തലവെട്ടിയിരുന്നെങ്കില്‍ താല്‍ക്കാലികമായൊരു വൈകാരികതയുടെ ആന്ദോളനങ്ങള്‍ക്കപ്പുറത്തേക്ക് സംഭവം കടക്കുമായിരുന്നില്ല. ഇപ്പോള്‍ കുറേശെ കുറേശെയായി പൈശാചികമായ ഒരു ജീവിതത്ത്വശ്ശാസ്ത്രം തെളിഞ്ഞു വരുന്നുണ്ട്. ജീവനും ജീവിതത്തിനും ഒരു വിലയുമില്ല എന്ന് വ്യക്തമാകുന്നു. ഇതു സായ്പ് പല കാലങ്ങളില്‍ പറഞ്ഞിട്ടും സ്ഥാപിച്ചിട്ടുമുണ്ട്. അങ്ങനെയൊക്കെയാണ് നമ്മുടെ മഹത്തായ ചരിത്രത്തിന്റെ കിടപ്പ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ലണ്ടന്‍ ടൈംസ് മുഖപ്രസംഗമെഴുതി. അവര്‍ പറഞ്ഞു Human life is very cheap in India. ഹോ ഹോ ജയ്‌ഹോ....
കാലം ഏറെ കഴിഞ്ഞിരിക്കുന്നു. വര്‍ത്തമാനകാല സ്ഥിതി ഇന്ത്യയുടേതു മാത്രമല്ല. ലോകം മുഴുവന്‍ പല പേരുകളില്‍ ലേബലുകളില്‍ മേല്‍വിലാസങ്ങളില്‍ ഭീകരവാദം പ്രബലമായിക്കൊണ്ടിരിക്കുന്നു. നേരിട്ടങ്ങ് കൊല്ലുന്നതിന്റെ സുഖം ചിലര്‍ നുണയുന്നു. മറ്റു ചിലര്‍ ഫത്‌വ, ഊരുവിലക്ക്, സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം എന്നിങ്ങനെ പല വകയില്‍ മത ഭീകരതയെ മറയ്ക്കുന്നു. മറക്കുന്നു നമ്മള്‍ ചരിത്രം.
നവോത്ഥാന ചിന്തകളും പുരോഗമനാശയങ്ങളും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും ചിരിക്കു വക നല്‍കുന്ന ചരിത്ര ഫലിതങ്ങളാകുന്നു. അയ്യപ്പപ്പണിക്കര്‍ എഴുതിയതു പോലെ സ്തുതി പാടുക നാം മര്‍ത്യനു സ്തുതി പാടുക നാം...
കരഛേദിതനായ ജോസഫിന്റെ ഭാര്യ പറഞ്ഞതായി പത്രത്തില്‍ കണ്ടു-മതമില്ലാത്ത ഒരു ലോകത്തു ജീവിക്കാനായെങ്കില്‍ എന്ന്. എന്തൊരു മോഹം! തരക്കേടില്ല. പാവം സ്ത്രീ.
ബോംബുകളാണെങ്ങും. വഴിക്കവലകളില്‍, തീവണ്ടിപ്പാളങ്ങളില്‍, സിനിമാതിയേറ്ററുകളില്‍, ചന്തകളില്‍- മനുഷ്യര്‍ ഒത്തുകൂടുന്നേടങ്ങളിലെല്ലാം. സ്‌ഫോടന സാമഗ്രികള്‍. നാടനും ഫോറിനുമായ കത്തികള്‍ തരാതരം. വാളുകള്‍, കുന്തങ്ങള്‍ കിരാതതരം. നടപ്പാതകളിലെല്ലാം ബോംബുകള്‍. മനോമോഹന ഇന്ത്യനവസ്ഥ.
ഒന്നാംസ്ഥാനം സാക്ഷരതയ്ക്കും രാക്ഷസീയതയ്ക്കും തുല്യം തുല്യം കേരളത്തില്‍. മാവേലി നാടുവാണിടും കാലം കൈയടിച്ചു പാടുക. തൂശനിലയില്‍ തുമ്പപ്പൂപോലുള്ള ചോറുവിളമ്പുക. ഉപ്പേരി കൊറിക്കുക. പക്ഷേ എല്ലാറ്റിലും രക്തം ചുവയ്ക്കുന്നുണ്ടോ. ശവഗന്ധമാണോ കാറ്റു കൊണ്ടു വരുന്നത്. പൂക്കളുടെ നിറവും മണവും പോയോ. ആകാശത്തുനിറയെ കാര്‍മേഘങ്ങളാണോ?
ജീവന്‍ വിലപ്പെട്ടതെന്ന് കരുതിപ്പോന്നിരുന്ന കാലം കഴിയുകയാണ്. ഇതു കലികാലമാണ്. ധര്‍മ്മമാകുന്ന പശുവിന്റെ കാലുകളെല്ലാം അറ്റുപോയിരിക്കുന്നു. ദീനദീനം വിലപിക്കാനല്ലാതെ ഒന്നുമാവാത്ത സ്ഥിതി. അടിമത്തം, ചൂഷണം, നീതി നിഷേധം തുടങ്ങിയവയ്‌ക്കെതിരെ മനുഷ്യന്‍ പൊരുതിയിരുന്നതിന്റെ ധീരോദാത്തത്യാഗോജ്ജ്വല ചരിത്രം കഴിഞ്ഞ നൂറ്റാണ്ടിലൊതുങ്ങി, അല്ലെങ്കില്‍ ഒടുങ്ങി.
ഒരു സൂര്യനുദിക്കും
നിഴലായിട്ടമ്പിളി വളരും
വളരും വനമോടികളാടിത്തെളിയും
വനമൂര്‍ഛയില്‍ ദുഃഖം തകരും
നൊമ്പരങ്ങള്‍ക്കിടയിലും തകര്‍ച്ചകള്‍ക്കു മധ്യേയും ഇങ്ങനെയൊക്കെ പാടാന്‍ കഴിഞ്ഞിരുന്നു. പഴയ കവിതകളുടെ പ്രസന്ന കാലം കഴിഞ്ഞു.
ഇന്നുകേള്‍പ്പതു വേറെ നിവേദനം
ജാനകി തേങ്ങിമറഞ്ഞ ധരയുടെ
ആഴത്തില്‍ നിന്നുയരുന്നു
പ്രണവമായ്
മൃത്യു ജയ ജയ മൃത്യു ജയ ജയ
അയ്യപ്പപ്പണിക്കര്‍ അസ്തിത്വ വ്യഥയില്‍ നിന്നു മന്ത്രിച്ചത് ഇന്ന് മ(കൊ)ലയാളിയുടെ ജീവിതാകാശങ്ങളില്‍ ഞടുക്കം സൃഷ്ടിക്കുന്ന മുഴക്കമാകുന്നതു കേള്‍ക്കുന്നുണ്ടോ?
ജോസഫിന്റെ ചോദ്യത്തിലെ “'നായിന്റെ മോനേ'’പോലെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. ചിഹ്നത്തിന് വേറെ എന്തെങ്കിലും കൊടുക്കാമായിരുന്നു. ഒരു ക്ലാസു പരീക്ഷയുടെ കൊച്ചുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതു പക്ഷേ ലോകം മുഴുവന്‍ വളര്‍ന്നുപൊങ്ങി. അങ്ങനെ ആക്കിത്തീര്‍ത്ത് ഭരണകൂടവും വിവിധ അധികാര സ്ഥാപനങ്ങളും വാളെടുത്തു. വിചാരണയില്ലാത്ത ശിക്ഷയാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടായത്. കുറേക്കൂടി ശാന്തമായി ചിന്തിക്കാമായിരുന്നില്ലേ? ശകലിത ശരീരനായി അയാള്‍ വീണപ്പോഴാണ് വീണ്ടു വിചാരത്തിന്റെ കാറ്റു വീശുന്നത്. കൈവെട്ടിയതു പോലെ നൃശംസത നിറഞ്ഞതായിരുന്നില്ലേ എല്ലാ വിലയിരുത്തലുകളും അഭിപ്രായ പ്രകടനങ്ങളും? ഭീകരതയ്‌ക്കൊപ്പം സാമൂഹികതയുടെ വിചാരങ്ങളും ചാഞ്ഞു. മാഞ്ഞുപോയതു മാനവികതയും സഹിഷ്ണുതയുമാണ്. എന്നെങ്കിലും ഇതൊക്കെ തിരിച്ചു വരുമോ?
മാത്യു ജെ. മുട്ടത്ത്
മാന്നാനും കെ. ഇ. കോളേജ് മലയാളം അധ്യാപകന്‍. മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ സെക്രട്ടറി . മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡി. വിനയചന്ദ്രന്റെ മാര്‍ഗ നിര്‍ദേശത്തില്‍ നടത്തിയ നാടക ഗവേഷണത്തിന് ഡോക്ടറേറ്റ്. ഭാരതീയ വിദ്യാഭവനില്‍ നിന്ന് പോസ്റ്റ് ഗ്രാഡൂവേറ്റ് ഡിപ്ലമ ഇന്‍ ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍സ്. ബോർഡ് ഓഫ് സ്റ്റ്ഡീസ് മെമ്പർ, എം. ജി യൂണിവേഴ്സിറ്റി.
No comments:
Post a Comment