സുനു രാജേഷ്
കേരളത്തനിമയുടെ ഉദാത്തഭാവങ്ങള്‍ ആവാഹിച്ചു പുരാവൃത്തത്തിന്റെ കതിരുകളിലേക്ക് പകര്‍ത്തുകയായിരുന്നു. 'ഐതിഹ്യമാല'യിലൂടെ കൊട്ടാരത്തില്‍ ശങ്കുണ്ണിയെന്ന പ്രതിഭാധനന്‍. ബൃഹത്തായ ആ കൃതിയുടെ ശതാബ്ദിയാണ് ഈ വര്‍ഷം. വായിച്ചാലും വായിച്ചാലും മതിവരാത്ത ഒരു അസാധാരണ രചനയാണ് ഐതിഹ്യമാലക്കാരന്‍ കൈരളിയുടെ ഹൃദയത്തില്‍ പകര്‍ന്നിട്ടത്.
ഉടനീളം മലയാളമണ്ണിന്റെ ഗന്ധം പരത്തുന്ന ഐതിഹ്യമാലയെപ്പോലെ ഒരു മഹത്ഗ്രന്ഥം സഹസ്രാബ്ദങ്ങളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അക്ഷരപ്രതിഭാസമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
തുഞ്ചത്താചാര്യന്റെ പൈങ്കിളിയും കുഞ്ചന്‍നമ്പ്യരുടെ മിഴാവും പഞ്ചവാദ്യത്തിന്റെ നാദവിസ്മയവും ദീപാരാധനയുടെ വര്‍ണരാജിയുമെല്ലാം ആത്മാവിലേക്ക് നേദിച്ചുകൊണ്ടുള്ള ആഖ്യാന ശൈലി - ഐതിഹ്യമാലക്കുമാത്രം അവകാശപ്പെടാനാകുന്ന ഒരു മഹത്വമാണതെന്ന് നിരൂപകര്‍ ഏകസ്വരത്തില്‍ വിളംബരം ചെയ്യുന്നു.
പുരാവൃത്തങ്ങളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊളിയിട്ടുകൊണ്ട് ഗ്രന്ഥകര്‍ത്താവ് തപ്പിയെടുത്തു കാണിക്കുന്ന ജീവസ്സുറ്റ ചിത്രങ്ങള്‍ അനുവാചകന് കുതുഹലത്തിന്റെ അപരിചിതമായ എന്നാല്‍ തീര്‍ത്തും ആനന്ദകരമായ ഒരു അനുഭവമണ്ഡലം പ്രാപ്തമാക്കുന്നു. ശക്തന്‍ തമ്പുരാന്‍, മാര്‍ത്താണ്ഡവര്‍മ്മ, സാമൂതിരി, കുഞ്ചുകുട്ടിപ്പിള്ള സര്‍വകാര്യക്കാര്‍ എന്നീ ചരിത്ര പുരുഷന്മാരുടെ സാഹസിക ചരിത്രങ്ങള്‍ക്കൊപ്പം തേവലശ്ശേരി നമ്പി, കടമറ്റത്ത് കത്തനാര്‍, കുമാരമംഗലത്ത് നമ്പൂതിരി തുടങ്ങിയ സിദ്ധന്മാരുടെ അത്ഭുതവിദ്യകളും ലളിതവും സരസവുമായി ഈ കൃതിയില്‍ വിവരിക്കുന്നുണ്ട്.
വിശ്വമംഗലം എന്ന സന്ന്യാസശ്രേഷ്ഠന്‍, ഭക്തശിരോമണി കല്ലൂര്‍ നമ്പൂതിരിപ്പാട് എന്നിവരെപ്പറ്റിയും ഐതിഹ്യമായ അനുവാചകന് വിവരിച്ചു നല്‍കുന്നുണ്ട്.
മനുഷ്യരും ദേവകളും യക്ഷികളും ഗന്ധര്‍വന്‍മാരും പരസ്പരം ഇടപഴകുന്ന ഒരു അത്ഭുതലോകമാണ് ഐതിഹ്യമാല കൈരളിയുടെ തൃപ്പാദങ്ങളില്‍ കാണിക്കവച്ചിട്ടുള്ളത്.
കാലം ചെല്ലുന്തോറും ഇഴയിടകള്‍ മുറുകുകയും വര്‍ണങ്ങള്‍ കൂടുതല്‍ പ്രകാശമാനമാവുകയും സൗന്ദര്യത്തിന്റെ പ്രസരണവേഗം ശതഗുണീഭവിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ രചനയത്രേ ഐതിഹ്യമാല. ആബാലവൃദ്ധം അനുവാചകവൃന്ദത്തെ ആകര്‍ഷിക്കുവാന്‍, ആമോദിപ്പിക്കാന്‍ മലയാളത്തില്‍ മറ്റൊരു കൃതി ഇനിയും ഉണ്ടാവേണ്ടതായാണുള്ളത്.
No comments:
Post a Comment