Monday, August 2, 2010
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് വിടവാങ്ങല്‍ പ്രഭാഷണം
വിവർത്തനം - ഡോ. മുഞ്ഞിനാട് പത്മകുമാര്‍
നോക്കൂ, നിശബ്ദതയില്‍ നിന്ന് ഒഴുകി വരുന്ന വെളിച്ചത്തിന്റെ ഒരു ചലനം.അതിന്റെ ചിറകുകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കറുത്തപൊട്ടുകള്‍. രാത്രിശലഭങ്ങളാണ് അതെന്ന് എനിക്കറിയാം. അനന്തമായ ഭൂതകാലത്തു നിന്ന് അനന്തമായ ഭാവിയിലേക്കതു ചിറകുവയ്ക്കുന്നു. ദൈവം ഇതെല്ലാം നിശബ്ദം കണ്ടുനില്‍ക്കുന്നുണ്ട്. ദൈവം ഒരു നിമിഷം എനിക്ക് ലഭ്യമായ പാരിതോഷികങ്ങള്‍ വിസ്മരിക്കുകയും അടുത്ത നിമിഷം എന്റെ മുന്നിലേക്ക് സുഭദ്രമായൊരു ജീവിതം വച്ചു നീട്ടുകയും ചെയ്താല്‍ - അതൊരു പൂര്‍ണ്ണവാക്യമോ സ്വപ്നമോ അല്ലെന്ന് എനിക്കറിയാം. ഞാനൊന്ന് പറയട്ടെ- ദൈവം എനിക്കായി വച്ചുനീട്ടുന്ന കാലം അതെനിക്ക്‌ലഭിക്കുന്ന അപൂര്‍വ ബഹുമതിതന്നെയായിരിക്കും. ആ കാലം മഹത്തായ കര്‍മ്മങ്ങള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കും. മനസ്സില്‍ പൊട്ടിമുളക്കുന്നതെന്തും അപ്പോള്‍ ഞാന്‍ നിഗൂഢമായി സൂക്ഷിക്കുകയും അനശ്വരമെന്നുതോന്നുവ മാത്രമെടുത്ത് നടുകയും ചെയ്യും. എനിക്കറിയാം, എന്റെ ചിന്തയുടെ സദ്ഫലങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കാത്തിരിക്കുന്നുണ്ടെന്ന്.
ദൈവം എനിക്ക് കുറച്ചുനാള്‍കൂടി അനുവദിച്ചു തരുന്നുവെങ്കില്‍ ഞാന്‍ തുറന്നുപറയട്ടെ, അതിലളിതമായി വസ്ത്രം ധരിച്ച് ഈ പ്രചണ്ഡപ്രകാശത്തിനു മുമ്പില്‍ ഞാന്‍ നിന്നുകൊള്ളാം. അതെന്റെ ആത്മസമര്‍പ്പണമാണ്. എന്റെ നഗ്ന ശരീരത്തില്‍ പ്രകാശത്തിന്റെ അവസാന ചുംബനം വീണലിയും വരെ ഞാന്‍ നന്ദിയോടെ കാലത്തെ നമസ്‌കരിച്ചു നില്‍ക്കും.ആത്മസമര്‍പ്പണത്തിന്റെ ഉദാത്ത നിമിഷങ്ങളായിരിക്കുമത്.
ഒന്നു പുഞ്ചിരിക്കുമ്പോള്‍ ഒന്നു ചുംബിക്കുമ്പോള്‍, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. നമ്മുടെ ഉള്ളില്‍ ആനന്ദത്തിനു ചിറകുകള്‍ മുളയ്ക്കുന്നു. പക്ഷേ ആ ഒരു നിമിഷം നിങ്ങള്‍ പാഴാക്കികളഞ്ഞു എന്നു കരുതുക. അല്ലെങ്കില്‍, തിരക്കിനും ബഹളത്തിനുമിടയില്‍ ആ നല്ല നിമിഷത്തെ നിങ്ങള്‍ വിസ്മരിച്ചു എന്നു കരുതുക. അതൊരിക്കലും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനാവുകയില്ല. സങ്കടത്തിന്റെ പര്യായപദങ്ങളിലൊന്നായി നിങ്ങള്‍ മാറും എന്നെനിക്കുറപ്പുണ്ട്്. പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ നോക്കി നിങ്ങള്‍ പുഞ്ചിരിക്കുക, അല്ലെങ്കിലൊന്ന് ചുംബിക്കുക.
കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ ചിറകുകള്‍ നല്‍കുന്നതായിരിക്കും. അതവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് എനിക്കറിയാം. അവരെ ഞാന്‍ സ്വതന്ത്രരായി പറക്കാന്‍ അനുവദിക്കും. പക്ഷേ, പറക്കാനുള്ള സാമര്‍ത്ഥ്യം അവര്‍ സ്വയം പരിശീലിച്ചു പഠിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
നിങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചവ എണ്ണിയെണ്ണി പറയാം. ഓര്‍മ്മയുടെ നദിയില്‍ നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കികൂട്ടുംപോലെ എനിക്കത് എളുപ്പമാണ്. എല്ലാവര്‍ക്കും പര്‍വ്വതശിഖരങ്ങളില്‍ കൂടുകൂട്ടാനാണ് ഇഷ്ടം. പക്ഷേ, അവര്‍ക്കൊന്നറിയില്ലല്ലോ. പര്‍വ്വതശിഖരങ്ങളിലേക്കുള്ള വഴികളും അതിലെത്തിച്ചേരാനുള്ള മിടുക്കുമാണ് യഥാര്‍ത്ഥ ആനന്ദമെന്ന്. എന്റെ പാഠങ്ങള്‍ ഇപ്പോഴും നല്ല വെളിച്ചം വീണു കിടക്കുന്ന വഴികളാണ്. ആനന്ദത്തിന്റെ പ്രലോഭനങ്ങളില്‍ നിന്ന് ഞാനിപ്പോഴും ഒഴിഞ്ഞുമാറി നടക്കുന്നു.
നിങ്ങളുടെ മനസ്സില്‍ പൊട്ടിമുളയ്ക്കുന്നതെന്തും- അതാണ് ഒരു സദസ്സിനുമുന്നില്‍നിന്നുകൊണ്ട് വിളിച്ചു പറയേണ്ടതെന്ന് എനിക്ക് തോന്നുന്നു. അവിടെ നിര്‍വികാരരായി നില്‍ക്കുന്ന നിങ്ങളുടെ വിചാരങ്ങള്‍ക്ക് ഒരു സാദ്ധ്യതയും സൗന്ദര്യവുമില്ല.
മരണത്തിന്റെ വരവ്- അത് നമുക്കാര്‍ക്കും സങ്കല്‍പിക്കാനാവില്ല. അതുകൊണ്ട് മരണത്തിന്റെ വരവിനെപ്പറ്റിയുള്ള നമ്മുടെ തലതിരിഞ്ഞ ചിന്തയെല്ലാം തല്‍ക്കാലം വഴിയില്‍ ഉപേക്ഷിക്കാം. ഒരു കാര്യത്തില്‍ എനിക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ട് തന്നെ എനിക്കത് നിങ്ങളോട് ഉറക്കെപ്പറയാനുമാകും. മരണം കടന്നുവരുന്നത് ഒരിക്കലും നിങ്ങളുടെ പ്രായത്തിനൊപ്പമായിരിക്കില്ല. ഓര്‍മ്മകള്‍ പൊടിഞ്ഞു പൊടിഞ്ഞു പോകുന്ന ഒരവസ്ഥയുണ്ട്. ഓര്‍മ്മയുടെ അവസാനകോശത്തിനും ഇത്തരമൊരവസ്ഥയുണ്ടാകുമ്പോള്‍ മരണം വരുന്നു. അപ്പോള്‍ മാത്രമായിരിക്കാം മരണത്തിന്റെ വഴികള്‍ തെളിയുന്നതെന്ന് നമുക്ക് ചിന്തിച്ചുറപ്പിക്കാം.
മറ്റൊന്നു കൂടി പറയട്ടെ, നാളയെക്കുറിച്ച് എന്താണ് നിങ്ങള്‍ക്കറിവുള്ളത്. നിങ്ങള്‍ ഏതു പ്രായക്കാരും ഏതു ദേശക്കാരുമാകട്ടെ, നാളയെ നിങ്ങള്‍ എങ്ങനെയാണ് ചിന്തിച്ചുറപ്പിക്കുന്നത്. നിങ്ങള്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരെ കാണാന്‍ ഒരു നിമിഷം അനുവദിച്ചു കിട്ടിയാല്‍, ആ ഒരു നിമിഷത്തിന്റെ ധന്യത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ അതിവേഗം പ്രിയപ്പെട്ടവരുടെ അടുക്കല്‍ എത്തിച്ചേരുക. ആ ഒരു നിമിഷം പിന്നീടൊരിക്കലും വരണമെന്നില്ല.
ഞാനൊരു വിചിത്ര മനുഷ്യനാണെന്ന് എനിക്കുതന്നെ തോന്നാറുണ്ട്. നോക്കൂ,ആകാശം ദിവ്യപ്രകാശത്താല്‍ ഉന്മേഷമാകും മുന്‍പേ ഞാനെഴുന്നേല്‍ക്കുന്നു.അപ്പോള്‍ എന്റെ പ്രിയപ്പെട്ട നിങ്ങളോരോരുത്തരും നല്ല നിദ്രയിലായിരിക്കും. നിങ്ങള്‍ അവസാനിപ്പിച്ചിടത്തു നിന്നായിരിക്കും ഞാന്‍ തുടങ്ങുക. ഋതുക്കളില്‍ അങ്ങനെയൊരു പുനര്‍വായനയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നദികള്‍ക്കിങ്ങനെയൊരു മനസ്സുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അത്യന്തം വിചിത്രമായൊരു ഉയര്‍ച്ചയും ആരംഭവുമാണ് എന്റേത്.
നിങ്ങളെ ഞാന്‍ കണ്ടെത്തുന്നത് എന്റെ അവസാന നിമിഷങ്ങളിലാണെന്ന് സങ്കല്‍പ്പിക്കുക. ഭയപ്പെടേണ്ടതില്ല. എന്നെക്കുറിച്ച് വ്യാകുലപ്പെടുകയൊന്നും വേണ്ട. നിങ്ങളോട് ഞാനിപ്പോള്‍ ഒരു കാര്യം മാത്രം പറയുന്നു. സുഹൃത്തേ, ഞാന്‍ നിങ്ങളെ അഗാധമായി സ്‌നേഹിക്കുന്നു.
സ്‌നേഹത്തില്‍ നിന്നൊരാള്‍ക്ക് വിരമിക്കാനാകുമോ? വാര്‍ദ്ധക്യമെത്തുമ്പോള്‍ പരിചിതമായ സ്‌നേഹ സുഗന്ധങ്ങള്‍ ഒന്നൊന്നായി വിട്ടുപോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഭയപ്പെടും മുന്‍പ് ഞാന്‍ നിന്നെ അതിയായി സ്‌നേഹിക്കുന്നു, സ്‌നേഹിക്കുന്നു എന്നു വിളിച്ചു പറയാന്‍ ധൈര്യപ്പെട്ടിരുന്നു. നിങ്ങള്‍ സ്‌നേഹിക്കാന്‍ വേണ്ടി, സ്‌നേഹിക്കപ്പെടാന്‍ വേണ്ടി ദാഹിച്ചിരുന്നവരാണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
മൂല്യം എന്ന പദത്തിന് പഴക്കമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാര്യങ്ങളെ ഞാന്‍ സമീപിക്കുന്നത് അഥവാ സ്വീകരിക്കുന്നത് ഒരിക്കലും മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ല. ഏതുകാര്യത്തിന്റെയും ആഴങ്ങളില്‍ ആശയത്തിന്റെ ഒരൊഴുക്ക് കണ്ടെത്താനാകും. ഞാനാ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യം രേഖപ്പെടുത്തുന്നത്.
എന്നെപ്പോലൊരാള്‍ പഠിച്ചു, പഠിച്ചു എന്നു പറയുമ്പോള്‍ അതിലൊരു ഭംഗിക്കുറവ് ഉള്ളതുപോലെ തോന്നും. പക്ഷേ, ഭംഗിയോ അഭംഗിയോ അതെന്തുമാകട്ടെ, പഠിച്ചു എന്നതാണ് നേര്. അതിപ്പോഴും തുടരുന്നു. പഠിക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മനസ്സിലുണ്ടാകും. നമ്മുടെ ഉത്തരങ്ങള്‍ ചിലപ്പോള്‍ ക്ഷണികമോ ദൈര്‍ഘ്യമേറിയതോ ആയിരിക്കും. പഠിച്ചതില്‍ നിന്ന് എനിക്ക് പറയാവുന്ന ഒരു നിര്‍വചനമുണ്ട്. അറിയുന്നതു മാത്രം സദസ്സിനു മുന്‍പിലായി നിന്നു വിളിച്ചു പറയുക. ചിന്തയില്‍ രൂപപ്പെട്ടതുമാത്രം ചെയ്യാന്‍ ശ്രമിക്കുക.
സ്‌നേഹിതരെ കാണുമ്പോള്‍ ഞാനെന്നെ മറന്നുപോകാറാണ് പതിവ്. അവരുമായി സംസാരിക്കുമ്പോള്‍ കണ്ണുകള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍, വിരലുകളിലൂടെ വല്ലാത്തൊരു തരിപ്പ് എനിക്കനുഭവപ്പെടാറുണ്ട്. എനിക്കറിയാം, സുഹൃത്ത് അടുത്ത നിമിഷം റെസ്റ്റോറന്റില്‍ നിന്ന് അല്ലെങ്കില്‍ ഹാളില്‍നിന്ന്പുറത്തു പോയേക്കാം. ഒരു പക്ഷേ, ഇനിയൊരിക്കലും അദ്ദേഹത്തെ കണ്ടുമുട്ടി എന്നുവരാം. പക്ഷേ, എനിക്ക് അനുവദിച്ചു കിട്ടിയ ഈ നിമിഷത്തിനു ഞാനെന്തു സമ്മാനം കൊടുത്താണ് നന്ദിപറയേണ്ടത്.
വിഷാദം ബാധിച്ച വാക്കുകളോട് എനിക്കെന്നും പകയുണ്ടായിരുന്നു. വാക്ക് ഒരാത്മപ്രകാശത്തിന്റെ സാന്നിദ്ധ്യമാകണം. സുഹൃത്തുക്കളുടെ കേള്‍വിയിലേക്കത് തിളച്ച ലോഹം പോലെ ഉരുകി വീഴരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. നിങ്ങളൊരു നല്ല വാക്കെഴുതുമ്പോള്‍, നിങ്ങളൊരു നല്ല കവിത എഴുതിക്കഴിഞ്ഞു എന്നു പറയാറുള്ളത് ഞാനോര്‍ത്തു പോകുന്നു. നല്ല വാക്കുകളുമായി നിങ്ങള്‍ മേയാനിറങ്ങുക. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.
നിങ്ങളുടെ പാവനമായ ആത്മാവിന്റെ കാവല്‍മാലാഖയാകാന്‍ എനിക്കൊരവസരം തരിക. ഞാനത് പൂര്‍ത്തീകരിച്ചുകൊള്ളാം. നിങ്ങളുടെ പ്രാര്‍ത്ഥനകളുമായി ഞാന്‍ ദിവ്യ സന്നിധിയിലേക്ക് നീങ്ങാം. ആ നിമിഷം ഇന്നാണെന്ന് ഞാനറിയുമ്പോള്‍, കര്‍ത്താവിനു മുന്‍പില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുകയായിരിക്കും, തീര്‍ച്ചയായിരിക്കും.
Subscribe to:
Post Comments (Atom)
1 comment:
മഹത്തരം!മഹത്തരം!ഒർജിനലിനെ 'വെല്ലുന്ന' വിവർത്തനം.മാർക്കേസിന്റെ കഷ്ടകാലം!
Post a Comment