിയുടെ തേര്‍വാഴ്ച തുടരുകയായിരുന്നു.  കാലത്തിന്റെ മിടിക്കുന്ന ഹൃദയം നിര്‍മ്മലമായി നോക്കിയിരിക്കുന്ന ഋതുപ്പകര്‍ച്ചകള്‍.  ഒരു മഴയുടെ വരവും പെയ്‌തൊടുങ്ങലും പോലെ മാഞ്ഞുപോകുന്ന ജന്മങ്ങള്‍.  സുഖത്തില്‍ മുഴുകി മുഴുകി ചിലവ. ദുഃഖത്തിന്റെ പര്‍വ്വതങ്ങല്‍ മാത്രം കണ്ടു മടങ്ങുന്ന മറ്റു ചിലത്.

രാത്രിയുടെ തണുത്ത നനഞ്ഞ മണ്ണിലേക്ക് ഞാന്‍ സാവധാനം ചവിട്ടി.  ഇപ്പോള്‍ മഴ ശമിച്ചിരുന്നു.   ഇടതൂര്‍ന്ന മരങ്ങളില്‍ നിന്നും കാറ്റടിക്കുമ്പോള്‍ മഴ പെയ്തുകൊണ്ടിരുന്നു. എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടക്കുവാന്‍ തുടങ്ങി. എന്റെ ശരീരം ശീതക്കാറ്റില്‍ വിറച്ചു.  രാത്രിയുടെ കരുണയും അനുഗ്രഹവും എവിടെ?  എവിടെയാണീ ജന്മത്തിന്റെ ഗൂഢമായ പൊരുള്‍?  ഞാന്‍ ആകാശത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി.  എന്റെ ചോദ്യം അന്തരീക്ഷമേറ്റുവാങ്ങി. ഇരുട്ടിന്റെ അടരുകള്‍ക്കു മുകളില്‍ നക്ഷത്രങ്ങളിപ്പോഴും ജ്വലിക്കുന്നതു കാണും.  ഞാന്‍ നടന്നു കൊണ്ടേയിരുന്നു.  മണ്ണില്‍ നിന്നും പെരുവിരല്‍ വഴി കയറി ശിരസ്സിലെത്തുന്ന ആ സന്ദേശത്തിന് എന്റെ സത്ത മുഴുവന്‍ ചെവിയോര്‍ത്തു.  ഇപ്പോള് ചെയ്യുവാനുള്ളതു ആകുലപ്പെടുകയെന്നതല്ലെന്ന് എന്റെ അന്തരാത്മാവ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.  കഷ്ടരാത്രികളോട് സമരസപ്പെടുക.  നിര്‍മ്മലമായി രാത്രികളെ അതിജീവിക്കുക. ഉള്ളം പിടയുമ്പോള്‍, വേദനയുടെ വിങ്ങലുകള്‍ മനസ്സില്‍ നിറയുമ്പോള്‍ നടക്കുക.  നടന്നുകൊണ്ടേയിരിക്കുക.  ഇരുളിന്റെ അന്തമില്ലാത്ത ഈ രാജ്യപരിധിയിലെങ്ങോ നനഞ്ഞ തൂവലുകള്‍ക്കുള്ളില്‍ വിറച്ചും കൊണ്ട് ഒരു പക്ഷിയുടെ ഹൃദയം വരാനിരിക്കുന്നവെളിച്ചത്തെ സ്വപ്നംകണ്ട് മിടിക്കുന്നുണ്ടാവണം.  രാപകലുകള്‍ക്കും ജനനമരണങ്ങള്‍ക്കും വര്‍ഷക്കാലങ്ങള്‍ക്കും വേനല്‍ക്കാലങ്ങള്‍ക്കും അതീതമായ, നിരന്തരമായി കാത്തിരിക്കുന്ന ഒരു പാവം ഹൃദയം.

അകലെ വെളിച്ചം, തെരുവിന്റെ മാത്രമായ മറ്റൊരു രാത്രി. തട്ടുകടയില്‍ ദോശയുടെ ഗന്ധം.  ഉറക്കച്ചടവില്ലാത്തതും വഴിയില്‍ നനഞ്ഞതുമായ വഴിപോക്കരുടെ മുഖങ്ങള്‍.  പാളിവീഴുന്ന നിഴലും വെളിച്ചവും. രാത്രിയുടെ ആത്മാവില്‍ നിന്ന് മറ്റൊരു ഗാനമുയരുന്നു.  ചലനത്തെയും വെളിച്ചത്തെയും സൂചിപ്പിക്കുന്ന ഒന്ന്.  നദിയുടെ നിരവധി കൈവഴികള്‍പോലെയും ഒരു മഹാവൃക്ഷത്തിന്റെ ശാഖകള്‍പോലെയും പടരുന്ന ഒരുഗാനം.  അതിന്റെ ഒരു ശീല്‍ എന്നിലേക്ക് പാറിവന്നു.  എന്റെ സത്തയത്രയും അതില്‍ മുഴുക്കി സ്വന്തം നിസ്സാരതയുടെ അറിവില്‍ ജ്ഞാനസ്‌നാനം ചെയ്തു.  ചൂടുള്ള ദോശ കഴിക്കവെ നിരവധി നാദങ്ങളായി ആ വാക്കുകള്‍ എന്നെ ശാന്തനാക്കി.  നടക്കുക നടന്നുകൊണ്ടേയിരിക്കുക ഗാനം എന്നോട് പറഞ്ഞു.

ശതാബ്ദിയുടെ നിറവില്‍ ഐതിഹ്യമാല

സുനു രാജേഷ്

കേരളത്തനിമയുടെ ഉദാത്തഭാവങ്ങള്‍ ആവാഹിച്ചു പുരാവൃത്തത്തിന്റെ കതിരുകളിലേക്ക് പകര്‍ത്തുകയായിരുന്നു. 'ഐതിഹ്യമാല'യിലൂടെ കൊട്ടാരത്തില്‍ ശങ്കുണ്ണിയെന്ന പ്രതിഭാധനന്‍. ബൃഹത്തായ ആ കൃതിയുടെ ശതാബ്ദിയാണ് ഈ വര്‍ഷം. വായിച്ചാലും വായിച്ചാലും മതിവരാത്ത ഒരു അസാധാരണ രചനയാണ് ഐതിഹ്യമാലക്കാരന്‍ കൈരളിയുടെ ഹൃദയത്തില്‍ പകര്‍ന്നിട്ടത്.
ഉടനീളം മലയാളമണ്ണിന്റെ ഗന്ധം പരത്തുന്ന ഐതിഹ്യമാലയെപ്പോലെ ഒരു മഹത്ഗ്രന്ഥം സഹസ്രാബ്ദങ്ങളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അക്ഷരപ്രതിഭാസമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

തുഞ്ചത്താചാര്യന്റെ പൈങ്കിളിയും കുഞ്ചന്‍നമ്പ്യരുടെ മിഴാവും പഞ്ചവാദ്യത്തിന്റെ നാദവിസ്മയവും ദീപാരാധനയുടെ വര്‍ണരാജിയുമെല്ലാം ആത്മാവിലേക്ക് നേദിച്ചുകൊണ്ടുള്ള ആഖ്യാന ശൈലി - ഐതിഹ്യമാലക്കുമാത്രം അവകാശപ്പെടാനാകുന്ന ഒരു മഹത്വമാണതെന്ന് നിരൂപകര്‍ ഏകസ്വരത്തില്‍ വിളംബരം ചെയ്യുന്നു.

പുരാവൃത്തങ്ങളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊളിയിട്ടുകൊണ്ട് ഗ്രന്ഥകര്‍ത്താവ് തപ്പിയെടുത്തു കാണിക്കുന്ന ജീവസ്സുറ്റ ചിത്രങ്ങള്‍ അനുവാചകന് കുതുഹലത്തിന്റെ അപരിചിതമായ എന്നാല്‍ തീര്‍ത്തും ആനന്ദകരമായ ഒരു അനുഭവമണ്ഡലം പ്രാപ്തമാക്കുന്നു. ശക്തന്‍ തമ്പുരാന്‍, മാര്‍ത്താണ്ഡവര്‍മ്മ, സാമൂതിരി, കുഞ്ചുകുട്ടിപ്പിള്ള സര്‍വകാര്യക്കാര്‍ എന്നീ ചരിത്ര പുരുഷന്മാരുടെ സാഹസിക ചരിത്രങ്ങള്‍ക്കൊപ്പം തേവലശ്ശേരി നമ്പി, കടമറ്റത്ത് കത്തനാര്‍, കുമാരമംഗലത്ത് നമ്പൂതിരി തുടങ്ങിയ സിദ്ധന്മാരുടെ അത്ഭുതവിദ്യകളും ലളിതവും സരസവുമായി ഈ കൃതിയില്‍  വിവരിക്കുന്നുണ്ട്.
വിശ്വമംഗലം എന്ന സന്ന്യാസശ്രേഷ്ഠന്‍, ഭക്തശിരോമണി കല്ലൂര്‍ നമ്പൂതിരിപ്പാട് എന്നിവരെപ്പറ്റിയും ഐതിഹ്യമായ അനുവാചകന് വിവരിച്ചു നല്‍കുന്നുണ്ട്.
മനുഷ്യരും ദേവകളും യക്ഷികളും ഗന്ധര്‍വന്‍മാരും പരസ്പരം ഇടപഴകുന്ന ഒരു അത്ഭുതലോകമാണ് ഐതിഹ്യമാല കൈരളിയുടെ തൃപ്പാദങ്ങളില്‍ കാണിക്കവച്ചിട്ടുള്ളത്.
കാലം ചെല്ലുന്തോറും ഇഴയിടകള്‍ മുറുകുകയും വര്‍ണങ്ങള്‍ കൂടുതല്‍ പ്രകാശമാനമാവുകയും സൗന്ദര്യത്തിന്റെ പ്രസരണവേഗം ശതഗുണീഭവിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ രചനയത്രേ ഐതിഹ്യമാല. ആബാലവൃദ്ധം അനുവാചകവൃന്ദത്തെ ആകര്‍ഷിക്കുവാന്‍, ആമോദിപ്പിക്കാന്‍ മലയാളത്തില്‍ മറ്റൊരു കൃതി ഇനിയും ഉണ്ടാവേണ്ടതായാണുള്ളത്.

അന്ത്യമില്ലാത്ത പുഴ

വരുൺ എസ്. കുമാർ

ചങ്ങമ്പുഴ കൃഷ്ണപിള്ള 37-ാം വയസ്സില്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിത കോവിലകം മുതല്‍ കുപ്പമാടം വരെ എല്ലായിടങ്ങളിലും താലപ്പൊലിയോടും വായ്ക്കുരവയോടും സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

അപശബ്ദങ്ങള്‍ അവഗണനീയമായിരുന്നു. ആധുനിക മലയാളത്തില്‍ വള്ളത്തോളിനും കുമാരനാശാനും മാത്രമേ ഏതാണ്ടു തത്തുല്യമായ ജനപ്രീതി മുമ്പു ലഭിച്ചിരുന്നുള്ളു. പ്രശസ്തരായിരുന്നെങ്കിലും ഉള്ളൂരിനോ ശങ്കരക്കുറുപ്പിനോ ഈ സര്‍വജനാരാധ്യത സംപ്രാപ്തമായില്ല. ചങ്ങമ്പുഴ കവിതയ്ക്ക് അതിവിശിഷ്ടമായ ഒരു കാന്തശക്തിയുണ്ട്. സ്പര്‍ശിക്കുമ്പോള്‍ തന്ന നാം വശീകൃതരായിപ്പോകുന്നു. വൈദ്യുതാഘാതം പോലെ മലയാളകവിതയെ ഞെട്ടിച്ച് ഭാവനയുടെ വസന്തോത്സവം സൃഷ്ടിച്ച  കവി ചങ്ങമ്പുഴ മലയാളത്തില്‍ കൊണ്ടു വന്ന കാവ്യവിപ്ലവത്തിന്റെ നഖചിത്രമാണിത്. ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ എനിക്കു ഉണ്മയുണ്ട് എന്ന് കാര്‍ത്തീസിയന്‍ പാരമ്പര്യത്തോടു വിടപറഞ്ഞ് എനിത്ത് വികാരമുണ്ട് എന്ന റൊമാന്റിക് ഭാവത്തിലേക്ക് ഇവിടെ ആദ്യമായി വഴിമാറിച്ചവിട്ടിയത് ചങ്ങമ്പുഴയാണ്.

എറണാകുളത്തെ ഇടപ്പള്ളിയില്‍ മട്ടാഞ്ചേരി തെക്കേടത്തു നാരായണമേനോന്റേയും ഇടപ്പള്ളി ചങ്ങമ്പുഴ വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മകനായി 1911 ഒക്‌ടോബര്‍ പത്തിന് ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2-ാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തി പല ജോലികളിലും ഏര്‍പ്പെട്ടു. പട്ടാളത്തിലും സേവനമനുഷ്ഠിച്ചു. 1934-ലാണ് ചങ്ങമ്പുഴയുടെ ആദ്യകൃതി പ്രസിദ്ധീകൃതമായത്- 'ബാഷ്പാഞ്ജലി.' 1936-ല്‍ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു ചേര്‍ന്നു. ചങ്ങമ്പുഴ മഹാരാജാസ് കോളേജില്‍ ചേരുന്നതിനു മുമ്പായിരുന്നു ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത്. 1936 ജൂലൈ 7ന്. പ്രേമഭാജനത്തിന്റെ വിവാഹത്തില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ഇതില്‍ മനംനൊന്ത് ചങ്ങമ്പുഴ 'തകര്‍ന്ന മുരളി' , 'രമണന്‍' എന്നീ കൃതികള്‍ രചിച്ചു. പിന്നീട് ചങ്ങമ്പുഴ സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ എന്നീ കൃതികള്‍ രചിച്ചു. ഉദ്യാന ലക്ഷ്മി എന്ന കവിതാസമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചു. 1939ല്‍ വത്സല എന്ന നീണ്ട കാവ്യം എഴുതി പിന്നീട് പാടുന്ന പിശാച്, ഓണപ്പൂക്കള്‍ എന്നിവയും രചിച്ചു. ചങ്ങമ്പുഴയുടെ സങ്കല്പകാന്തി എന്ന കൃതിക്ക് ഉള്ളൂരാണ് അവതാരിക എഴുതിയത്.

1945-ല്‍ മംഗളോദയത്തിന്റെ പത്രാധിപസമിതിയില്‍ ചേരാന്‍ ചങ്ങമ്പുഴയ്ക്ക് ക്ഷണം ലഭിച്ചു. ഈ കാലഘട്ടില്‍ അദ്ദേഹം നടത്തിയ പരിഭാഷകളില്‍ നിന്ന് അദ്ദേഹത്തിന്റെയുള്ളിലെ ഗദ്യകാരനെ നമുക്ക് മനസ്സിലാക്കാം. 'ഗീതാഗോവിന്ദം', 'ദേവഗീതം' , 'മഗ്ദലമോഹിനി' തുടങ്ങിയ കൃതികള്‍ മംഗളോദയകാലത്താണ് പ്രസിദ്ധീകരിച്ചത്.

'രമണന്‍' എന്ന കാവ്യം കേരളത്തില്‍ ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്. അമ്പതിലധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ ആ പുസ്തകം യുവജനങ്ങള്‍ക്ക് സ്വന്തം ഹൃദയത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു. ആ കാലഘത്തില്‍ 'വാഴക്കുല'. പാടുന്ന പിശാച് എന്നീ കാവ്യങ്ങള്‍ ചങ്ങമ്പുഴയുടെ കാവ്യവ്യക്തിത്വത്തിന്റെ ഭിന്നമുഖങ്ങള്‍ അവതരിപ്പിക്കുന്നു. മരണത്തിന് ഒരു വര്‍ഷം മുമ്പ് 1947 -ല്‍ രചിച്ച മനസ്വിനി എന്ന കവിതയില്‍ ചങ്ങമ്പുഴയുടെ കവിതയുടെ എല്ലാ സവിശേഷതകളും കാണാം 1947-ല്‍ ക്ഷയരോഗം കഠിനമായതിനെത്തുടര്‍ന്ന് 1948-ല്‍ ചങ്ങമ്പുഴ തന്റെ ഗന്ധര്‍വ്വ ജീവിതമവസാനിപ്പിച്ച് യാത്രയായി.

പ്രതിഭാസം എന്നു മാത്രം വിളിക്കാവുന്ന കവിയായിരുന്നു ചങ്ങമ്പുഴ. പെട്ടെന്നു മിന്നിപ്പടര്‍ന്ന് പ്രകാശധോരണി പരത്തി ചുറ്റുമുള്ളതെല്ലാം തിളക്കി ജ്വാലകലാപം സൃഷ്ടിച്ച് പൊടുന്നനെ പൊലിഞ്ഞുപോയ പ്രതിഭാസം. ആകെ 37 വര്‍ഷത്തെ ജീവിതം. അതില്‍ 17 വര്‍ഷമേയുള്ളൂ ക്രിയാനിരതമായ കാവ്യജീവിതം. അതിനിടയില്‍ 58 കൃതികള്‍. ആത്മാലാപനത്തിന്റെ തീവ്രതയും വാക്കുകളുടെ ഉദ്യാനകാന്തിയും ഇതില്‍ നിറഞ്ഞുനിന്നു. അസാധാരണമെന്നു തന്നെ പറയാവുന്ന ഈ സര്‍ഗജീവിതത്തിനിടയില്‍ ലക്ഷോപലക്ഷം ആരാധകരെ മാത്രമല്ല ആയിരക്കണക്കിന് അനുകത്താക്കളെയും ചങ്ങമ്പുഴ സൃഷ്ടിച്ചു. ആത്മദുഃഖങ്ങളും പ്രണയ. വൈവശ്യവും ജീവിതാസക്തിയും നൈരാശ്യവും മരണാനുരാഗവും കുലചിഹ്നങ്ങളായ ജീവിതമായിരുന്നു ആ കവിതകള്‍. 20- ാം നൂറ്റാണ്ടില്‍ മലയാളി ഇത്രയേറെ സ്‌നേഹിച്ച മറ്റൊരുകവിയില്ല. ഇന്നും തുടരുന്നു ചങ്ങമ്പുഴക്കവിതയുടെ സ്വാധീനം

------
വരുൺ എസ്. കുമാർ :- 8 ാം തരം വിദ്യാർത്ഥി, ന്യൂമാൻ സെൻട്രൽ സ്കൂൾ, മങ്ങാട്, അടൂർ.

താരാട്ടിന്റെ താളം

എ. അയ്യപ്പന്‍



കാക്ക പറഞ്ഞു
എനിക്കുപാടാനറിയില്ല
പുലരിയെ ഉണര്‍ത്തുന്നത് ഞാനാണ്
കുയിലേ
എനിക്കസൂയയില്ല.
നിന്റെ പാട്ട്
കുഞ്ഞിനും
കുഞ്ഞിന്റെ മാമിക്കും ഇഷ്ടം
അമ്മതരുന്ന പാലുകുടിക്കുക
അമ്മൂമ്മയുടെ താരാട്ടുകേള്‍ക്കുക.
അങ്ങനെ വളരുക
തൊട്ടിലില്‍നിന്ന് വീണ്
ഇഴഞ്ഞിഴഞ്ഞ്
ഇറയത്തു വരിക.
വടിയുമായ് നില്പുണ്ട് മുത്തശ്ശി
ഉമ്മയോടെ പാട്ട് കേട്ട്
വീണ്ടും ഉണരുക, വീണ്ടുമുറങ്ങുക.

Sunday, August 1, 2010

എന്തു നല്‍കും കുട്ടികള്‍ക്ക് ?

രാമചന്ദ്രന്‍ കൊടാപ്പള്ളി

കുട്ടികള്‍ നമ്മുടെ ഓമനകളാണ്. സ്‌നേഹവും വാത്സല്യവുമാണ് അവര്‍ക്ക് നമ്മില്‍നിന്നു ലഭിക്കേണ്ടത്. ആദ്യം അവ രണ്ടും അവര്‍ക്കു നല്‍കുക. പിന്നീടെല്ലാം വഴിപോലെ ലഭ്യമായിക്കൊള്ളും. നിങ്ങള്‍ സ്വന്തം വ്യക്തിത്വം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തന്നെ കുട്ടികളുടെ അവസ്ഥയും മെച്ചപ്പെടുന്നുണ്ടെന്നുറപ്പു വരുത്തുക. ഏതാനും മികച്ച ഗുണങ്ങള്‍ അവരില്‍ വളര്‍ത്തിയെടുക്കാനാണ് ആദ്യമേ ശ്രമിക്കേണ്ടത്.

പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍തുണയാണ് കുട്ടികള്‍ക്കാവശ്യം. വളരെ ചെറുപ്പത്തില്‍ തന്നെ ആ പിന്‍തുണ മാതാപിതാക്കളില്‍ നിന്ന് അവര്‍ക്കു ലഭിച്ചിരിക്കണം.

സന്തോഷകരമായ നിമിഷങ്ങള്‍ കുട്ടികളുമായി പങ്കിടുവാന്‍ മാതാപിതാക്കളും കുടുംബത്തിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ക്കൊപ്പം കളിക്കുകയും അവരുടെ തമാശകളില്‍ പങ്കുകൊള്ളുകയുമൊക്കെ ചെയ്യുന്നത് ‘ഭാവിയില്‍ വളരെ മികച്ച ഫലങ്ങള്‍ നല്‍കുമെന്നകാര്യം അധികം പേരും മനസിലാക്കുന്നതായി കാണുന്നില്ല.

അവരുടെ സംശയങ്ങള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കുകയും ഉടന്‍തന്നെ പരിഹരിക്കുകയും വേണം. അതൊരു പ്രയാസകരമായ കാര്യമാണെന്ന് കുട്ടികളെ ഒരിക്കലും തോന്നിക്കാന്‍ പാടുള്ളതുമല്ല. പ്രശ്‌നപരിഹാരം വളരെ നിസ്സാരമാണെന്ന തോന്നല്‍ കുട്ടികളില്‍ അതോടെ ഉണ്ടായിത്തുടങ്ങും. വളര്‍ച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഈ ധാരണ അവര്‍ക്കു സഹായമാവുകയും ചെയ്യും.

സംശയങ്ങള്‍ ഉദാഹരണസഹിതം നീക്കിക്കാണിക്കുവാനാണ് മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടത്. അങ്ങനെയാകുമ്പോള്‍ ക്രമേണ കുട്ടികള്‍ തന്നെ സംശയ നിവാരണത്തില്‍ മുന്‍കൈയെടുത്തു തുടങ്ങുകയും ചെയ്യും,

ഗൃഹാന്തരീക്ഷത്തില്‍ എല്ലാ കാര്യവും മാതാപിതാക്കളോ മറ്റു മുതിര്‍ന്ന അംഗങ്ങളോ ആണ് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. കുട്ടികള്‍ അതിന്റെ ഗുണഭോക്താക്കള്‍ മാത്രമായിരിക്കും സാധാരണ ഗതിയില്‍. അപ്പോള്‍ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവഗണിക്കപ്പെടുന്നു വെന്ന തോന്നല്‍ സ്വാഭാവികമായും ഉയര്‍ന്നുവരാം. കുഞ്ഞു മനസുകളില്‍ ഉല്‍ക്കണ്ഠയോ നിരാശയോ ഉറവെടുത്തു കഴിഞ്ഞാല്‍ അതിന് ഉടന്‍തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ ദുരവ്യാപകമായ ഫലങ്ങള്‍ക്കു കാരണമാകുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ കൊച്ചു കൊച്ചു കാര്യങ്ങളില്‍ കുട്ടികള്‍ക്കു പങ്കാളിത്തം നല്‍കണം. ഭക്ഷണപാനീയങ്ങള്‍, പഠിത്തം, പ്രാഥമിക ദിനചര്യകള്‍, കളികള്‍ എന്നിവയിലെല്ലാം കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സൗമ്യമായ നിര്‍ദ്ദേശങ്ങളിലൂടെ അവരുടെ ഉദ്ദേശ്യങ്ങളും ഇഷ്ടങ്ങളും നേര്‍വഴിക്കു നിയന്ത്രിക്കുകയും വേണം.

കുട്ടികള്‍ തെറ്റുചെയ്യുമ്പോള്‍ അവരെ കഠിനമായി ശിക്ഷിക്കുന്നത് ശരിയല്ല. സ്‌നേഹപൂര്‍വമായ ഉപദേശങ്ങളിലൂടെ സ്വയം തെറ്റുതിരുത്താനുള്ള അവസരം നല്‍കുകയാണ് ആവശ്യം. കുട്ടികളുടെ ജിജ്ഞാസയെ ഒരിക്കലും കടിഞ്ഞാണിട്ടു നിയന്ത്രിക്കരുത്. പകരം ആവശ്യമായ വിവരങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജിപ്പിക്കുയുമാണ് വേണ്ടത്. യഥാര്‍ത്ഥവും സുന്ദരവുമായ വസ്തുക്കളോടുള്ള കുട്ടികളുടെ അടുപ്പം പ്രോത്സാഹിപ്പിക്കണം. അവരില്‍ ഉണരുന്ന കൗതുകം ആസ്വദിച്ച് അവരെ അഭിനന്ദിക്കുന്നതും ആരോഗ്യകരമായ ഒരു പ്രവണതയാകുന്നു.

തടസ്സങ്ങള്‍ അവസരങ്ങളാക്കി മാറ്റാനുള്ള വിദ്യ ദൃഷ്ടാന്തങ്ങളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തണം. കഥകളും പുരാണങ്ങളും അതിനായി പ്രയോജനപ്പെടുത്താം. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത് നിങ്ങള്‍ കുട്ടികളില്‍ പ്രതീക്ഷിക്കുന്ന ഗുണവിശേഷങ്ങള്‍ നിങ്ങളില്‍ ഉണ്ടെന്ന് ആദ്യം ഉറപ്പുവരുത്തുകയാണ്.



രാമചന്ദ്രന്‍ കൊടാപ്പള്ളി
 
കോഴിക്കോടു ജില്ലയിലെ കോട്ടുളിയില്‍ 1944-ല്‍ ജനനം. ചെറുവണ്ണൂര്‍, ഫറോക്ക്, മുംബൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ, മനശ്ശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. വിവിധ പത്രങ്ങളില്‍ സഹപത്രാധിപര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍, റസിഡന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. മനശ്ശാസ്ത്രം, പൊതുവിജ്ഞാനം എന്നീ ശാഖകളില്‍ ഒരു ഡസനോളം കൃതികളുടെ കര്‍ത്താവ്. അമ്പതിലേറെ മനശ്ശാസ്ത്ര കൃതികളുടെ കോപ്പി എഡിറ്റിങ്ങും നിര്‍വഹിച്ചു. ഇപ്പോള്‍ പാപ്പിറസ് ബുക്‌സില്‍ എഡിറ്റര്‍.
 

സിങ്ക്‌ഷോട്ടുകളിലൂടെ നിര്‍മിച്ച ആദ്യത്തെ ഇന്ത്യന്‍ സിനിമ

സണ്ണി ജോസഫ്

‘പിറവി’യുടെ ചിത്രീകരണം കഴിഞ്ഞ്. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയം. ഷാജിച്ചേട്ടന്‍ (ഷാജി. എന്‍. കരുണ്‍) അതിന്റെ തിരക്കിലായിരുന്നതിനാല്‍ അരവിന്ദേട്ടന്റെ (ജി. അരവിന്ദന്‍) ‘ഉണ്ണി’ എന്ന സിനിമയുടെ ചിത്രീകരണ ജോലി എന്നെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ‘വാസ്തുഹാര’യുടേയും.

‘നമ്മുടെ പടം ഉണ്ട്, നമ്മള്‍ ചെയ്യുന്നു’ എന്ന് അരവിന്ദേട്ടന്‍ എന്നോട് പറഞ്ഞപ്പോള്‍ വളരെ അഭിമാനവും കൃതജ്ഞതയും തോന്നി. കാരണം ഈ സംവിധായകനോടൊത്ത് ഒരിക്കല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു.

‘ഉത്തരായനം’ പ്രദര്‍ശനത്തിനെത്തുന്ന കാലം. എറണാകുളത്തെ കവിതാ തീയേറ്ററില്‍ പോയി ഞാന്‍ ഉത്തരായനം കണ്ടു കഴിഞ്ഞപ്പോള്‍ ‘മലയാളത്തില്‍ ആദ്യമായൊരു സിനിമ’ എന്നൊരു റിവ്യു ഞാന്‍ എഴുതി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. ഉത്തരായനം എന്ന ദൃശ്യവിസ്മയം സംവിധാനം ചെയ്ത മനുഷ്യന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത് അപ്പോഴാണ്.

ജി. അരവിന്ദൻ
അരവിന്ദേട്ടന്‍ എനിക്ക് പിതൃതുല്യനായ ആളാണ്. നല്ല സ്‌നേഹവും പിന്തുണയുമൊക്കെ എനിക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു. എന്തും പറയാം. സങ്കടങ്ങളും വേദനകളും രഹസ്യങ്ങളുമെല്ലാം.

എനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വന്ന ശേഷം ആദ്യം ഞാന്‍ സഹകരിച്ചത് ഹൃസ്വ ചിത്രങ്ങളിലായിരുന്നു. അരവിന്ദേട്ടനും ആ പ്രൊജക്ടിലുണ്ടായിരുന്നു. കലം കാരി പെയ്ന്റിങ്ങിനെ കുറിച്ച് ഹൈദരാബാദില്‍ വെച്ചായിരുന്നു ചിത്രീകരണം. പിന്നെ ജെ. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് അരവിന്ദേട്ടന്‍ സംവിധാനം ചെയ്ത ഹൃസ്വ ചിത്രം - ‘ഫിയര്‍ ന്യൂവാക്‌സ് എലോണ്‍.’

‘വാസ്തുഹാര’യെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹകനും ശബ്ദലേഖകനും ഒരേ പോലെ സൂക്ഷിക്കേണ്ട കാര്യം. ആ ചിത്രം മുഴുവനും സിങ്ക് ഷോട്ടു കൊണ്ടാണ്. അതായത് ചിത്രീകരണ സമയത്തു തന്നെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളും അതേപടി ലേഖനം ചെയ്തു. വളരെ പ്രയാസമുള്ള ലൊക്കേഷനുകളില്‍ പോലും ലൈവ് സ്റ്റണ്ട് ഷൂട്ട് നിര്‍വഹിക്കണമായിരുന്നു. അതു ഭദ്രമായി തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. ‘വാസ്തുഹാര’ക്കു ശേഷം പതിറ്റാണ്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ‘ലഗാന്‍’ എന്ന ഹിന്ദി ചിത്രമാണ് സിങ്ക് ഷോട്ടുകളിലൂടെ ആദ്യം നിര്‍മിച്ചതെന്ന് ചില മാധ്യമങ്ങള്‍ എഴുതിയതു കണ്ടു. അതു ശരിയല്ല. യഥാര്‍ത്ഥത്തില്‍ ‘വാസ്തുഹാര’യാണ് ഇന്ത്യയില്‍ ആദ്യമായി സിങ്ക് ഷോട്ടുകളിലൂടെ നിര്‍മിച്ച സിനിമ.

സി. വി. ശ്രീരാമന്‍
ചിത്രീകരണത്തിനു മുമ്പ് ശ്രീരാമേട്ടന്റെ (സി. വി. ശ്രീരാമന്‍) കഥ വായിച്ചു. പിന്നെ ലൊക്കേഷന്‍ നോക്കാന്‍ കല്‍ക്കത്തയില്‍ പോയി. 1990 - ല്‍ ചിത്രീകരണം തുടങ്ങുമ്പോള്‍ ഈ സിനിമ വളരെ വ്യത്യസ്ഥമായി, ചരിത്രത്തിന്റെ ഭാഗമായി തീരുന്ന രീതിയില്‍ നിര്‍വഹിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.

ഒരു ഷോട്ടെടുക്കുമ്പോള്‍ അരവിന്ദേട്ടന്‍ ആ സീനിനെ കുറിച്ച് പറഞ്ഞിരുന്നു. ആംഗിള്‍ ഫിക്‌സ് ചെയ്ത ശേഷം അരവിന്ദേട്ടന്‍ പറയും “ഇതാണ് സീന്‍.”

സംവിധായകന്‍ പറയുന്നതും സങ്കല്‍പ്പിക്കുന്നതും ഉദ്ദേശിക്കുന്നതും എന്താണോ അത് ഞാന്‍ ചെയ്യുന്നു. അരവിന്ദേട്ടന്റെ കൈയ്യില്‍ ഓരോ, സീനിനേയും കുറിച്ച് എഴുതിയ കുറിപ്പുകള്‍ - അതായത് സംവിധായകന്റെ സ്‌ക്രിപ്റ്റ് - ഉണ്ടായിരുന്നുവെങ്കിലും അത് എത്ര മാത്രം വിശദമായിരുന്നു എന്ന് എനിക്ക് അറിയില്ല.

‘വാസ്തുഹാര’യില്‍ പ്രധാനമായും രണ്ട് സീനുകള്‍ ചിത്രീകരിച്ച പ്രയാസം ഞാന്‍ ഓര്‍ക്കുന്നു. ഒന്ന്, റാണാഘട്ടിലെ അഭയാര്‍ത്ഥി ക്യാമ്പ് ആണ്. വേണുഗോപാല്‍ (മോഹന്‍ലാല്‍) അഭയാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. പിന്നില്‍, കൂടി നില്‍ക്കുന്ന അഭയാര്‍ത്ഥികള്‍. അത് ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ടോപ്പ് ആംഗിള്‍ ഷോട്ട് വേണമെന്ന് അരവിന്ദേട്ടന്‍ പറഞ്ഞു. പക്ഷെ ക്രെയിന്‍ ഇല്ലായിരുന്നു. പിന്നെ യൂണിറ്റു വണ്ടി നീക്കിയിട്ടാണ്, അതിനു മുകളില്‍ നിന്ന് ആ ഷോട്ടുകള്‍ എടുത്തത്. എന്നാല്‍ സംവിധായകന്‍ കാണാതെ എങ്ങനെ ആ ഷോട്ടുകള്‍ എടുക്കും അരവിന്ദേട്ടനെ കൂടി വണ്ടിയുടെ മുകളിലെത്തിക്കാന്‍ ഉള്ള സൗകര്യവുമില്ലായിരുന്നു. എന്തായാലും അനുമതിയോടു കൂടി ഞാനതെടുത്തു. എഡിറ്റിങ്ങിന്റെ സമയത്ത് ആ ഷോട്ടുകള്‍ എല്ലാം തന്നെ അരവിന്ദേട്ടന്‍ ഉപയോഗിക്കുകയും ചെയ്തു.

മറ്റൊന്ന് നിശബ്ദമായ ഒരു സീന്‍ ആണ്. വേണുഗോപാല്‍ ടെറസ്സില്‍ നില്‍ക്കുന്നു. അവിടെയപ്പോള്‍ ഭാരമെടുത്ത് ഉയര്‍ത്തിയും താഴ്ത്തിയും കസര്‍ത്തു ചെയ്യുന്ന ഒരു തടിച്ച മനുഷ്യനെ (എന്‍. എല്‍. ബാലകൃഷ്ണന്‍) കാണുന്നു. ജന്‍മപാപം എന്നതു പോലെ ഭാരമെടുത്ത് കസര്‍ത്തു ചെയ്യുന്ന ആ മനുഷ്യനെ ഇടക്കിടെ ശ്രദ്ധിക്കുന്ന വേണുഗോപാലിന് പുഞ്ചിരിപൊട്ടുന്നു. താന്‍ രാജ്യത്തിനു വേണ്ടി വലിയൊരു കാര്യം ചെയ്യുകയാണെന്ന ധാരണയാല്‍ ആ കസര്‍ത്തുകാരനും വേണുഗോപാലിനെ നോക്കി പുഞ്ചിരിക്കുന്നു. ഈ ദൃശ്യം ചിത്രീകരിക്കുവാനുള്ള അന്തരീക്ഷത്തിനായി മൂന്ന് ദിവസം കാത്തു നില്‍ക്കേണ്ടി വന്നു.

സണ്ണി ജോസഫ്
അന്തരീക്ഷം, പ്രകാശം, നിശ്ചയിക്കുന്ന ആംഗിളുകളില്‍ നിന്ന് ഷോട്ടുകള്‍ എടുക്കുവാനുള്ള അസൗകര്യം, തനതായ ശബ്ദങ്ങള്‍, സംഭാഷണങ്ങളുടെയും ചലനങ്ങളുടെയും കൃത്യതയും വ്യക്തതയും - എന്നിങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് ‘വാസ്തുഹാര’ പൂര്‍ത്തിയാക്കിയത്. അരവിന്ദേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. അദ്ദേഹം എന്റെ ഗുരുവാണ്. ‘വാസ്തുഹാര’ എന്ന സിനിമ ഞാന്‍ ക്യാമറ ചെയ്തിട്ടുള്ള സിനിമകളില്‍ വെച്ച് ഏറ്റവും നല്ല നേട്ടവും ഏറ്റവും മികച്ച സൃഷ്ടിയുമാണ്.

പഥേര്‍ പാഞ്ചാലിയുടെ പ്രസക്തി

അടൂര്‍ ഗോപാലകൃഷ്ണന്‍

പഥേര്‍ പാഞ്ചാലി നിര്‍മ്മിച്ചിട്ട് അര ശതാബ്ദം കഴിഞ്ഞിരിക്കുന്നു. സര്‍ഗ്ഗാത്മകത തികഞ്ഞ ആദ്യത്തെ ഇന്ത്യന്‍ സിനിമ പഥേര്‍ പാഞ്ചാലിയാണെന്ന സത്യം ഇന്നൊരു വിവാദവിഷയമാവാന്‍ ഇടയില്ല.


ജുഗുപ്‌സാവഹമായ ചലച്ചിത്രാഭാസമെന്ന് ആഗോളാടിസ്ഥാനത്തില്‍ തന്നെ കുപ്രസിദ്ധി നേടിയെടുത്തിരുന്ന നമ്മുടെ വ്യവസ്ഥാപിത സിനിമയ്ക്കു നേരെ സത്യജിത് റായി എന്ന പുത്തന്‍കൂറ്റുകാരന്‍ നടത്തിയ ആദ്യത്തെ ആക്രമണമായിരുന്നു അത്. അതും കോട്ടകൊത്തളങ്ങള്‍ കെട്ടിവാണ കച്ചവടസിനിമയുടെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന്. സിനിമയെന്ന പ്രതിഭാസത്തെപ്പറ്റി ആസ്വാദകമനസ്സുകളില്‍ രൂഢമൂലമായിരുന്ന മൂഢസങ്കല്പങ്ങളുടെ മേലുള്ള ഒരു കനത്ത പ്രഹരം കൂടിയായിരുന്നു പഥേര്‍ പാഞ്ചാലി. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ക്കും ഉത്തര-പാശ്ചാത്യരായ നിരൂപകപണ്ഢിതന്മാര്‍ക്കും നന്ദി. തുടക്കത്തില്‍ ബോക്‌സാഫീസില്‍ അമ്പേ പരാജയപ്പെട്ട ഈ ‘പാതയുടെ ഗീതം’ ക്രമേണ പ്രതിരോധാതീതമാംവണ്ണം ശക്തിയും ഊര്‍ജ്ജവുമാര്‍ജ്ജിച്ച ഒരു ചൈതന്യ സ്രോതസ്സായി ഭാരതവര്‍ഷത്തിനകത്തും പുറത്തും അലയടിച്ചു.

സിനിമയില്‍ പ്രത്യേകിച്ചൊരു താല്പര്യവുമില്ലാതിരുന്ന ഒരു കാലത്ത് പഥേര്‍ പാഞ്ചാലിയുടെ 16 മില്ലീമീറ്ററിലുള്ള ഒരു പ്രദര്‍ശനം കണ്ടതിന്റെ ഓര്‍മ്മ ഇന്നും പച്ചയായി നില്ക്കുന്നു. പില്ക്കാലത്ത് പല അവസരങ്ങളിലായി കുറഞ്ഞത് ഇരുപത്തിയഞ്ച് തവണയെങ്കിലും ഈ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും പുതുതായെന്തെങ്കിലും അതില്‍ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ അന്ന്, ആദ്യം ഒരു സാധാരണ കാഴ്ചക്കാരനെന്ന നിലയില്‍ ആ ചിത്രത്തോട് എനിക്കുണ്ടായ പ്രതികരണത്തിന്റെ സ്വഭാവത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. അതെന്നില്‍ പതിപ്പിച്ചുപോയ അനുഭവങ്ങളുടെ മുദ്ര ഏതുതരത്തില്‍പ്പെട്ടതായിരുന്നു? ഒരേകദേശരൂപം ഇങ്ങനെയാണ്. അത്യന്തം വ്യത്യസ്തമായ ഒരു ചിത്രം. ശുദ്ധമായ യാഥാര്‍ത്ഥ്യ പ്രതീതി; ഋജുവും ലളിതവുമായ കഥാഘടന; കഥാപാത്രങ്ങളെ അടുത്തുനിന്നും സംഭവങ്ങളെ അകത്തുനിന്നും കണ്ട തോന്നല്‍. ചിത്രത്തിന്റെ ആസ്വാദനത്തിന് ഭാഷ തടസ്സമായതേയില്ല.

സത്യജിത് റായി
1955-ല്‍ പഥേര്‍ പാഞ്ചാലി നിര്‍മ്മിക്കപ്പെടും വരെ ഭാരതത്തെ സംബന്ധിച്ചിടത്തോളം സിനിമ കേവലം ഒരു പലായനവിനോദോപാധി മാത്രമായിരുന്നു. അതിന് മുമ്പുള്ള നമ്മുടെ സിനിമയിലെ സര്‍ഗാത്മകതയുടെ ഉത്തമോദാഹരണങ്ങളായി കൊട്ടിഘോഷിക്കപ്പെട്ടിരുന്നവ, കച്ചവടത്തില്‍ കണ്ണും കരളുമര്‍പ്പിച്ച് ശാന്താറാം പ്രഭൃതികള്‍ ഒരുക്കിവിട്ട മസാലപ്പടങ്ങളായിരുന്നുവെന്നത് നാമിവിടെ ഓര്‍ക്കണം. സെന്റിമെന്റലിസം, റൊമാന്റിക് ഫാന്റസി എന്നിവയുടെ രക്ഷാകര്‍തൃത്വത്തില്‍ തികച്ചും സിനിമേതരമായ ആവിഷ്‌കരണമാര്‍ഗ്ഗങ്ങളുപയോഗപ്പെടുത്തി, നാടകം, നൃത്തം, സംഗീതം എന്നിവയുടെ അകമ്പടിയോടെ സെല്ലുലോയിഡില്‍ അരങ്ങേറിയ ഒരു വക വിവിധകലാപരിപാടികളായിരുന്നു അവയത്രയും. ഈ പശ്ചാത്തലത്തിലാണ് പഥേര്‍ പാഞ്ചാലിയെ നമ്മുടെ ആദ്യത്തെ യഥാര്‍ത്ഥസിനിമയായി കണ്ടറിയേണ്ടത്. നിര്‍മ്മാണോദ്ദ്യേശ്യം പ്രാഥമികമായും വ്യാപാരമല്ലാതെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സിനിമയും ഒരുപക്ഷേ ഈ ചിത്രം തന്നെയായിരിക്കും. സൃഷ്ടിയുടെ മുഹൂര്‍ത്തങ്ങളില്‍ ഇതിന്റെ നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം വിപണനക്കാര്യം ഒരു പക്ഷേ പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്‌നമായിപ്പോലും തോന്നിയിരിക്കാന്‍ ഇടയില്ല. സിനിമയുടെ സാങ്കേതിക-സൗന്ദര്യശാസ്ത്രങ്ങളില്‍ തികഞ്ഞ അവഗാഹം നേടിയിരുന്ന റായിക്ക് ശരിയായ അര്‍ത്ഥത്തില്‍ തന്നെ ചലച്ചിത്രമാധ്യമത്തില്‍ ആത്മാവിഷ്‌ക്കാരം നടത്തുവാനുള്ള കഴിവും കരുത്തും കൈവന്നിരുന്നു, ഈ ചിത്രത്തിന്റെ നിര്‍മ്മിതിക്കദ്ദേഹം കച്ചകെട്ടിയിറങ്ങുമ്പോള്‍.

മലയാള തിരക്കഥ
‘അത്യന്തം വ്യത്യസ്തമായ ഒരു ചിത്രം’ എന്ന് ഒരാള്‍ ഈ ചിത്രത്തോടു പ്രതികരിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കാരണം ഭാരതീയരായ പ്രേക്ഷകരുടെ സിനിമാസങ്കല്പങ്ങളെ ഇതുപോലെ ഉലച്ചിട്ടുള്ള മറ്റൊരു ചിത്രമില്ല. ആഭാസവല്‍ക്കരിക്കപ്പെട്ട നമ്മുടെ പോപ്പുലര്‍ സിനിമയുമായുള്ള ചിരപരിചയം ആസ്വാദകന്റെ രുചി നിലവാരത്തെ ചില്ലറയൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. സ്ഥിരമായി സിനിമ കാണുന്ന നമ്മുടെ ഒരു ശരാശരി പ്രേക്ഷകന്‍ ഒരു ചിത്രത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, കാലക്രമത്തില്‍ ഒരു ചിത്രം അയാള്‍ക്ക് നല്‍കണമെന്ന് ശഠിക്കുന്ന, ചില ഘടകങ്ങളൊക്കെയുണ്ട്. അവയില്‍ ചിലതെങ്കിലും തിരശ്ശീലയില്‍ കണ്ടില്ലെങ്കില്‍ അയാള്‍ നിരാശനാവും, നിരുത്സാഹവാനാകും. ഏറെക്കാലത്തെ സിനിമാപരിചയത്തിലൂടെ അയാള്‍ ചലച്ചിത്രസംബന്ധമായി ആര്‍ജ്ജിച്ചുവെയ്ക്കുന്ന അബദ്ധധാരണകളാണ് ഇവിടെ അയാളുടെ അസംതൃപ്തിക്ക് പ്രേരകമായി വര്‍ത്തിക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ക്കനുസൃതമായി പടച്ചുകൂട്ടിയതും അതുകൊണ്ടുതന്നെ തനിക്ക് പരിചിതവുമായ ഒരു കഥ ഏതാണ്ട് തന്റെ മുന്‍ധാരണകള്‍ക്കൊപ്പിച്ച് തിരശ്ശീലയില്‍ ചുരുളഴിയുന്നത് കണ്ട് സ്വയം അഭിനന്ദിക്കുവാന്‍ കൂടിയാണ് അയാള്‍ സിനിമകാണുന്നത്. വ്യത്യസ്തമായി വരുന്ന ഒന്നും തന്നെ സ്വാഭാവികമായും സ്വീകരിക്കപ്പെടുന്നില്ല. പുതുമ നിറഞ്ഞതെന്ന അവകാശവാദത്തോടെ അവതരിപ്പിക്കപ്പെടുന്ന പലതും നിയതമായ അതിരുകള്‍ക്കകത്ത് ഒതുങ്ങി നിന്ന് മേലനങ്ങാതെ നടത്തുന്ന പൊടിക്കൈകള്‍ മാത്രമെന്ന് മനസ്സിലാക്കുവാന്‍ ഉത്തമാസ്വാദകര്‍ക്കു ശ്രമമേതുമാവശ്യമില്ല. അത്തരം പരീക്ഷണങ്ങള്‍ ഉള്ളിലേക്കിറങ്ങുകയോ ഉപരിതലമെങ്കിലും പോറുകയോ ചെയ്യുന്നില്ല. അത്രയും നന്ന്. ഉല്പതിഷ്ണുക്കളെന്നറിയപ്പെടുമ്പോള്‍തന്നെ പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളുടെ നടുനായകത്വവും വഹിക്കാം. അവയുടെ സംഘാടകര്‍ക്ക് എല്ലാതരത്തിലും തലത്തിലുമുള്ള മൗലികതയാല്‍ പഥേര്‍ പാഞ്ചാലി എത്ര അകലെ!.

ശുദ്ധമായ യാഥാര്‍ത്ഥപ്രതീതി ജനിപ്പിച്ച ചിത്രമെന്ന നിലയിലും പഥേര്‍ പാഞ്ചാലി പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. സ്റ്റുഡിയോ ഫ്‌ളോറിന് പുറത്തിറങ്ങി ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള സിനിമാപടങ്ങള്‍ അതിന് മുമ്പുണ്ടായിട്ടില്ലെന്നല്ല. ‘ഛിന്നമുല്‍’ തുടങ്ങിയ ഒന്നു രണ്ടു ചിത്രങ്ങളെങ്കിലും ഉടനെ ഓര്‍മ്മയില്‍ വരുന്നു. പക്ഷേ ഇവയില്‍ ഒന്നുപോലും അതിന്റെ നിര്‍മ്മാതാവിന്റെ സാഹസികതയ്ക്കുപരിയായൊരു കാരണംകൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നിട്ടുള്ളതല്ല. പഥേര്‍ പാഞ്ചാലിയിലാകട്ടെ സ്റ്റുഡിയോയ്ക്കുള്ളില്‍ ചിത്രണം ചെയ്ത രംഗങ്ങള്‍ അനവധിയുണ്ടുതാനും. യഥാര്‍ത്ഥ പശ്ചാത്തലങ്ങളും സ്റ്റുഡിയോ സെറ്റും തമ്മില്‍ ഏതും തിരിച്ചറിയാന്‍ കഴിയാത്തവിധം അതിവിദഗ്ധമായാണ് രണ്ടിന്റേയും തിരഞ്ഞെടുപ്പും സംവിധാനവും. ബന്‍സി ചന്ദ്രഗുപ്തയെപ്പോലുള്ള ഒരൊന്നാംകിട കലാസംവിധായകന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയതിന് പുറമെ ധ്വന്യാത്മകവും അതേ സമയം പ്രാതിനിധ്യസ്വഭാവമുള്ളതുമായ പ്രകൃത്യാംശങ്ങള്‍ വിദഗ്ധമായി സന്നിവേശിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളുടെ സത്ത കലാത്മകമായി വ്യഞ്ജിപ്പിക്കുവാന്‍ റായിക്ക് കഴിഞ്ഞു. ഇത് പശ്ചാത്തലത്തിന്റെ കാര്യം. അന്തരീക്ഷസൃഷ്ടിയുടെ വിഷയത്തിലാകട്ടെ, റായി മറ്റുള്ളവര്‍ക്കെല്ലാം മാതൃകതന്നെ നിര്‍ണ്ണയിച്ചു, ഈ ചിത്രത്തില്‍. പട്ടിയും പൂച്ചയും വെള്ളത്തിലാശാനും ചേരയും ചിലന്തിയുമെല്ലാം ചേര്‍ന്ന് സാധിക്കുന്ന ആ വൈകാരിക മുഹൂര്‍ത്തങ്ങളുടെ സാധ്യതയെപ്പറ്റി റായിക്കു മുമ്പൊരു സംവിധായകനും നമ്മുടെ നാട്ടില്‍ ബോധവാനായിരുന്നില്ല, നിശ്ചയം.

കഥാപാത്രങ്ങളാണെങ്കിലോ? എഴുത്തുകാരന്റെയോ സംവിധായകന്റെയോ ഭാവനാസൃഷ്ടികളാണവരെന്നു കാണികളെ വിശ്വസിപ്പിക്കുക തന്നെ വിഷമം. ഒന്നുകില്‍ തങ്ങള്‍ തന്നെ അല്ലെങ്കില്‍ തങ്ങളുടെ അയല്‍ക്കാര്‍ മാത്രമാണവര്‍ കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം, ഇത്ര വിദഗ്ധമായി മനുഷ്യജീവിതങ്ങളെ, അവരുടെ സ്വകാര്യ നിമിഷങ്ങളെ അപൂര്‍വമായ നാടകീയമുഹൂര്‍ത്തങ്ങള്‍പോലും എന്ത് ടെക്‌നിക് ഉപയോഗിച്ച് സെല്ലുലോയിഡില്‍ ആലേഖനം ചെയ്‌തെടുത്തുവെന്ന് അഭ്യസ്തവിദ്യരായ പ്രേക്ഷകര്‍പോലും അതിശയിച്ചുപോവുന്നു. പ്രകൃതിയുടെയും പരിതഃസ്ഥിതികളുടെയും സൃഷ്ടികളും അവയുടെ യഥാര്‍ത്ഥ അവകാശികളുമായ ആ കഥാപാത്രങ്ങളെ എഴുത്തുകാരന്‍ തന്റെ ഇതിവൃത്തവ്യാഖ്യാനത്തിനായി കൃത്രിമമായി നിയോഗിച്ച കരുക്കളായി കാണാന്‍ ഇവിടെ പ്രയാസം തന്നെ. വിഭൂതിഭൂഷന്റെ കഥാപാത്രങ്ങള്‍ അനുവാചകന്റെ മനസ്സില്‍ വൈയക്തികമായ ഒരനുഭവമായി ജീവിച്ചപ്പോള്‍ റായിയുടെ കഥാപാത്രങ്ങള്‍ വസ്തുനിഷ്ഠമായ രൂപഭാവങ്ങളോടെ ചലിക്കുകയും ചരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മുഴുത്ത വ്യക്തിത്വങ്ങളായി ദ്വിമാനചിത്രങ്ങളുടെ പരിമിതികളെ അതിജീവിച്ച് വിരാജിക്കുന്നു. രണ്ടാമത്തെ പ്രക്രിയയില്‍ അംഗീകാരത്തിന്റേയും സ്വീകാര്യതയുടേയും പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാവുകയാണ് സാധാരണ പതിവ്. അതില്‍നിന്ന് വ്യത്യസ്തമായി, ഒരു പക്ഷേ എഴുത്തുകാരന് മൗലികമായി അതിന് നല്‍കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ മഹത്വങ്ങളിലേക്ക് ആ കൃതിയെ ഉയര്‍ത്തി സ്ഥാപിക്കുകയാണിവിടെ, ഈ ചിത്രത്തിന്റെ സൃഷ്ടിയില്‍.

പഥേര്‍ പാഞ്ചാലിയുടെ സൗന്ദര്യ സമ്പന്നതയ്ക്ക് ഒരു പ്രധാന കാരണം ഋജുവും ലളിതവുമായ അതിന്റെ കഥാഘടനയത്രേ. ഈ ഗുണമാകട്ടെ നമ്മുടെ കുത്തകസിനിമാമുതലാളിമാര്‍ വര്‍ജ്യമായി കരുതിയിരുന്നതാണ്. ക്ലിഷ്ടത ഒരു മേന്മയും യുക്തിരാഹിത്യം ഒരനുഗ്രഹവുമാണ് മിക്ക നിര്‍മ്മാതാക്കള്‍ക്കും. പ്രത്യക്ഷത്തില്‍ സംഭവബഹുലവും പ്രശ്‌നസങ്കീര്‍ണവും കുരുക്കും കുത്തഴിവുമുളളതുമായ കഥാഘടന ബോക്‌സാഫീസ് വിജയത്തിന് അനുപേക്ഷണീയമാണെന്ന് കരുതപ്പെടുന്നുണ്ടിന്നും. കഥാപാത്രങ്ങളുടെ ആന്തരികസംഘട്ടനങ്ങളിലൂടെ വിദഗ്ധമായി സാധിച്ചെടുത്തിട്ടുള്ള ഈ ചിത്രത്തിലെ അന്യൂനമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ സ്ഥൂലവും ബാഹ്യവും അസംസ്‌കൃതവുമായ പ്രകടനാത്മകതയില്‍ പൂര്‍ണ്ണമായും അവലംബം കാണുന്ന പോപ്പുലര്‍ സിനിമക്കാര്‍ക്ക് സാധനാപാഠമാകേണ്ടതാണ്. പകരം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് കഥയും കഥാപാത്രങ്ങളും എത്രയും അകന്നുനില്ക്കുന്നുവോ അത്രയും വലുതത്രെ അതിന്റെ വിജയസാധ്യത എന്നവര്‍ കരുതുന്നു. യഥാര്‍ത്ഥജീവിതപ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടി സിനിമാതിയേറ്ററുകളില്‍ അഭയം പ്രാപിക്കുന്ന പ്രേക്ഷകന്റെ മുമ്പില്‍ വീണ്ടും അവന്‍ മറക്കാന്‍ കൊതിച്ചു വന്ന യാതനകളും വേദനകളും വിളമ്പി അലോസരപ്പെടുത്തരുതെന്നാണ് അനുകമ്പാശീലരായ സിനിമാവ്യവസായികള്‍ വിശ്വസിക്കുന്നത്. അങ്ങനെ തിരശ്ശീലയില്‍ കാണുന്നതിനൊന്നും അവന്റെ ജീവിതവുമായി വിദൂരബന്ധം പോലും പാടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ അരോചകവും അതുകൊണ്ടുതന്നെ നിഷിദ്ധവുമാകുന്നു. പകരം അവര്‍ക്കുവേണ്ടി ഉദാരമായ സ്വപ്നങ്ങള്‍ വിതയ്ക്കപ്പെടുന്നു. അവ നൂറും നൂറ്റമ്പതും മേനിയില്‍ കൊയ്‌തെടുത്തുകൊള്ളും. സ്വപ്നങ്ങളുടെ വില്പനക്കാര്‍ നാള്‍ക്കുനാള്‍ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം വിചിത്രസങ്കല്പങ്ങള്‍ക്കിടയില്‍ അരനൂറ്റാണ്ട്് മുമ്പ് അതീവലളിതവും സത്യസന്ധവും സൗന്ദര്യാത്മകവുമായ ഒരു ചലച്ചിത്രകൃതിക്കു ജന്മം നല്‍കുവാന്‍ ഒരു കലാകാരന് കഴിഞ്ഞുവെന്നത് അത്ഭുതാദരങ്ങളോടെവേണം കാണാന്‍.

ചിട്ടയൊപ്പിച്ചുള്ളൊരു കഥ പാഥേര്‍ പഞ്ചാലിയിലില്ലെന്നതു പോകട്ടെ. അതിലെ കഥാപാത്രങ്ങളാണെങ്കിലോ വളരെ സാധാരണക്കാര്‍. ഇനി കഥാസന്ദര്‍ഭങ്ങളുടെയോ നാടകീയ മൂഹൂര്‍ത്തങ്ങളുടേയോ കാര്യമെടുത്താലോ? അവയെല്ലാം നിത്യസാധാരണങ്ങള്‍ മാത്രം. എന്നാല്‍ ഒരു വ്യത്യാസം മാത്രമുണ്ട്. അവയെ നോക്കികാണുന്ന രീതിയില്‍ . അതേ സംഭവങ്ങളിലൂടെ, അതേ അനുഭവങ്ങളിലൂടെ ജീവിച്ചവര്‍ പോലും ഒരു നിമിഷമെങ്കിലും തിരിഞ്ഞുനോക്കിനിന്ന് അറിഞ്ഞാസ്വദിച്ചിട്ടില്ലാത്ത അസുലഭനിമിഷങ്ങള്‍. അവയെ ആവാഹിച്ചവതരിപ്പിക്കാന്‍ റായിയിലെ കലാകാരന്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. മധുരോദാരമെന്നേ ആ അനുഭവങ്ങളെ വര്‍ണിക്കാന്‍ കഴിയൂ. നിത്യജീവിതത്തിലെ കൊച്ചുകൊച്ചനുഭവങ്ങള്‍ക്ക് ഇത്രയധികം കയ്‌പോ? ഓ-ഇവയില്‍ ഇത്രയധികം ഉറവകളോ ദുഃഖത്തിന്റെ ഉപ്പിന്?

ഇവിടെയിതാ കഥാപാത്രങ്ങളെ നാം നേര്‍ക്കുനേര്‍ കാണുന്നു. അടുത്ത്, വളരെയടുത്ത്, വാക്കുകളുടെ മറവില്‍ അവര്‍ ഒളിക്കാന്‍ ശ്രമിക്കുന്നില്ല. നമ്മില്‍നിന്ന് അവര്‍ ഒന്നും മറച്ചുപിടിക്കുന്നില്ല. നമ്മുടെ ദയാദാക്ഷിണ്യങ്ങള്‍ ചൂഷണം ചെയ്യാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട മാപ്പുസാക്ഷികളല്ല അവര്‍. മറിച്ച്, യഥാര്‍ത്ഥമായ അവരുടെ സുഖങ്ങളുടെയും ദുഃഖങ്ങളുടെയും നിരാശയുടേയും പ്രത്യാശയുടേയും മുഹൂര്‍ത്തങ്ങള്‍ നാം അവരുമായി പങ്കിടുന്നു. ഇവിടെ കഥാസന്ദര്‍ഭങ്ങള്‍ കേവലം ഇതിവൃത്തപൂര്‍ത്തീകരണത്തിനുള്ള സൂത്രവിദ്യകളായി അധഃപതിക്കുന്നില്ല. പകരം, പ്രേക്ഷകന്‍ കഥാപാത്രങ്ങളോടൊപ്പം ചേതലാഭങ്ങളനുഭവിച്ച് കഴിയുന്നു. ചുരുക്കത്തില്‍ അയാളുടെ അനുഭവമേഖലകള്‍ അതിരുകളകന്ന് വിസ്തൃതങ്ങളാകുന്നു. ക്രമേണ അയാള്‍ സംസ്‌കൃതനാവുന്നു. എല്ലാ കലകളുടേയും പരമോന്നതലക്ഷ്യം!

ജീവിതമെന്ന കടംകഥയ്ക്ക് ഇങ്ങനെയൊരാഖ്യാനം, ഇങ്ങനെയൊരു സ്തുതിഗീതം സെല്ലുലോയിഡില്‍ ഉണ്ടാവുമെന്ന് ആരുമേതും കരുതിയതല്ല-അതുകൊണ്ടുതന്നെയാണ് ‘പാതയുടെ ഗീതം’ ഇന്ത്യന്‍ സിനിയിലെ മാറ്റത്തിന്റെ മുന്നണിപ്പാട്ടായത്.


 അടൂർ ഗോപാലക്യഷ്ണൻ

 ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ‍. പത്തനംതിട്ടയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ  ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരുപെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982 ഇൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.

ടെഹ്‌റി - വിവരക്കേടിന്റെ വിളംബരം

ജോയിസ്‌കുട്ടി.ജെ.

ഹിമാലയ യാത്രയിൽ കേദാരമാണ് അടുത്ത ലക്ഷ്യം. ഗംഗോത്രിയില്‍ നിന്ന് മലയിറങ്ങി ഉത്തരകാശിയിലെത്തി, ടെഹ്‌റി വഴിയാണ് ഞങ്ങള്‍ ഉപയോഗിച്ചത്.അണക്കെട്ട് വിവാദത്തിന്റെ പേരില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച സ്ഥലമാണ് ടെഹ്‌റി. മനോഹരങ്ങളായ കാടുകളും ശ്രദ്ധാപൂര്‍വ്വം പരിചരിക്കുന്ന കൃഷിയിടങ്ങളും ഇവയുടെ ഇടയില്‍ പത്തും പതിനഞ്ചും വീടുകളുളള ചെറിയ ഗ്രാമങ്ങളും ഉള്‍ച്ചേര്‍ന്ന ടെഹ്‌റി. പട്ടണത്തിന്റെ ഹൃദയത്തില്‍ തന്നെ രണ്ടു മലകളെത്തമ്മില്‍ ബന്ധിക്കാനാണ് പദ്ധതി. പദ്ധതി പ്രദേശം കാണുന്ന ആര്‍ക്കും കരയാതിരിക്കാനാവില്ല; പദ്ധതി നടത്തിപ്പുകാരുടെ മനസ്സിന്റെ പാപ്പരത്തം ഓര്‍ത്ത്. സ്വതവേ ബലം കുറഞ്ഞ ഹിമാലയ നിരകള്‍ അണക്കെട്ടുകള്‍ക്ക് ഉപയുക്തമല്ല എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും. ഹിമാലയം ഒരിക്കല്‍ കണ്ടിട്ടുളള ഒരു കൊച്ചുകുട്ടിപോലും ഇതിലെ ആപത്ത് തിരിച്ചറിയും. പോരാത്തതിന് എപ്പോള്‍ വേണമെങ്കിലും ഭൂകമ്പമുണ്ടാകാവുന്ന പ്രദേശവുമാണിത്. നാലഞ്ചുവര്‍ഷംമുമ്പ് നൂറുകണക്കിന് ആളുകള്‍ മരിക്കാനിടയായ ഭൂകമ്പമുണ്ടായ ഉത്തരകാശി അധികദൂരെയല്ല. പദ്ധതി വന്നാല്‍ മുങ്ങിപ്പോവുന്ന കാടുകള്‍, കൃഷിയിടങ്ങള്‍, ഗ്രാമങ്ങള്‍. സുന്ദര്‍ലാല്‍ ബഹുഗുണ എന്ന കൊച്ചുമനുഷ്യനാണ് ടെഹ്‌റി പദ്ധതിക്കെതിരെ പോരാടുന്ന ചിപ്‌കോ പ്രസ്ഥാനത്തിന്റെ നടുനായകം. ടെഹ്‌റി ഡാമിനെതിരെ ഗ്രാമവാസികള്‍ മുഴുവന്‍ വേണ്ടി വന്നാല്‍ ആത്മാഹൂതി ചെയ്യൂ എന്ന് മുമ്പൊരിക്കല്‍ ഈ മനുഷ്യന്‍ പറഞ്ഞത് വെറുതെയോ എന്നറിയാന്‍ ഒരാഗ്രഹം. ചായ കുടിക്കാന്‍ എന്ന ഭാവത്തില്‍ ഒരു ചായക്കടയില്‍ കയറി. അവിടെ കൂടിയിരിക്കുന്ന ഗ്രാമീണരോട് സംഭാഷണത്തിനിടയില്‍ ഈ പ്രശ്‌നം ഉന്നയിച്ചു. പര്‍വ്വതനിവാസികളുടെ ചീത്ത ആദ്യമായി ഈ യാത്രയില്‍ ഞങ്ങള്‍ക്കു കേള്‍ക്കേണ്ടി വന്നു. ടെഹ്‌റി ഡാം എന്ന് പറയുന്നവരെപ്പോലും ഇവര്‍ വെറുക്കുന്നു. നദിയെക്കുറിച്ചുളള ഇവരുടെ സങ്കല്പം മനസ്സിലാവുമ്പോള്‍, കാടിനെക്കുറിച്ചുളള കാഴ്ചപ്പാട് വ്യക്തമാവുമ്പോള്‍ നാം നമ്മെയോര്‍ത്ത് ലജ്ജിച്ചു പോവും. വിദ്യാഭ്യാസമുണ്ട് എന്നഭിമാനിക്കുന്ന നമ്മേക്കാള്‍ എത്ര ഉയരത്തിലാണവര്‍. ഇന്ദ്രപ്രസ്ഥത്തിലെ ശാസ്ത്രവിശാരദന്മാര്‍ ഇവര്‍ക്ക് പാദപൂജ ചെയ്യണം. സുന്ദര്‍ലാല്‍ പണ്ട് പറഞ്ഞത് മനസ്സിലേയ്ക്ക് വന്നു. 'ഞങ്ങള്‍ക്കുവേണ്ടിയല്ല ഈ സമരം. മറിച്ച് ഭാരതത്തിനുവേണ്ടി'.
സമരത്തെ അവഗണിച്ച് പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നു. വലിയ മലകള്‍ ഇടിച്ചു നിരത്തിയിട്ടിരിക്കുന്നു. പൊടി പറത്തിക്കൊണ്ട് മണ്‍ലോറികള്‍ പായുന്നു. ബുള്‍ഡോസറുകളുടെ മുരള്‍ച്ച. മുങ്ങിപ്പോവുന്ന ഇപ്പോഴത്തെ പാതയ്ക്കു പകരം മലമുകളിലൂടെ വലിയ പാത പണിയുന്നു. മുങ്ങിപ്പോകുന്ന ഗ്രാമീണവീടുകള്‍ക്കു പകരം മലമുകളില്‍ പുതിയ വീടുകള്‍. മുങ്ങിപ്പോവുന്ന ഭാരതത്തിനു പകരം പുതിയ ഭാരതം നിര്‍മ്മിക്കുവാന്‍ ഇവര്‍ക്കാവുമോ?

എന്തുകൊണ്ടാണ് വിദഗ്ദ്ധന്മാര്‍ ഇത്ര സാമാന്യബോധമില്ലാതെ പെരുമാറുന്നത്. വിദ്യാഭ്യാസമില്ലാത്തവര്‍ എന്നു നാം കരുതുന്ന പാവങ്ങളുടെ, പ്രകൃതിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുളള അറിവ്- അറിവുളളവര്‍ എന്നു കരുതപ്പെടുന്നവരുടെ വിവരമില്ലായ്മ- ഈ വൈരുദ്ധ്യം ആശ്ചര്യകരം തന്നെ. വിദ്യാഭ്യാസം വിവരങ്ങളുടെ വിനിമയം മാത്രമായിരിക്കുന്നു. വിവരങ്ങളുടെ വിനിമയത്തിനിടയ്ക്ക് യഥാര്‍ത്ഥ വിജ്ഞാനം വിസ്മൃതമായിപ്പോവുന്നു. എന്റെ സഹയാത്രികന്‍ തോമസ് ജോസഫ് ഇടശ്ശേരിയുടെ വരികള്‍ അല്പം മാറ്റി ഇപ്രകാരം പാടി.

''കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍
അംബ ഗംഗയാറെ, നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്''

കവിതയുടെ പ്രവചനധ്വനി ഉള്‍ക്കൊണ്ടാവാം കുറെ നേരത്തേയ്ക്ക് ആരും ഒന്നും ശബ്ദിച്ചില്ല. ഞാനപ്പോളോര്‍ത്തത് പി. കുഞ്ഞിരാമന്‍ നായരെയാണ്.

മര്‍ത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലില്‍ കോര്‍ക്കപ്പെട്ടുളള മണികളാം
ക്ഷിപ്രമാചരാചരമൊന്നായിത്തളര്‍ന്നുപോ-
മിപ്രപഞ്ചത്തിന്‍ ചോര ഞരമ്പൊന്നറുക്കുകില്‍
പ്രകൃതിയുടെയും മനുഷ്യന്റെയും നാശം എത്ര മുന്‍കൂട്ടി കാണുവാന്‍ കവികള്‍ക്ക് കഴിയുന്നു!
( ‘നല്ല ഹൈമവതഭുവിൽ’ എന്ന ഹിമാലയ യാത്രാവിവരണ ഗ്രന്ഥത്തിൽ നിന്ന്.)

ജോയിസുകുട്ടി ജോയിസ്‌കുട്ടി.ജെ.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ 1990-ല്‍ എം.എ. പാസായി. 1991- ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഫില്‍ ബിരുദം. 1992 മുതല്‍ മാന്നാനം കെ.ഇ. കോളേജില്‍ മലയാളം അദ്ധ്യാപകന്‍. യാത്രകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വീടും പ്രവാസവും' എന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
 

ആദ്യ മലയാളനോവല്‍ ‘പുല്ലേലിക്കുഞ്ചു‘

വിജയന്‍ കോടഞ്ചേരി

മലയാളഭാഷയിലെ ആദ്യത്തെ നോവല്‍ ഏതാണെന്നതിനെപ്പറ്റി ഇപ്പോഴും തര്‍ക്കം തുടരേണ്ടി വരുന്നതിന് പിന്നില്‍ സാഹിത്യ ഗവേഷണത്തിലും ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതിലും നമ്മുടെ പൂര്‍വ്വികര്‍ പുലര്‍ത്തിയ ജാഗ്രതക്കുറവാണ് കാരണമെന്ന ഡോ: ജോര്‍ജ്ജ് ഇരുമ്പയത്തിന്റെ നിരീക്ഷണത്തോടൊപ്പം തന്നെ പൂര്‍വികരുടെ നിര്‍ദ്ദിഷ്ഠമായ താല്‍പര്യങ്ങളും കൂടി കാരണമായിട്ടുണ്ടെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നു. ഈ താല്‍പര്യങ്ങളാണ് നിഷ്പക്ഷമായ വിലയിരുത്തലുകളില്‍ നിന്ന് അവരെ പിന്‍തിരിപ്പിച്ചതും വിവര്‍ത്തനങ്ങളെയും നാടകങ്ങളെയും നോവലുകളായെണ്ണിച്ച് സാഹിത്യാസ്വാദകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും പിന്നീട് ആദ്യനോവലും, ലക്ഷണമൊത്ത ആദ്യ നോവലും ‘സൃഷ്ടിച്ച്’ ലക്ഷ്യപ്രാപ്തി നേടുന്നതിനും ഇടയാക്കിയത്!

മലയാളത്തിലെ ആദ്യ നോവലേത് എന്ന പരിശോധനയ്ക്ക് മുതിരുമ്പോള്‍ നമ്മുടെ മുമ്പില്‍ പ്രഥമ പരിഗണനയ്ക്ക് എത്തുന്ന നോവലുകള്‍ ഇവയാണ്.

1. പരദേശി മോക്ഷയാത്ര, റവ : ജോസഫ് പീറ്റ് (1847)
2. സഞ്ചാരിയുടെ പ്രയാണം, റവ : സി. മുള്ളര്‍, റവ : പി. ചന്ദ്രന്‍ (1849)
3. ആള്‍മാറാട്ടം, കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് (1866)
4. ഘാതകവധം, മിസിസ് കോളിന്‍സ് (1877)
5. പുല്ലേലിക്കുഞ്ചു, ആര്‍ച്ച്ഡീക്കന്‍ കോശി (1882)
6. കുന്ദലത, അപ്പുനെടുങ്ങാടി (1887)
7. ഇന്ദുലേഖ, ഒ. ചന്തുമേനോന്‍ (1889)
8. മാര്‍ത്താണ്ഡവര്‍മ്മ സി. വി. രാമന്‍പിള്ള (1891)

1866-ല്‍ പ്രസിദ്ധീകരിച്ച കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ ആള്‍മാറാട്ടം ഷേക്‌സ്പിയറുടെ കോമഡി ഓഫ് എറേഴ്‌സ് എന്ന നാടകത്തിന്റെ വിവര്‍ത്തനമാണെന്ന് മാത്രമല്ല നാടകരൂപത്തില്‍ത്തന്നെയുള്ള ഗദ്യ വിവര്‍ത്തനമാണെന്ന് നമ്മുടെ പണ്ഡിതര്‍ക്ക് മനസിലാകാത്തത് എന്തു കൊണ്ടായാലും ഇപ്പോള്‍ പ്രഥമസ്ഥാനത്തേക്ക് ആരും ആള്‍മാറാട്ടത്തെ പരിഗണിക്കാറില്ല. അതു പോലെത്തന്നെ പരദേശീമോക്ഷയാത്ര, സഞ്ചാരിയുടെ പ്രയാണം എന്നിവ പില്‍ഗ്രിംസ് പ്രോഗ്രസിന്റെ തര്‍ജ്ജമയാണെന്നും മനസിലാക്കുന്നു. പരദേശീമോക്ഷയാത്രയുടെ വിവര്‍ത്തനം റവ : ജോസഫ് പീറ്റാണെന്ന് കാണുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചത് ആര്‍ച്ച് ഡീക്കന്‍ കോശിയാണെന്ന തര്‍ക്കം നിലനില്‍ക്കുന്നു!വിവര്‍ത്തകന്മാരെക്കുറിച്ചുള്ള തര്‍ക്കം തീര്‍ന്നതിന് ശേഷമാകാം നമുക്ക് അവ മലയാളനോവലാണോ എന്ന് പരിഗണിക്കാന്‍!

1859-ല്‍ മിസിസ് കോളിന്‍സ് എഴുതിതുടങ്ങുകയും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അവര്‍ മരണമടഞ്ഞതിനാല്‍ ഭര്‍ത്താവായ റിച്ചാര്‍ഡ് കോളിന്‍സ് പൂര്‍ണ്ണമാക്കുകയും 1864-ല്‍ കോട്ടയം സെമിനാരിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയില്‍ ഇംഗ്ലീഷില്‍ വന്നതുമായ സ്ലെയര്‍ സ്ലൈന്‍ (Slayer Slain) എന്ന കൃതിയുടെ മലയാള തര്‍ജ്ജമയാണ് ഘാതകവധം. ഇതൊരു മലയാളം നോവലാണെന്ന് ഡേവിഡ് ലോഡ്ജിന്റെ ഉദ്ധരണി സഹിതം സമര്‍ത്ഥിക്കാന്‍ ഡോ : ജോര്‍ജ്ജ് ഇരുമ്പയം നടത്തുന്ന സഹതാപര്‍ഹമായ ശ്രമങ്ങള്‍ കാണാതിരുന്നു കൂട! ഘാതകവധം സാമൂഹ്യലക്ഷ്യം വെച്ചുകൊണ്ട് എഴുതപ്പെട്ട നോവലാണെന്നും അതിനാല്‍ ഭാഷ കാര്യമാക്കേണ്ടതില്ല എന്നും, ഭാഷയെ അപേക്ഷിച്ച് ജീവിതത്തിനാണ് നോവലില്‍ പ്രാധാന്യം എന്നും (ആവിഷ്‌കൃതമായ ജീവിതം എവിടത്തേതാണോ അവിടത്തെ പ്രകൃതി, ആളുകള്‍, അവരുടെ ജീവിതരീതി, ഭാഷ എന്നിവ അറിഞ്ഞിരിക്കുക, ആര്‍ക്കു വേണ്ടി അതെഴുതപ്പെട്ടു എന്നിവയാണ് ഏതു ഭാഷയിലെഴുതപ്പെട്ടു എന്നതിനേക്കാള്‍ പ്രധാനം - ആദ്യകാലമലയാള നോവല്‍, ഡോ : ജോര്‍ജ്ജ് ഇരുമ്പയം, എന്‍. ബി. എസ്. രണ്ടാംപതിപ്പ് 1988, പേജ് 28) അദ്ദേഹം പറയുന്നു. അങ്ങനെവരികില്‍ കേരളീയ പശ്ചാത്തലത്തിലെഴുതപ്പെട്ട മലയാളിയായ അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ് മലയാളം നോവലാണെന്ന് അദ്ദേഹം സമ്മതിക്കുമെന്ന് തോന്നുന്നു! മറ്റൊരു രസകരമായ കാര്യം . നോവല്‍ മലയാളിക്ക് വേണ്ടി എഴുതപ്പെട്ടു എന്നാണ് അദ്ദേഹം (ആര്‍ക്കുവേണ്ടി എഴുതപ്പെട്ടു എന്ന പ്രയോഗത്തിലൂടെ!) വ്യാഖ്യാനിക്കുന്നത്. (1859-76) കാലഘട്ടത്തില്‍ എത്ര മലയാളികള്‍ ഈ നോവല്‍ വായിച്ചിരിക്കും?

ഘാതകവധമല്ല ആദ്യ മലയാള നോവല്‍ എന്ന് തിരിച്ചറിയുമ്പോള്‍ പിന്നീട് നമ്മുടെ ശ്രദ്ധ പതിയേണ്ടത് സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയിലാണ്.1884-ല്‍ തന്നെ എഴുതപ്പെട്ടതാണ് ഈ നോവല്‍ എന്ന് ഭാഷാചരിത്ര കര്‍ത്താവായ പി.ഗോവിന്ദപിള്ളയുടെ സാക്ഷ്യം 1887-ല്‍ പ്രസിദ്ധീകൃതമായ അപ്പുനെടുങ്ങാടിയുടെ കുന്ദലതയേയും 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒയ്യാരത്തു ചന്തുമേനോന്റെ ഇന്ദുലേഖയെയും പിന്തള്ളി മാര്‍ത്താണ്ഡവര്‍മ്മയെ പ്രഥമമായി പരിഗണിക്കണമെന്ന് ചിന്തിക്കാന്‍ ചില പണ്ഡിതരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. ഇവരുടെ തന്നെ പിന്നീടുണ്ടായ ഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ചുള്ള മൗനത്തില്‍ നിന്നും വായിക്കാന്‍ കഴിയുന്നത് ചില നൈമിഷിക താല്‍പര്യങ്ങള്‍ മാത്രമായിരുന്നു ഇത്തരം സാക്ഷ്യങ്ങള്‍ക്ക് പിന്നില്‍ എന്നാണ്!
തര്‍ജ്ജമകളും നാടകങ്ങളും മലയാള നോവല്‍ അല്ലെന്ന് തെളിയുമ്പോള്‍, രചനാകാലം പരിഗണിക്കുമ്പോള്‍ മലയാളത്തിലെ ആദ്യത്തെ നോവല്‍ ആര്‍ച്ച് ഡീക്കന്‍ കോശി ഡി.ഡി യുടെ പുല്ലേലിക്കുഞ്ചു ആണെന്ന് കാണാം. സുപരിചിതമല്ലാത്തൊരു പ്രതിപാദന രീതിയും പാര്‍ശ്വവല്‍കൃതരുടെ പ്രതികരണ രീതിയും നോവലില്‍ വായിച്ചെടുത്ത വരേണ്യവര്‍ഗം തങ്ങളുടെ സംസ്‌കാരങ്ങളിലേക്കുള്ള അധിനിവേശ ശ്രമമായി പുല്ലേലിക്കുഞ്ചുവിനെ കണ്ടിരിക്കാവുന്നതിനാലാണ് ഈ നോവല്‍ തമസ്‌ക്കരിക്കപ്പെടാന്‍ ഇടയായതെന്നാണ് തോന്നുന്നത്.

1860-ല്‍ ആഗസ്ത്, സെപ്തംബര്‍, നവംബര്‍ ലക്കങ്ങളിലായി ജാതിഭേദം എന്ന പേരില്‍ ജ്ഞാനനിക്ഷേപം മാസികയില്‍ പുല്ലേലിക്കുഞ്ചുവിന്റെ ആദ്യ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1882-ല്‍ കോട്ടയത്തു നിന്നാണ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മൂന്നു ഭാഗങ്ങളായി തിരിച്ചാണ് കഥ പറയുന്നത്. ക്രിസ്ത്യാനിയായ ഒരു മുതല്‍പ്പിടിക്കാരന്റെ കാഴ്ചയിലൂടെയാണ് കഥ വളരുന്നത്. അദ്ദേഹത്തെ കൂടാതെ ഉല്‍പതിഷ്ണുവും ക്രിസ്തുമത വിശ്വാസിയുമായ പുല്ലേലി കുഞ്ചുപ്പിള്ളയും, യാഥാസ്ഥിതികനെങ്കിലും നല്ലവനായ കൈതകപ്പെള്ളില്‍ രാമപ്പണിക്കരും ശാമു അണ്ണാവിയും മലയാള ബ്രാഹ്മണനും, ബൈബിള്‍ വില്‍പനക്കാരനും മറ്റുമാണ് പ്രധാന കഥാപാത്രങ്ങള്‍. നോവലിന്റെ ഒന്നാം ഭാഗത്തില്‍ ഹിന്ദുമതത്തിലെ ജാതി വ്യത്യാസങ്ങള്‍ കൊണ്ടുള്ള കഷ്ടപ്പാടിനെക്കുറിച്ച് കൈതകപ്പെള്ളില്‍ രാമപണിക്കരുമായി സംവാദത്തിലേര്‍പ്പെടുകയാണ് കുഞ്ചുവും ക്രിസ്ത്യാനിയായ മുതല്‍പ്പിടിക്കാരനും. കുഞ്ചുവിന്റെ യുക്തിക്ക് മുമ്പില്‍ യാഥാസ്ഥിതികനായ പണിക്കര്‍ക്ക് ചെറിയതോതില്‍ ‘ബോധം’ ഉണ്ടാകുന്നുണ്ട്. ജാതിവ്യത്യാസങ്ങള്‍ക്കെതിരെയുള്ള രോഷമായി ആദ്യ ഭാഗത്തെ കാണാമെങ്കില്‍ രണ്ടാം ഭാഗം ബിംബാരാധനയ്ക്ക് എതിരെയുള്ളതാണ്. ഈ ഭാഗത്തില്‍ മഹാ അഹങ്കാരിയായൊരു മലയാളി ബ്രാഹ്മണന്‍ കുഞ്ചുവിന്റെ യുക്തിക്കു മുമ്പില്‍ കീഴടങ്ങുന്ന കാഴ്ചയാണ് മുഖ്യപ്രതിപാദ്യം.

മൂന്നാം ഭാഗത്തില്‍ കുഞ്ചുവും പണിക്കരും ഉല്‍സവത്തില്‍ സംബന്ധിക്കാന്‍ ഗുരുവായൂര്‍ക്ക് പോകാനിറങ്ങിയ ബൈബിള്‍ വില്‍പനക്കാരെ പണിക്കരുടെ വീടിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്യുന്നു. അവിടെവെച്ച് പണിക്കരും കുഞ്ചുവും ബൈബിള്‍ വില്‍പനക്കാരുടെ കഥാപ്രസംഗങ്ങളിലൂടെ യേശുക്രിസ്തുവിന്റെ ജീവിതവൃത്താന്തങ്ങള്‍ അറിയുന്നു. ഹിന്ദുമത കഥകളേക്കാള്‍ മഹത്തരമാണ് ക്രിസ്തുവിന്റെ കഥകളെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഒടുവില്‍ കുഞ്ചുപ്പിള്ളയും പണിക്കരും ബൈബിള്‍ വാങ്ങുന്നു. പിന്നീട് ഗുരുവായൂര്‍ക്ക് പോകേണ്ടവര്‍ ഗുരുവായൂരിലേക്കും ആഖ്യാതാവായ ക്രിസ്ത്യന്‍ മുതല്‍പ്പിടിക്കാരന്‍ വീട്ടിലേക്കും തിരിക്കുന്നതോടെ പുല്ലേലിക്കുഞ്ചു അവസാനിക്കുന്നു.

ജാതിവ്യത്യാസങ്ങളെയും ബിംബാരാധനയേയും വിമര്‍ശിക്കുന്ന, സോക്രട്ടീസ് സ്‌കൂളിനെ ഓര്‍മ്മിപ്പിക്കുന്ന തലനാരിഴ കീറിയുള്ള ഈ പരിശോധന ഏറെ രസകരവും വസ്തുതകളെ സ്ഥൂലരൂപത്തില്‍ പരിശോധിക്കുന്നവര്‍ക്കു (മലയാളി ബ്രാഹ്മണനടക്കമുള്ളവര്‍ക്ക്)ള്ള തിരിച്ചടിയുമാണ്. ബിംബാരാധനയും ജാതിവ്യത്യാസങ്ങളും ‘വ്യഥാസൃഷ്ടികള്‍’ എന്ന രൂപത്തില്‍ എത്തിച്ചേരുമ്പോള്‍ ഹിന്ദുമതത്തിന്റെ സ്വത്വം എന്നതു തന്നെ ഒരു ‘ശൂന്യത’യായി മാറുന്ന കാഴ്ച കാണാം. ഗ്രന്ഥകാരന്റെ ലക്ഷ്യവും അതു തന്നെയാണെന്ന് സ്പഷ്ടമാകുന്നത് നോവലിന്റെ മൂന്നാമത്തെ ഭാഗത്ത് ക്രിസ്തുവിന്റെ മഹത്വങ്ങളെ അവതരിപ്പിക്കുമ്പോഴാണ്. ഇവിടെത്തുമ്പോഴേക്കും ഗ്രന്ഥകാരന്റെ നോവലിസ്റ്റെന്ന ആട്ടിന്‍തോല്‍ അഴിഞ്ഞുവീഴുകയും ആര്‍ച്ച് ഡീക്കന്‍ കോശിയെന്ന ക്രിസ്തുമതപ്രചാരകന്‍ തല്‍രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് കാണാം. മഹാഭാരത യുദ്ധത്തില്‍ ശിഖണ്ഡിയെന്നപോലെ പുല്ലേലിക്കുഞ്ചു നില്‍ക്കുകയും കോല്‍പോര്‍ട്ട്യാരുടെ രൂപത്തില്‍ കോശി മുന്‍പു സൂചിപ്പിച്ച ‘ശൂന്യത’യില്‍ ക്രിസ്തുമതം നിറയ്ക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് ലേഖനത്തിന്റെ ആദ്യഭാഗത്ത് വരേണ്യവര്‍ഗം ഈ നോവലിനെ തങ്ങളുടെ സംസ്‌കാരത്തിന്‍മേലുള്ള ഒരു അധിനിവേശരൂപമായി കണ്ടു എന്ന് ഞാന്‍ സൂചിപ്പിച്ചത്. പുല്ലേലിക്കുഞ്ചു തമസ്‌കരിക്കപ്പെടാനുള്ള മുഖ്യകാരണവും ഇതു തന്നെ. ഈ ‘അധിനിവേശ സ്വഭാവം’ കൊണ്ടു തന്നെയാണ് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയ (1892 ജനുവരിയില്‍ ഒന്നാം പതിപ്പ്) വും തമസ്‌കരിക്കപ്പെട്ടത്. പുല്ലേലിക്കുഞ്ചു ‘മാര്‍ഗ്ഗംകൂടാന്‍’ പ്രേരിപ്പിക്കുമ്പോള്‍ സരസ്വതീ വിജയം ഇംഗ്ലീഷ് വിദ്യാഭ്യാസവും ക്രിസ്തുമത സ്വീകാരവും വഴി അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനത (പുലയര്‍)യുടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച് പറയുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം ഇന്ദുലേഖയിലും പരാമര്‍ശിക്കുന്നുവെങ്കിലും അവിടെ ഒരു ‘പരിഷ്‌ക്കരണമാണ്’ ആവശ്യപ്പെടുന്നത്. അല്ലാതെ ‘ബദല്‍’ അല്ല. മാത്രമല്ല ഈ ‘പരിഷ്‌ക്കരണം’ ആവശ്യപ്പെടുന്ന ഗ്രന്ഥകര്‍ത്താക്കള്‍ നവവരേണ്യവര്‍ഗത്തില്‍പെടുന്നവരും, ബദല്‍ ആവശ്യപ്പെട്ടത് ക്രിസ്തുമതക്കാരോ, ക്രിസ്തുമതത്തില്‍ ചേരാന്‍ പ്രേരണ നല്‍കിയവരോ ആണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇംഗ്ലീഷ് ഭാഷയേയും ഇംഗ്ലീഷ് സംസ്‌ക്കാരത്തേയും സമൂഹത്തിലെ രണ്ടാം നിരക്കാരായ ശൂദ്രരെ അപേക്ഷിച്ച് പതുക്കെയാണ് ബ്രാഹ്മണര്‍ സ്വീകരിച്ചത്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യമാണിതിന് പ്രധാന കാരണം. എന്നാല്‍ ഇംഗ്ലീഷ് സംസ്‌കാരത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ‘രണ്ടാം നിരക്കാര്‍’ വളരെ പെട്ടെന്ന് സാമ്പത്തികമായും സാമൂഹികമായും ഉയര്‍ച്ച പ്രാപിച്ചു. ഒരു പുതിയ സവര്‍ണ്ണസമൂഹം അപ്പോള്‍ സൃഷ്ടിക്കപ്പെടുകയായി. ഇന്ദുലേഖയിലൂടെയും, മീനാക്ഷിയിലൂടെയും പരിഷ്‌ക്കരണം ആവശ്യപ്പെട്ടത് ഈ ‘നവസവര്‍ണ്ണര്‍’ ആണ്. നമ്പൂതിരിമാര്‍ക്കും തങ്ങള്‍ക്കും ഇടയിലുള്ള ‘വിടവ്’ (സവര്‍ണര്‍ക്കിടയിലുള്ള ഉയര്‍ച്ചതാഴ്ചകള്‍) ഇല്ലാതാക്കാനാണ് അവ ആവശ്യപ്പെട്ടത്. നവസവര്‍ണ്ണന്റെ കാഴ്ചപ്പാടുകളെ പ്രതിനിധാനം ചെയ്യുന്ന ഇന്ദുലേഖയും മീനാക്ഷിയും ഒക്കെ സ്വീകരിക്കപ്പെട്ടത് അതു കൊണ്ടാണ്. ഈ രണ്ടു നോവലുകളും പ്രധാനമായും ലക്ഷ്യമാക്കുന്ന സാമൂഹികാനാചാരം ‘നമ്പൂതിരി സംബന്ധങ്ങളാണ്!’ എന്നാല്‍ നമ്പൂതിരിമാരുടെ കാമഭ്രാന്ത് ശമിപ്പിക്കുവാനുള്ള മാംസക്കുപ്പകളല്ല തങ്ങളുടെ ശരീരം എന്ന് തിരിച്ചറിയുന്ന മീനാക്ഷിയും, ഇന്ദുലേഖയും ഈ നോവലുകളുടെ തിളക്കം കൂട്ടുന്നു. ‘സ്ത്രീശാക്തീകരണം’ എന്ന ലക്ഷ്യം ഈ രണ്ടു നോവലുകളിലുമുണ്ട്. കാലാകാലങ്ങളായി സവര്‍ണ്ണന് മുന്‍പില്‍ തങ്ങളുടെ സ്ത്രീകളെ അടിയറവെക്കേണ്ടിവന്നതിലൂടെ പുരുഷത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഒരു വിഭാഗത്തിന്റെ ‘ഉത്തമസ്ത്രീ സങ്കല്‍പം’ എന്ന നിലയിലും ഇന്ദുലേഖയേയും മീനാക്ഷിയേയും കണ്ടെത്താം. ജീവിതത്തില്‍ നഷ്ടപ്പെട്ടത് സാഹിത്യത്തിലൂടെ തിരിച്ചെടുക്കാനുള്ള നവസവര്‍ണന്റെ ശ്രമമായും ഇതിനെ വായിക്കാം. ഇതല്ലാതെ ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കാന്‍ സവര്‍ണരും നവസവര്‍ണരും ആഗ്രഹിച്ചില്ല. സവര്‍ണര്‍+നവസവര്‍ണര്‍ എന്ന ഈ പുതിയ സഖ്യത്തിനെതിരെ ബാസല്‍മിഷന്‍കാരും, മാര്‍ഗ്ഗം കൂടിയവരും ചേര്‍ന്ന സഖ്യത്തിന് മേല്‍ക്കൈ ലഭിക്കാതെ വന്നപ്പോള്‍ പുല്ലേലിക്കുഞ്ചുവും സരസ്വതീ വിജയവും തമസ്‌കരിക്കപ്പെട്ടു. ചുരുക്കത്തില്‍ തങ്ങളിലേക്ക് അധിനിവേശം നടത്താനിരിക്കുന്ന ഒരു സംസ്‌കാരത്തെ തമസ്‌കരിക്കാന്‍ വരേണ്യവര്‍ഗം ശ്രമിച്ചപ്പോള്‍ അതോടൊപ്പം തമസ്‌കരിക്കപ്പെട്ടത് പുല്ലേലിക്കുഞ്ചു, സരസ്വതീ വിജയം തുടങ്ങിയ നോവലുകളുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അധിനിവേശത്തിന്റെ അരികുവല്‍ക്കരണം ഒരര്‍ത്ഥത്തില്‍ അടിമജീവിതത്തിന്റെ പാര്‍ശ്വവല്‍ക്കരണം കൂടിയാകുന്ന വിചിത്രമായൊരു കാഴ്ച സൂക്ഷ്മവായനയില്‍ കാണാവുന്നതാണ്.

വ്യക്തമായ നിര്‍വചനങ്ങള്‍ക്കുള്ളില്‍ തളയ്ക്കാന്‍ കഴിയാത്ത, ഒട്ടും വ്യവസ്ഥാപിതമല്ലാത്ത സാഹിത്യ രൂപമാണ് നോവല്‍. ആദിമധ്യാന്തവും പരിണാമ ഗുപ്തിയും ഉള്ള ഒരു കഥയുടെ നിര്‍വചനം മനസില്‍ സൂക്ഷിച്ചുകൊണ്ട് നോവലിനെ സമീപിക്കുന്നവര്‍ക്ക് പുല്ലേലിക്കുഞ്ചുവിനെ ഒരു നോവല്‍ ആയി കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നോവല്‍ നിയതമായ ഒരു കഥ പറയണമെന്നില്ല. കഥ നിര്‍ബന്ധമില്ലെന്ന് കൂടി ഇ. എം. ഫോസ്റ്ററെയും, ഹെന്റി ജെയിംസിനെയും പോലുള്ളവര്‍ വാദിക്കുന്നുണ്ട്. ‘നോവല്‍ ഒരു കഥപറയുന്നു’ എന്ന മട്ടില്‍ ഇതിനെ പരിഹസിക്കുന്നുമുണ്ട് ഇ. എം. ഫോസ്റ്റര്‍ തന്റെ ആസ്‌പെക്റ്റ്‌സ് ഓഫ് ദി നോവല്‍ എന്ന കൃതിയില്‍. “A fictitious prose narrative of considerable length in which characters and actions representative of real life are portrayed in a plot of more or less complexity” എന്ന് The shorter Oxford English Dictionary on Historical Principles നോവലിനെ നിര്‍വചിക്കുന്നു. അതായത് ‘ഏറെയോ കുറഞ്ഞോ സങ്കീര്‍ണ്ണമായ ഒരു ഇതിവൃത്തത്തില്‍ യഥാര്‍ത്ഥ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും ഉള്‍പ്പെടുത്തപ്പെട്ട നിലയില്‍ വേണ്ടത്ര ദൈര്‍ഘ്യമുള്ള ഒരു സാങ്കല്‍പിക ഗദ്യവിവരണ’മാണ് (സ്വതന്ത്രവിവര്‍ത്തനം) നോവല്‍. അംഗീകൃതമായ ഈ നിര്‍വചനപ്രകാരം തന്നെ ആദിമധ്യാന്തമുള്ള ഒരു കഥ (ഇതിവൃത്തം) നിര്‍ബന്ധമല്ലെന്ന് കാണാം. കഥാപാത്രങ്ങളെയും പ്രവൃത്തികളെയും ആദ്യാവസാനം ചേര്‍ത്തുകൊണ്ടുപോകുന്ന ഒരു ചരടായി ഇതിവൃത്തത്തെ കണ്ടാല്‍ മതി. ഈ ഒരു തലത്തിലൂടെ പുല്ലേലിക്കുഞ്ചുവിനെ വായിച്ചു നോക്കുക. പ്രഥമ വായനയില്‍ സ്വതന്ത്രമായ മൂന്നു ലേഖനങ്ങളായാണ് ‘പുല്ലേലിക്കുഞ്ചു’ അനുഭവപ്പെടുന്നത്. എന്നാല്‍ അവ ചേര്‍ത്തു വായിക്കുമ്പോള്‍ അതിനുള്ളിലെവിടെയോ ഒരു ജീവിതം വികസിച്ചു വരുന്നത് കാണാം. അന്ധവിശ്വാസവും അനാചാരവും കൊണ്ട് കലുഷിതമായ ഒരു സമൂഹത്തിലെ ഇടത്തട്ടുകാരായ ചിലര്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെതുമായ ഒരു മതത്തിലേക്ക് പതിയെ നീങ്ങുന്നതാണ് പുല്ലേലിക്കുഞ്ചുവിന്റെ ഇതിവൃത്തമായി കാണാന്‍ കഴിയുക. എന്നാല്‍ ഈ മൂന്നു സ്വതന്ത്ര ലേഖനങ്ങള്‍ ഒന്നു ക്രമം മാറ്റി വെച്ചു നോക്കിയാല്‍ മേല്‍പറഞ്ഞ രീതിയില്‍ അനുക്രമം വികസിക്കുന്ന ഒരു ഇതിവൃത്തം അതിന് ഇല്ലാതാവുകയും ചെയ്യും! സുപ്രസിദ്ധമായ സിന്‍ഡ്രെല്ലയുടെ കഥയില്‍ രാജകുമാരന്‍ സിന്‍ഡ്രല്ലയുടേതായ ഒരു ചെരുപ്പുമായി സിന്‍ഡ്രല്ലയെ തേടിയിറങ്ങുകയായി. തേടിത്തേടിയൊടുവില്‍ വീട്ടുവേലക്കാരിയായ ഒരു പെണ്‍കുട്ടിയെ ഈ ചെരിപ്പണിയിച്ചപ്പോള്‍ രാജകുമാരന് സിന്‍ഡ്രല്ലയെ തിരിച്ചു കിട്ടുന്നു. ചെരിപ്പണിയിക്കുന്നതുവരെ വെറും വീട്ടുവേലക്കാരിയായിരുന്ന പെണ്‍കുട്ടി ചെരിപ്പണിഞ്ഞപ്പോള്‍ അതിമനോഹരിയായി മാറുന്നു. അതു തന്നെയാണ് പുല്ലേലിക്കുഞ്ചുവിലും സംഭവിച്ചത്. ഒരു പ്രത്യേക രീതിയില്‍ സ്വതന്ത്രമായ മൂന്നു ലേഖനങ്ങളെ അടുക്കിയപ്പോള്‍ അത് ഇതിവൃത്തമുള്ളൊരു നോവലായി വികസിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും പുല്ലേലിക്കുഞ്ചുവില്‍ ധാരാളമുള്ളതിനാല്‍ ആ ഒരു രീതിയിലുള്ള തര്‍ക്കം ആരും ഉയര്‍ത്തുന്നില്ല. നോവല്‍ എന്ന മാധ്യമത്തില്‍ പുല്ലേലിക്കുഞ്ചുവിനെ ഉള്‍പ്പെടുത്താന്‍ തടസ്സമായി എനിക്കു തോന്നുന്നത് ഏതാണ്ട് 80 പേജ് മാത്രമുള്ള അതിന്റെ വലിപ്പമാണ്. ‘വേണ്ടത്ര ദൈര്‍ഘ്യം’ എന്നത് ആപേക്ഷികമാണെന്ന് കരുതേണ്ടി വരും. അല്ലാത്തപക്ഷം മലയാളത്തിലെ സുപ്രസിദ്ധങ്ങളായ പലനോവലുകളും ചെറുകഥകളുടെ വിഭാഗത്തില്‍ ഒതുങ്ങേണ്ടി വരും. പുല്ലേലിക്കുഞ്ചു ഒരു നല്ല നോവലാണോ എന്നത് ഒരു തര്‍ക്ക വിഷയമാണ് എന്നാല്‍ ആദ്യ മലയാള നോവല്‍ പുല്ലേലിക്കുഞ്ചുവാണെന്നത് തര്‍ക്കവിഷയമാവേണ്ടതില്ല.

വിജയന്‍ കോടഞ്ചേരി
ജനനം 1971ല്‍ കോടഞ്ചേരി എല്‍.പി സ്‌കൂള്‍ . പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍, പൂനെ ഭാരതീയ വിദ്യാപീഠ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, ഇംഗ്ലീഷ് സാഹിത്യം. നിയമം എന്നിവയില്‍ ബിരുദം. മലയാളത്തിലെ ആദ്യകാല കഥകള്‍ (എഡിറ്റര്‍) ജെറീന - ഒരു മലയാളി ഹിജഡയുടെ ആത്മകഥ (ബി.ഹരിയോടൊപ്പം) 2006ലെ അപ്പന്‍ തമ്പുരാന്‍ സാഹിത്യ പുരസ്‌കാര ജേതാവ്. അജപാലകന്‍, സോദോം പാപത്തിന്റെ ശേഷപത്രം എന്നിവയാണ് പ്രധാന കൃതികള്‍.

പ്രണയ പരാജയം

Aasif Thaha


മെറിന്‍,
നീ എന്നെ വലിച്ചെറിഞ്ഞത്
ഏകാന്തതയുടെ തെരുവിലേക്കാണ്.
പ്രണയം അന്യമായ
ചലനങ്ങള്‍ നിലച്ച
സ്‌നേഹം മരിച്ച
പൊള്ളയായ ഹൃദയവും,
ശൂന്യമായ അന്തരീക്ഷവുമുള്ള
ഏകാന്തതയുടെ തെരുവ്.
ഇതിനുമുമ്പ് ഈ തെരുവില്‍
തള്ളപ്പെട്ടവര്‍
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
ലോകത്തേക്ക് എന്നെ ക്ഷണിച്ചു.
അപ്പോഴൊക്കെ ഞാന്‍
തളര്‍ന്നുറങ്ങുകയായിരുന്നു.
നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്,
ഞാന്‍ കരഞ്ഞു തളര്‍ന്നിരുന്നു.

ഈ തെരുവില്‍
കണ്ണില്‍ നിന്നുതിര്‍ക്കുന്നത്
രക്തമായിരുന്നു.
ആ കണ്ണീര്‍ത്തുള്ളികള്‍
നടവഴികളിലും,
നിലത്തും
ചുവന്നു തളം
കെട്ടി കിടന്നിരുന്നു.

ഈ തെരുവില്‍-
നിന്നു രക്ഷപ്പെടാന്‍
ഒരു മാര്‍ഗ്ഗവും ഞാന്‍ കണ്ടില്ല.
ഒടുവില്‍ ഒരു മുഴം കയര്‍ വാങ്ങി
ഞാനതില്‍ തൂങ്ങി.

പ്രിയസുഹൃത്തുക്കളെ
ഏകാന്തതയുടെ
തെരുവിലേക്കുള്ള വാതില്‍
ഞാനിതാ അടയ്ക്കുന്നു.
ഇനിയാര്‍ക്കും ഇവിടെ
പ്രവേശനമില്ല.
ഇന്നുമുതല്‍ ഞാനാണീ
തെരുവിന്റെ നായകന്‍.
അതിനാല്‍ നിങ്ങള്‍....

സ്ത്രീകള്‍ ശബ്ദിക്കുന്നു

Aasif Thaha


1. ''കന്യകയ്ക്കും വേശ്യയ്ക്കും പുല്ലിംഗമില്ല.''
- സാറാ ജോസഫ്, എഴുത്തുകാരി.

2. ''മഹത്വം സ്ത്രീക്കു തന്നെയാണ്.
പുരുഷന്‍ നിഷേധിച്ചാലും ഇല്ലെങ്കിലും
മാതൃത്വം സ്ഥായിയാണ്.
അതിന് തെളിവുകളുടെയും ശബ്ദങ്ങളുടെയും
ആവശ്യമില്ല.''
- വിനയ, പോലീസ് ഉദ്യോഗസ്ഥ

3. ''പ്രണയം വിവാഹം കുടുംബജീവിതം എന്നിവയൊക്കെ
പുരുഷന്റെ സ്വാര്‍ത്ഥതയാണ്.''
- പാമ, എഴുത്തുകാരി.

സ്ത്രീവിമോചനത്തിനുവേണ്ടി
സംസാരിക്കുന്നവര്‍പോലും സ്വന്തം
കുടുംബത്തിന്റെ കാര്യം വരുമ്പോള്‍,
അവരുടെ മനോഭാവങ്ങള്‍ മാറുന്നു.
ലൈംഗികതയെ പറ്റി സിനിമാനടി
ഖുഷ്ബു അഭിപ്രായപ്രകടനം നടത്തിയപ്പോള്‍
ഉണ്ടായ രോഷപ്രകടനങ്ങള്‍
യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ സ്വയം
നിര്‍ണ്ണയാവകാശത്തെ ചോദ്യം ചെയ്യലാണ്.
എന്തായാലും സ്ത്രീകള്‍
മുഖ്യധാരയിലേക്കിറങ്ങി വരുമെന്ന്
നമുക്ക് പ്രത്യാശിക്കാം.

സൗഹൃദം

Aasif Thaha

ഇനിയുള്ള കാലം
സ്വവര്‍ഗ്ഗ സൗഹൃദത്തിന്റേത്
സ്ത്രീ:- ''എനിക്കായി നീയും
നിനക്കായി ഞാനുമുണ്ടെങ്കില്‍
എന്തിന് വേറൊരു പുരുഷന്‍.''
പുരുഷന്‍:- ''എനിക്കായി നീയും
നിനക്കായി ഞാനുമുണ്ടെങ്കില്‍
എന്തിന് വേറൊരു സ്ത്രീ.''
നിലച്ചു, എല്ലാം
ലോകം ഇരുട്ടിലായി.

സന്തോഷം, സങ്കടം

Aasif Thaha

വ്യത്യസ്തമായ ഈ രണ്ട്
വികാരങ്ങളെ കോര്‍ത്തിണക്കാന്‍ - പ്രയാസം
പക്ഷേ, ഈ രണ്ട് സന്ദര്‍ഭങ്ങളിലും
ഇന്നിന്റെ തലമുറ അവനില്‍ അഭയം പ്രാപിക്കും.
ഉറക്കം വരാത്ത രാത്രികളില്‍
അവന്‍ എന്നെ ബോധം കെടുത്തി - ഉറക്കി
ഒരിക്കല്‍ കവി എ.അയ്യപ്പന്‍ പറഞ്ഞു
--- --- ''അവന്‍ സ്‌നേഹമാണെന്ന്.''

വയലാറിനെയും ചങ്ങമ്പുഴയെയും
അവന്‍, കാവ്യഭാവനയുടെ
വര്‍ണ്ണപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒടുവില്‍ അവരുടെ ജീവനും
അവന്‍ തന്നെ എടുത്തു.

കായികം

Aasif Thaha

1. സാനിയ
അപ്പൂപ്പന്മാര്‍ ടെന്നീസ് പഠിക്കുന്ന കാലം
അല്ലെങ്കില്‍ ടെന്നീസ് അറിയാമെന്ന വ്യാജേന
വിഡ്ഡിപ്പെട്ടിക്കു മുന്നില്‍ സ്ഥാനം പിടിക്കുന്നു.
റാക്കറ്റില്‍ നിന്നുതിര്‍ക്കുന്ന എയിസുകള്‍ക്കായി,
വാശിയേറിയ മത്സരം ആസ്വദിക്കാന്‍
വാല്‍കഷ്ണം:
മുകളില്‍ നിന്ന്
ഒരാള്‍ വിളിച്ചുപറഞ്ഞു
സാനിയ മേനി മറച്ച് ടെന്നീസ് കളിക്കണം


2. ബുധിയ
മൂന്നുവര്‍ഷം പ്രായമുള്ള ആ പിഞ്ചുകാലുകള്‍
ഓടിത്തീര്‍ത്തത് 60 കിലോമീറ്ററുകളാണ്
ഒന്നല്ല, ഒമ്പതു തവണ

ചുവര്‍ച്ചിത്രകല

കെ. കിരണ്‍ചന്ദ്

കലകളില്‍ വച്ച് ചിത്രകലയ്ക്കും ചിത്രകലാ സമ്പ്രദായങ്ങളില്‍ വച്ച് ചുവര്‍ച്ചിത്ര രചനയ്ക്കും സവിശേഷമായൊരു പ്രാധാന്യം പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തെ ചുവരുമായി ബന്ധപ്പെടുത്തുന്ന പഴഞ്ചൊല്ലുകള്‍ പല ഭാരതീയ ഭാഷകളിലും കാണാം. പലകയിലും, തുണിയിലും മറ്റും ചിത്രങ്ങള്‍ വരച്ചിരുന്നുവെങ്കിലും ആദ്യകാലം മുതല്‍ ചുവര്‍ച്ചിത്രങ്ങള്‍ക്കായിരുന്നു ഭാരതത്തില്‍ വ്യാപകമായ പ്രചാരം.


 ഭാരതത്തിലെ ചുവര്‍ച്ചിത്രകലയുടെ പൂര്‍വമാതൃകകള്‍ ചരിത്രാതീതകാലത്ത് രൂപം കൊണ്ടിട്ടുള്ള ഗുഹാചിത്രങ്ങളില്‍ കണ്ടെത്താന്‍ കഴിയും, ഭീമ് ബകേ, മീഴ്‌സാപൂര്‍, ബാന്ദ, സിംഗാന്‍പൂര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും പിഖ്ഹ്ഹാല്‍, മെഹബൂബ് നഗര്‍ (ആന്ധ്ര), ബല്ലാഗി (കര്‍ണ്ണാടകം), മറയൂര്‍ (കേരളം), മല്ലംപാടി (തമിഴ്‌നാട്) തുടങ്ങിയ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലും കാണുന്ന ഗുഹാചിത്രങ്ങള്‍ നമ്മുടെ ആദിമ ചിത്രകലയുടെ സവിശേഷതകള്‍ വ്യക്തമാക്കുന്നു.

ഇടക്കൽ ഗുഹാചിത്രം
ഗുഹാചിത്രങ്ങളെ ചുവര്‍ചിത്രങ്ങളുടെ പൂര്‍വരൂപങ്ങള്‍ എന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. കെട്ടിപ്പടുത്ത ചുവരില്‍ പരുക്കന്‍ പ്രാഥമിക പ്രതലം തേച്ചുപിടിപ്പിച്ച ശേഷമുള്ള നേര്‍മയുള്ള ദ്വിതീയ പ്രതലം പൂശി അതിന്മേല്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ ചുവര്‍ചിത്രങ്ങള്‍. ശാസ്ത്രീയമായ രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ വരച്ച് ദേവാലയങ്ങളും രാജകീയ സൗധങ്ങളും മോടിപിടിപ്പിക്കുന്ന ആലേഖ്യ സമ്പ്രദായം ഭാരതത്തില്‍ രൂപം കൊണ്ടിട്ട് രണ്ടായിരത്തി ഇരുന്നൂറ് വര്‍ഷങ്ങളെങ്കിലും കഴിഞ്ഞുവെന്ന് ഊഹിക്കാം.

കളിമണ്ണും ജൈവപദാര്‍ഥങ്ങളും തമ്മില്‍ കുഴച്ചുണ്ടാക്കിയ ഒരു മിശ്രിതം ആദ്യം പരുക്കന്‍ മട്ടിലും പിന്നീട് കുമ്മായം കൂടി ചേര്‍ത്ത ഇതേ മിശ്രിതം നേര്‍മയിലും. പാറച്ചുവരില്‍ പൂശിയ ശേഷം പ്രകൃതിദത്തമായ ചായങ്ങള്‍ ഉപയോഗിച്ച് വരച്ചവയാണ് അജന്താചിത്രങ്ങള്‍. നനവുള്ള ഭിത്തിയില്‍ ഉടനുടന്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യരുടെ ഫ്രെസ്‌കോസങ്കേതത്തില്‍ നിന്നും പാടേ ഭിന്നമാണ്, ഉണങ്ങിയ ഭിത്തിയില്‍ വര്‍ണചിത്രങ്ങള്‍ സാവകാശം വരയ്ക്കുന്ന അജന്താ ചിത്രകാരന്മാരുടെ ഡ്രൈ-ഫ്രെസ്‌കോ ശൈലി.

അജന്താചിത്രം
ഇന്ത്യയില്‍ രാജസ്ഥാന്‍ കഴിഞ്ഞാല്‍ പുരാതത്വ പ്രാധാന്യമുള്ള ചുവര്‍ചിത്രങ്ങള്‍ കൂടുതല്‍ കാണുന്ന സംസ്ഥാനം കേരളമാണ്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള കാലത്ത് വരച്ച ചുവര്‍ചിത്രങ്ങളാണ് കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. വര്‍ണലാവണ്യത്തില്‍ അജന്താചിത്രങ്ങള്‍ എങ്ങനെയാണോ മുന്തിനില്‍ക്കുന്നത് അതുപോലെ രേഖാചാരുതയില്‍ കേരളീയ ചുവര്‍ചിത്രങ്ങളും മികച്ചുനില്‍ക്കുന്നു.

പത്മനാഭപുരം, കൃഷ്ണപുരം, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ കൊട്ടാരങ്ങളിലും, പത്മനാഭസ്വാമിക്ഷേത്രം, പനയന്നാര്‍കാവ്, പുണ്ഡശീകപുരം, ഏറ്റുമാനൂര്‍, തൃപ്രയാര്‍, കോട്ടയ്ക്കല്‍, ലോകനാര്‍കാവ് തുടങ്ങിയ അമ്പലങ്ങളിലും കോട്ടയം ചെറിയപള്ളി, ചേപ്പാട് പള്ളി, അങ്കമാലിപള്ളി, കാഞ്ഞൂര്‍പള്ളി, അകപ്പറമ്പ്പള്ളി തുടങ്ങിയ ക്രൈസ്തവ ദേവാലയങ്ങളിലും കേരളീയ ശൈലിയിലുള്ള ചുവര്‍ച്ചിത്രങ്ങള്‍ കാണാം.പ്രാചീനകാലം മുതല്‍ ചുവര്‍ചിത്രങ്ങള്‍ക്ക് പേരുകേട്ട മറ്റൊരു പ്രദേശമാണ് ഒറീസ്സായിലെ പുരി. രാജസ്ഥാനിലും, കേരളത്തിലുമെന്നപോലെ ഒറീസ്സയിലും ചുവര്‍ച്ചിത്രാലേഖനം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്ന ഭാരതീയ പാരമ്പര്യങ്ങളിലൊന്നാണ്.ചിത്രകലയുടെ ആത്മാവ് രേഖകളിലാണെന്ന ദര്‍ശനം അജന്താകാലഘട്ടത്തിനു ശേഷമുള്ള ഭാരതീയ ചുവര്‍ചിത്രങ്ങളിലെല്ലാം ഒന്നുപോലെ കാണാം. തടിച്ച വരകൊണ്ട് സാമീപ്യവും നേര്‍ത്ത വരകൊണ്ട് അകല്‍ച്ചയും ചിത്രീകരിക്കുവന്‍ കഴിയുമെന്ന് ഇന്ത്യയില്‍ എവിടെയുമുള്ള ചുവര്‍ചിത്ര കലാകാരന്മാര്‍ മനസ്സിലാക്കിയിരുന്നു.
പത്മനാഭപുരം കൊട്ടാരം


വര്‍ണചിത്രങ്ങള്‍ വരച്ച് ദേവാലയങ്ങളും രാജകീയ സൗധങ്ങളും മോടിപിടിപ്പിക്കുന്ന ആലേഖ്യസമ്പ്രദായം ഭാരതത്തില്‍ രൂപം കൊണ്ടിട്ട്, ചുരുങ്ങിയത് രണ്ടായിരം വര്‍ഷങ്ങളെങ്കിലും കഴിഞ്ഞു. വാല്മീകിയുടെ രാമായണത്തിലും ഭരതന്റെ നാട്യശാസ്ത്രത്തിലും, നാരദശില്പ ചുവര്‍ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിഷ്ണുധര്‍മോത്തരത്തിലെ ചിത്രസൂത്രം (ഏഴാം നൂറ്റാണ്ട്), സോമേശ്വരന്റെ അഭിലാഷ ചിന്താമണി (പന്ത്രണ്ടാം നൂറ്റാണ്ട്), പരമാര രാജാവായ ഭോജന്റെ സമരംഗണ സൂത്രധാരം, കേരളീയനായ ശ്രീകുമാരന്‍ എഴുതിയ ശില്പരത്‌നം (പതിനാറാം നൂറ്റാണ്ട്) തുടങ്ങിയ കൃതികളില്‍ നിന്ന് ചുവര്‍ച്ചിത്രങ്ങളുടെ ധര്‍മത്തെക്കുറിച്ചും ആലേഖന സമ്പ്രദായങ്ങളെക്കുറിച്ചും ഏകദേശ വിവരണങ്ങള്‍ ലഭിക്കുന്നു. ചുവര്‍ച്ചിത്രങ്ങള്‍ വരയ്‌ക്കേണ്ടത് എങ്ങനെ എന്നു പ്രതിപാദിക്കുന്ന അനേകം താളിയോല ഗ്രന്ഥങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചുവര്‍ച്ചിത്രസമ്പ്രദായത്തെക്കുറിച്ചും രാസഘടനയെക്കുറിച്ചും ഏതാനും ദശകങ്ങള്‍ക്കു മുമ്പ് ഡോ: എസ്. പരമശിവന്‍ നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയങ്ങളാണ്.

ചുവര്‍ച്ചിത്രങ്ങളോടുകൂടിയ 150-ല്‍ ഏറെ മന്ദിരങ്ങള്‍ കേരളത്തില്‍ ഉണ്ട്. തിരുനന്ദതിക്കരയില്‍ (9-ാം നൂറ്റാണ്ട്) നിന്നാരംഭിക്കുന്ന നമ്മുടെ ചുവര്‍ച്ചിത്ര പാരമ്പര്യത്തിന് പത്തുനൂറ്റാണ്ടുകളുടെ തുടര്‍ച്ചയായ ചരിത്രമുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തില്‍ മേല്‍ത്തട്ടിന്റെ അകവശത്തുണ്ടായിരുന്ന ആന, ഇരിക്കുന്ന സ്ത്രീ, നില്‍ക്കുന്ന പുരുഷന്‍, ഗണപതി തുടങ്ങിയ ചിത്രങ്ങള്‍ ആര്യരാജാക്കന്മാരുടെ കാലത്ത് വരച്ചാതാകാനാണ് സാധ്യത.ഗുഹാക്ഷേത്രങ്ങളെ പിന്‍തള്ളി സുഘടിത ക്ഷേത്രങ്ങള്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ തുടങ്ങിയ എട്ടും ഒന്‍പതും നൂറ്റാണ്ടുകള്‍ മുതല്‍ ആര്യസൗഷ്ടവമാര്‍ന്ന ചുവര്‍ചിത്രങ്ങള്‍ക്കു പ്രാധാന്യം ലഭിച്ചുതുടങ്ങി. ദേവീദേവന്മാരെയും നാഗത്താന്മാരെയും അഞ്ചുവര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് നിലത്തുവരയ്ക്കുന്ന ദ്രാവിഡമെന്നൊ, അതല്ലെങ്കില്‍ അവൈദികമെന്നോ പറയാവുന്ന 'കളമെഴുത്തു' സമ്പ്രദായത്തിനായിരുന്നു അതിനു മുമ്പ് ഇവിടെ സാര്‍വത്രികമായ പ്രാധാന്യം. മിക്കവാറും മാഞ്ഞുകഴിഞ്ഞ പാര്‍ഥിവപുരത്തെയും ചിതറാലിലെയും ചിത്രങ്ങളില്‍ തിരുനന്ദിക്കര ശൈലിയുടെ തുടര്‍ച്ച കാണാം.

നമ്മുടെ ചുവര്‍ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യശൈലിയില്‍ അല്ല വരച്ചുപോന്നിട്ടുള്ളത്. കാല്പനികത്വത്തിന്റെയും ആദര്‍ശാത്മക സൗന്ദര്യാവിഷ്‌കരണത്തിന്റെയും, സംശിഷ്ട മാതൃകകളാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍. അവയില്‍ കേരളീയരുടെ വ്യക്തിത്വവും സവിശേഷതകളും പ്രതിഫലിച്ചു കാണാം. വിഗ്രഹനിര്‍മാണത്തിലെ നാല് വ്യവസ്ഥയും അവര്‍ക്കു സ്വീകാര്യമായിരുന്നു. ഇതുകൊണ്ടെല്ലാം നമ്മുടെ ചുവര്‍ച്ചിത്രങ്ങള്‍ കേരളീയമെന്നപോലെ ഭാരതീയവുമാണ്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലത്താണ് കേരളീയ ചുവര്‍ച്ചിത്രങ്ങള്‍ക്ക് ഇന്നുകാണുന്ന രേഖാപ്രസര സൂക്ഷ്മതയും ഭാവതീവ്രതയും വര്‍ണലയവും ചലനാത്മക സൗന്ദര്യവും അലൗകിക ഭംഗിയും കൈവന്നത്.

ഭക്തിപ്രസ്ഥാനത്തിന്റെ സംഭാവന

പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള ചുവര്‍ചിത്രങ്ങളാണ് കേരളത്തില്‍ ഇന്നുകാണുന്നതെന്നു നേരത്തേ പറഞ്ഞുല്ലോ. ഈ കാലഘട്ടത്തിന്റെ സവിശേഷതകള്‍ സാം സ്‌കാരിക ചരിത്രപഠനത്തിലൂടെ വ്യക്തമാവും. ഉറങ്ങുന്ന കുംഭകര്‍ണനെപ്പോലെ കഴിഞ്ഞുകൂടിയ മധ്യകാല കേരളീയ ജനസമൂഹം, പോര്‍ട്ടുഗീസുകാരുടെയും മറ്റും വരവിനെത്തുടര്‍ന്നുണ്ടായ ക്രൂര സംഘട്ടനങ്ങള്‍ കൊണ്ടാണല്ലോ ഞെട്ടി ഉണര്‍ന്നത്. പാശ്ചാത്യരായ കച്ചവടക്കാരുടെ ദുരയും, ക്രൂരതയും, നാട്ടുകാരുടെ കുടിപ്പകയും പേപ്പരുമാന്തന്മാരുടെ അല്പത്തരങ്ങളും ഒന്നുപോലെ അപകടകരമാണെന്നു കണ്ട ക്രാന്തദര്‍ശികളുടെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടാം ഭക്തിപ്രസ്ഥാനം പുതിയൊരു സാംസ്‌കാരിക നവോത്ഥാനത്തിനു വഴിയൊരുക്കി.
ആഴ്‌വാന്മാരുടെയും നായനാരന്മാരുടെയും നേതൃത്വത്തില്‍ തമിഴകത്താരംഭിച്ച ആദ്യത്തെ ഭക്തിപ്രസ്ഥാനത്തിന്റെ അലകള്‍ ഏഴാം നൂറ്റാണ്ടില്‍ത്തന്നെ കേരളത്തില്‍ വന്നെത്തിയിരുന്നു. ചേരമാന്‍ പെരുമാളുടെയും കുലശേഖര ആഴ്‌വാരുടെയും മറ്റും നേതൃത്വത്തില്‍ ഇവിടെ വളര്‍ന്നു പന്തലിച്ച ഒന്നാം ഭക്തിപ്രസ്ഥാനത്തിന് ശങ്കരാചാര്യരോടെ, പൂര്‍ണത കൈവന്നു.
വീണ്ടും ഒന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ ചോഴാക്രമണവും മധ്യകാല സ്വരൂപങ്ങളും ഉയര്‍ച്ചയും കേരളചരിത്രത്തില്‍ ശിഥിലീകരണത്തിന്റെയും അരാജകത്വത്തിന്റെയും വിഷവിത്തുകള്‍ പാകി. ഈ സാഹചര്യം പിന്നെ നാലഞ്ചുനൂറ്റാണ്ടു കാലത്തേക്ക് നിലനിന്നു.

പറങ്കികള്‍ക്കും ലന്തക്കാര്‍ക്കും മറ്റും കേരളത്തിലെ നാടുവാഴികളുടെമേല്‍ അനായാസമായി പിടിമുറുക്കുവാന്‍ ഇന്നാട്ടിലെ ഭരണശൈഥില്യം അവസരം കൊടുത്തു. സമകാലിക രാഷ്ട്രീയ അരക്ഷിതത്വത്തോടുണ്ടായ പ്രതിഷേധവും തുടര്‍ന്നുണ്ടായ വിരക്തിയുമാകാം പുതിയ ഭക്തിപ്രസ്ഥാനത്തിന് നിമിത്തമായത്. വില്വമംഗലത്തിന്റെയും എഴുത്തച്ഛന്റെയും (16-ാം നൂറ്റാണ്ട്), മേല്‍പ്പത്തൂരിന്റെയും (1560 - 1646), പൂന്താനത്തിന്റെയും (1547 - 1640) സാന്നിധ്യത്തോടെ ഈ പുതിയ ഭക്തിപ്രസ്ഥാനം ദ്രുതതാളത്തിലായി. കൃഷ്ണനാട്ടമെഴുതിയ മാനവേദനും (ഭരണകാലം 1637 - 1648) രാമനാട്ടമെഴുതിയ കൊട്ടാരക്കരത്തമ്പുരാനും (17-ാം നൂറ്റാണ്ട്) ഈ ഭക്തിപ്രസ്ഥാനത്തിന്റെ സൃഷ്ടികളാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂറിന്റെ ആക്രമണവും തുടര്‍ന്നുണ്ടായ അവ്യവസ്ഥിതിയും ക്ഷേത്രസംസ്‌കാരത്തിന്റെ തകര്‍ച്ചയും ബ്രിട്ടീഷ് ആധിപത്യവും ഉത്തരകേരളചരിത്രത്തെ ഒരു വിശ്വാസ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന കേണല്‍ മണ്‍റോ ദേവസ്വങ്ങളുടെ ഭരണം ഗവണ്‍മെന്റു നേരിട്ട് ഏറ്റെടുക്കണമെന്ന് (1820) തീരുമാനിച്ചതോടെ, ക്ഷേത്രങ്ങളെ കേന്ദ്രമാക്കിയുള്ള സാമൂഹ്യജീവിതത്തിന്റെ ഘടന അടിമുടി മാറിപ്പോയി. ക്ഷേത്രകലകളുടെ ഭാഗമായി വികസിച്ച ചുവര്‍ചിത്രകലയുടെ പ്രഭ അതോടെ മങ്ങാന്‍ തുടങ്ങി. രാജാരവിവര്‍മ്മയുടെ നവീനശൈലിയിലുള്ള ക്യാന്‍വാസ് ചിത്രങ്ങള്‍ക്കു ലഭിച്ച ആഗോള പ്രസിദ്ധി കൂടി ആയപ്പോള്‍ പാരമ്പര്യശൈലിയില്‍ വരച്ചിരുന്നവര്‍ക്കുപോലും രവിവര്‍മ്മയെ അനുകരിക്കുവാന്‍ തിടുക്കമായി. പാരമ്പര്യശൈലി പുനരാവിഷ്‌കരിക്കാനുള്ള ചില പരിശ്രമങ്ങള്‍ ഗുരുവായൂര്‍ കേന്ദ്രമാക്കി ആരംഭിച്ചിട്ടുണ്ട്.

ബൈബിളിലെ ഇതിവൃത്തങ്ങളാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ക്ക് ആധാരം. സാത്താന്‍ നല്‍കിയ വിലക്കപ്പെട്ട കനി ഏദന്‍തോട്ടത്തില്‍ വെച്ച് കഴിക്കുന്ന ഹവ്വ, യേശുക്രിസ്തുവിന്റെ ജനനം, ക്രിസ്തുദേവന്റെ അത്ഭുതങ്ങള്‍, പീഡാനുഭവങ്ങള്‍, കുരിശാരോഹണം, ഉയിര്‍ത്തെഴുന്നേല്പ് എന്നിവയാണ് പള്ളിയിലെ ചുവര്‍ച്ചിത്രങ്ങളില്‍ പ്രധാനം.
'മ്യൂറല്‍ പഗോഡ' എന്ന് വിദേശീയര്‍ വിശേഷിപ്പിക്കാറുള്ള പത്മനാഭപുരം കൊട്ടാരത്തിലെ ചിത്രങ്ങളില്‍ പ്രധാനം ഗോപികമാരോടൊത്ത് ഓടക്കുഴല്‍ വായിക്കുന്ന കുമാരനായ ശ്രീകൃഷ്ണന്റേതാണ്. ഭാഗവതത്തിന്റെയും ഗീതഗോവിന്ദത്തിന്റെയും സംസ്‌കാരവുമായി തന്മയീഭാവം സാധിച്ച ഒരു ചിത്രകാരന്റെ ഭക്തിസാന്ദ്രമായ മനസ്സ് ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നു. ശ്രീകൃഷ്ണ സാന്നിധ്യത്തില്‍ നിര്‍വൃതി അനുഭവിക്കുന്ന ഗോപികമാരുടെയും വേണുവായനയില്‍ ലയിച്ച് ആനന്ദിക്കുന്ന ശ്രീകൃഷ്ണന്റെയും കണ്ണുകള്‍ ഒരു അദൃശ്യബിന്ദുവില്‍ ഒന്നിക്കുന്നതായി പ്രേക്ഷകര്‍ക്കു തോന്നിക്കുവാന്‍ ചിത്രകാരന് കഴിഞ്ഞിരിക്കുന്നു. പ്രതലം മുഴുവന്‍ ദ്വിമാനതയില്‍ ലയിപ്പിക്കുവാനുള്ള ചിത്രകാരന്മാരുടെ സാധനയ്ക്ക് ഉദാഹരണങ്ങളാണ് പത്മനാഭപുരം കൊട്ടാരത്തിലെ അന്‍പതോളം വരുന്ന ചുവര്‍ച്ചിത്രങ്ങള്‍.