Monday, August 2, 2010

ഒരു മഴക്കാല ഡയറിക്കുറിപ്പ്.

വി. എം ജോസ്

മഴക്കാലം ഒരു ഉള്‍വിറയലായി പടര്‍ന്നു. ആകാശത്തിന്റെ അതിരുകളിലെല്ലാം അതിന്റെ കറുത്ത കണ്ണുകള്‍ മേഞ്ഞു നടന്നു.  എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാവുന്ന അവസ്ഥ.  ഒരു ചെറുകാറ്റ് ഉഷ്ണത്തിന്റെ ഒരു ചുവടുമാറ്റം.  ഈ വരള്‍ച്ചയുടെ അന്ത്യമായേക്കാം.  എനിക്ക് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല.  പെയ്തുവരുന്ന മഴയുടെ രൂപഭാവങ്ങള്‍ നോക്കിയിരിക്കുക എന്നതാണല്ലോ എന്റെ കടമ.  അതിന്റെ സ്വരം, സ്ഥാനം അതു മൂലമുണ്ടാകുന്ന രാസമാറ്റങ്ങള്‍, ജൈവവ്യൂഹത്തിന്റെ പുതിയ ഞാണൊലികള്‍ ഇങ്ങനെ ധാരാളം വകുപ്പുകളും ഉപവകുപ്പുകളും ചേര്‍ന്നുള്ള ഭരണഘടന തന്നെയാണല്ലോ ഈ മഴപ്പുസ്തകം. എന്റെ കൈ വിറങ്ങളിലച്ചിരിക്കുകയാണ്.  വെള്ളത്തിന്റെ അലര്‍ച്ചയും നെഞ്ചത്തിടിച്ചുള്ള ആള്‍ക്കുരങ്ങിന്റെ വരവും പോലെ ഞാനതിന്റെ വരവിനെക്കാത്തിരിക്കുന്നു. എന്നാല്‍ എനിക്കാദൃശ്യത്തെ, പ്രിയംകരമായ മണ്ണിന്റെ ഗന്ധത്തെ നിര്‍മ്മിച്ചെടുക്കാന്‍ വാക്കുകളില്ല.  എന്റെ വിരലുകളിലും വേനലാണ്.  ശൈത്യവും വേനലുംമാറി മാറി അനുഭവിക്കുന്ന ഒന്ന്, നിഷ്‌ക്രിയതയുടെ പര്‍വ്വതങ്ങളില്‍ ഞാന്‍ തടവുകാരനാണ്.  കഠിനമായൊരു ദുഃഖം അവസാനിക്കാത്ത വേനല്‍പോലെയാണ്.  വരണ്ട മണ്‍കലങ്ങള്‍ ദാവിച്ചു മാനത്തേക്കുനോക്കിയിരിക്കുന്ന ഒരു ഗ്രാമം ഓര്‍ക്കുന്നുണ്ടോ?  നിങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് അതുപോലൊരു ഗ്രാമംകാണുമായിരിക്കും.   അന്നൊന്നും വാക്കുകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. ഒരു ചുണ്ടങ്ങയില്‍, പീരപ്പെട്ടിക്കായില്‍, മഴയേറ്റു നനഞ്ഞിരുണ്ട പൊന്തക്കാടുകളില്‍, ഇരുളും മഴയും ആര്‍ത്തു താളമിടുന്ന എത്രയോ ദിനങ്ങള്‍. പോയി അവയെല്ലാം പോയി.  കഴിഞ്ഞ രാത്രിയിലെ ഒരു സ്വപ്നം ഞാന്‍ നിങ്ങളോട് പറയാം.  തന്ത്രങ്ങളില്ലാതെ, കഥയുടെ വളച്ചുകെട്ടലുകളില്ലാതെ, ഈ ഉള്‍വിറയലില്‍ നിന്ന് ഉരുത്തിരിയുന്ന വാക്കുകളില്‍ ഞാന്‍ തന്നെ പറയാം.  ഞാന്‍ ഒരു ശവത്തിന് ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു. മുറിക്കുള്ളില്‍ ഉറങ്ങാതെ ചരമഗീതങ്ങളാലപിക്കുന്നവരുടെ സംഘം.  മുറ്റത്തൊരു കസേരയില്‍ ഉറങ്ങിയും ഉറങ്ങാതെയും ഇരിക്കുന്ന എന്റെ ശരീരം.  ആരുടെ ശവമായിരുന്നു, ചിലപ്പോളൊരു മദ്ധ്യവയസ്‌ക്കന്റെ, അതുമല്ലെങ്കില്‍ അമ്പതുവയസ്സുള്ള ഒരു സ്ത്രീയുടെ, ആരുടേതുമാകട്ടെ ഞാനതിന് അരികിലിരുന്നു.  എന്റെ മനോവ്യാപാരങ്ങള്‍ എന്തെന്ന് വ്യാഖ്യാനിച്ചെടുക്കാന്‍ ശ്രമിച്ചു.  ആര്‍ക്കും രക്ഷപ്പെടാനാവാത്ത ഒരു വഴിയുടെ വിളി, കീഴടങ്ങലിന്റെ, ചെറുത്തുനില്പിന്റെ, അശാന്തിയുടെ പരമമായ ശാന്തിയുടെ ഒക്കെ നിരവധി ഇതിഹാസങ്ങള്‍ ശരത്തിന് ചുറ്റും ഈയലുകളായി പറന്നുപൊന്തി.  ട്യൂബ് ലൈറ്റിന്റെ വെട്ടത്തില്‍ അവ പറന്നുപൊങ്ങി.  രാത്രി പൊടുന്നനവെ മഴയായി മാറി.  മഴയുടെ നിലയ്ക്കാത്ത ധാര.  വീശിവരുന്ന ശീതക്കാറ്റ്.  ഞാന്‍ വിറങ്ങലിച്ചു.  എന്റെ പാതിയുറക്കം നിറയെ ഈയലുകള്‍. എന്തിനാണ് ഞാനിവയൊക്കെ ആലോചിക്കുന്നത്?  മഴയെയും രാത്രിയേയും ശവത്തെയുമൊക്കെ ഉള്‍ക്കൊള്ളുന്ന ജീവിതത്തിന്റെ ഒരു ഉന്നതശിഖിരം ഞാനെന്തുകൊണ്ട് സങ്കല്പിക്കുന്നില്ല.   എന്തിനാണെന്റെ വഴിയില്‍ ഈ പൊള്ളുന്ന കനലുകള്‍ നിരന്നു കിടക്കുന്നത്.  എന്തിനാണെന്റെ നെഞ്ചകം പിടയ്ക്കുന്നത് ? ബാലിശമായി, യാതൊരു പാകതയുമില്ലാത്തവനെപ്പോലെ, നിലവിളികള്‍ എന്റെ കഴുത്തില്‍ കുറുക്കുന്നതു. ഇതെല്ലാമെഴുതുമ്പോള്‍ എനിക്ക് പ്രതിഭയില്ല, പ്രചോദനമില്ല.  വേച്ചുവേച്ചു മുന്നോട്ടു വരുന്ന വാക്കുകളുടെ ചിലന്തിവലയില്‍ ഞാനേതൊരു തിമിംഗലത്തെയാണ് വേട്ടയാടുന്നത് ഞാനെന്തൊരു നികൃഷ്ടകീടമാണ്.



ഒരു നിമിഷം ഉറക്കമിളച്ചിരിക്കുന്നവരുടെ ഗാനം എന്നെ ഉണര്‍ത്തി.  ജീവിത്തെയും മരണത്തെയും പറ്റി ദാര്‍ശനികതയും കാല്പനികതയും തികഞ്ഞ ഈരടികള്‍.  അവയുടെ ഉദാത്തമായ ശോകഭാവ മഴയിരമ്പല്‍ അല്പം ശമിച്ച വായുവില്‍ പടര്‍ന്നു.  ഗാനം ഒരു ദുഃഖഗോപുരമായി.  മനഷ്യര്‍ നിരന്തരം കയറിയിറങ്ങുന്ന ഏകാന്തതയുടെ വിറങ്ങളിച്ച ഗോപുരം മഴയും, വേനലും അതിന്റെ അരികുകള്‍ രാകി മിനുക്കിയിരിക്കുന്നു.

ഉറക്കത്തിന്റെ സാന്ത്വനം മുറപ്പെടുത്തിയ ഈ സ്വപ്നത്തില്‍ നിന്ന് ഞാനുണര്‍ന്നു.  രാത്രിയുടെ തേര്‍വാഴ്ച തുടരുകയായിരുന്നു.  കാലത്തിന്റെ മിടിക്കുന്ന ഹൃദയം നിര്‍മ്മലമായി നോക്കിയിരിക്കുന്ന ഋതുപ്പകര്‍ച്ചകള്‍.  ഒരു മഴയുടെ വരവും പെയ്‌തൊടുങ്ങലും പോലെ മാഞ്ഞുപോകുന്ന ജന്മങ്ങള്‍.  സുഖത്തില്‍ മുഴുകി മുഴുകി ചിലവ. ദുഃഖത്തിന്റെ പര്‍വ്വതങ്ങല്‍ മാത്രം കണ്ടു മടങ്ങുന്ന മറ്റു ചിലത്.

രാത്രിയുടെ തണുത്ത നനഞ്ഞ മണ്ണിലേക്ക് ഞാന്‍ സാവധാനം ചവിട്ടി.  ഇപ്പോള്‍ മഴ ശമിച്ചിരുന്നു.   ഇടതൂര്‍ന്ന മരങ്ങളില്‍ നിന്നും കാറ്റടിക്കുമ്പോള്‍ മഴ പെയ്തുകൊണ്ടിരുന്നു. എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടക്കുവാന്‍ തുടങ്ങി. എന്റെ ശരീരം ശീതക്കാറ്റില്‍ വിറച്ചു.  രാത്രിയുടെ കരുണയും അനുഗ്രഹവും എവിടെ?  എവിടെയാണീ ജന്മത്തിന്റെ ഗൂഢമായ പൊരുള്‍?  ഞാന്‍ ആകാശത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി.  എന്റെ ചോദ്യം അന്തരീക്ഷമേറ്റുവാങ്ങി. ഇരുട്ടിന്റെ അടരുകള്‍ക്കു മുകളില്‍ നക്ഷത്രങ്ങളിപ്പോഴും ജ്വലിക്കുന്നതു കാണും.  ഞാന്‍ നടന്നു കൊണ്ടേയിരുന്നു.  മണ്ണില്‍ നിന്നും പെരുവിരല്‍ വഴി കയറി ശിരസ്സിലെത്തുന്ന ആ സന്ദേശത്തിന് എന്റെ സത്ത മുഴുവന്‍ ചെവിയോര്‍ത്തു.  ഇപ്പോള് ചെയ്യുവാനുള്ളതു ആകുലപ്പെടുകയെന്നതല്ലെന്ന് എന്റെ അന്തരാത്മാവ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.  കഷ്ടരാത്രികളോട് സമരസപ്പെടുക.  നിര്‍മ്മലമായി രാത്രികളെ അതിജീവിക്കുക. ഉള്ളം പിടയുമ്പോള്‍, വേദനയുടെ വിങ്ങലുകള്‍ മനസ്സില്‍ നിറയുമ്പോള്‍ നടക്കുക.  നടന്നുകൊണ്ടേയിരിക്കുക.  ഇരുളിന്റെ അന്തമില്ലാത്ത ഈ രാജ്യപരിധിയിലെങ്ങോ നനഞ്ഞ തൂവലുകള്‍ക്കുള്ളില്‍ വിറച്ചും കൊണ്ട് ഒരു പക്ഷിയുടെ ഹൃദയം വരാനിരിക്കുന്നവെളിച്ചത്തെ സ്വപ്നംകണ്ട് മിടിക്കുന്നുണ്ടാവണം.  രാപകലുകള്‍ക്കും ജനനമരണങ്ങള്‍ക്കും വര്‍ഷക്കാലങ്ങള്‍ക്കും വേനല്‍ക്കാലങ്ങള്‍ക്കും അതീതമായ, നിരന്തരമായി കാത്തിരിക്കുന്ന ഒരു പാവം ഹൃദയം.

അകലെ വെളിച്ചം, തെരുവിന്റെ മാത്രമായ മറ്റൊരു രാത്രി. തട്ടുകടയില്‍ ദോശയുടെ ഗന്ധം.  ഉറക്കച്ചടവില്ലാത്തതും വഴിയില്‍ നനഞ്ഞതുമായ വഴിപോക്കരുടെ മുഖങ്ങള്‍.  പാളിവീഴുന്ന നിഴലും വെളിച്ചവും. രാത്രിയുടെ ആത്മാവില്‍ നിന്ന് മറ്റൊരു ഗാനമുയരുന്നു.  ചലനത്തെയും വെളിച്ചത്തെയും സൂചിപ്പിക്കുന്ന ഒന്ന്.  നദിയുടെ നിരവധി കൈവഴികള്‍പോലെയും ഒരു മഹാവൃക്ഷത്തിന്റെ ശാഖകള്‍പോലെയും പടരുന്ന ഒരുഗാനം.  അതിന്റെ ഒരു ശീല്‍ എന്നിലേക്ക് പാറിവന്നു.  എന്റെ സത്തയത്രയും അതില്‍ മുഴുക്കി സ്വന്തം നിസ്സാരതയുടെ അറിവില്‍ ജ്ഞാനസ്‌നാനം ചെയ്തു.  ചൂടുള്ള ദോശ കഴിക്കവെ നിരവധി നാദങ്ങളായി ആ വാക്കുകള്‍ എന്നെ ശാന്തനാക്കി.  നടക്കുക നടന്നുകൊണ്ടേയിരിക്കുക ഗാനം എന്നോട് പറഞ്ഞു.