വിജയന് കോടഞ്ചേരി
മലയാളഭാഷയിലെ ആദ്യത്തെ നോവല്‍ ഏതാണെന്നതിനെപ്പറ്റി ഇപ്പോഴും തര്‍ക്കം തുടരേണ്ടി വരുന്നതിന് പിന്നില്‍ സാഹിത്യ ഗവേഷണത്തിലും ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതിലും നമ്മുടെ പൂര്‍വ്വികര്‍ പുലര്‍ത്തിയ ജാഗ്രതക്കുറവാണ് കാരണമെന്ന ഡോ: ജോര്‍ജ്ജ് ഇരുമ്പയത്തിന്റെ നിരീക്ഷണത്തോടൊപ്പം തന്നെ പൂര്‍വികരുടെ നിര്‍ദ്ദിഷ്ഠമായ താല്പര്യങ്ങളും കൂടി കാരണമായിട്ടുണ്ടെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നു. ഈ താല്പര്യങ്ങളാണ് നിഷ്പക്ഷമായ വിലയിരുത്തലുകളില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചതും വിവര്‍ത്തനങ്ങളെയും നാടകങ്ങളെയും നോവലുകളായെണ്ണിച്ച് സാഹിത്യാസ്വാദകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും പിന്നീട് ആദ്യനോവലും, ലക്ഷണമൊത്ത ആദ്യ നോവലും ‘സൃഷ്ടിച്ച്’ ലക്ഷ്യപ്രാപ്തി നേടുന്നതിനും ഇടയാക്കിയത്!
മലയാളത്തിലെ ആദ്യ നോവലേത് എന്ന പരിശോധനയ്ക്ക് മുതിരുമ്പോള്‍ നമ്മുടെ മുമ്പില്‍ പ്രഥമ പരിഗണനയ്ക്ക് എത്തുന്ന നോവലുകള്‍ ഇവയാണ്.
1. പരദേശി മോക്ഷയാത്ര, റവ : ജോസഫ് പീറ്റ് (1847)
2. സഞ്ചാരിയുടെ പ്രയാണം, റവ : സി. മുള്ളര്‍, റവ : പി. ചന്ദ്രന് (1849)
3. ആള്‍മാറാട്ടം, കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് (1866)
4. ഘാതകവധം, മിസിസ് കോളിന്‍സ് (1877)
5. പുല്ലേലിക്കുഞ്ചു, ആര്‍ച്ച്ഡീക്കന്‍ കോശി (1882)
6. കുന്ദലത, അപ്പുനെടുങ്ങാടി (1887)
7. ഇന്ദുലേഖ, ഒ. ചന്തുമേനോന്‍ (1889)
8. മാര്‍ത്താണ്ഡവര്‍മ്മ സി. വി. രാമന്‍പിള്ള (1891)
1866-ല്‍ പ്രസിദ്ധീകരിച്ച കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ ആള്‍മാറാട്ടം ഷേക്സ്പിയറുടെ കോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തിന്റെ വിവര്‍ത്തനമാണെന്ന് മാത്രമല്ല നാടകരൂപത്തില്‍ത്തന്നെയുള്ള ഗദ്യ വിവര്‍ത്തനമാണെന്ന് നമ്മുടെ പണ്ഡിതര്‍ക്ക് മനസിലാകാത്തത് എന്തു കൊണ്ടായാലും ഇപ്പോള്‍ പ്രഥമസ്ഥാനത്തേക്ക് ആരും ആള്‍മാറാട്ടത്തെ പരിഗണിക്കാറില്ല. അതു പോലെത്തന്നെ പരദേശീമോക്ഷയാത്ര, സഞ്ചാരിയുടെ പ്രയാണം എന്നിവ പില്ഗ്രിംസ് പ്രോഗ്രസിന്റെ തര്‍ജ്ജമയാണെന്നും മനസിലാക്കുന്നു. പരദേശീമോക്ഷയാത്രയുടെ വിവര്‍ത്തനം റവ : ജോസഫ് പീറ്റാണെന്ന് കാണുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചത് ആര്‍ച്ച് ഡീക്കന്‍ കോശിയാണെന്ന തര്‍ക്കം നിലനില്ക്കുന്നു!വിവര്‍ത്തകന്മാരെക്കുറിച്ചുള്ള തര്‍ക്കം തീര്‍ന്നതിന് ശേഷമാകാം നമുക്ക് അവ മലയാളനോവലാണോ എന്ന് പരിഗണിക്കാന്‍!
1859-ല്‍ മിസിസ് കോളിന്‍സ് എഴുതിതുടങ്ങുകയും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അവര്‍ മരണമടഞ്ഞതിനാല്‍ ഭര്‍ത്താവായ റിച്ചാര്‍ഡ് കോളിന്‍സ് പൂര്ണ്ണമാക്കുകയും 1864-ല്‍ കോട്ടയം സെമിനാരിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയില്‍ ഇംഗ്ലീഷില്‍ വന്നതുമായ സ്ലെയര്‍ സ്ലൈന്‍ (Slayer Slain) എന്ന കൃതിയുടെ മലയാള തര്‍ജ്ജമയാണ് ഘാതകവധം. ഇതൊരു മലയാളം നോവലാണെന്ന് ഡേവിഡ് ലോഡ്ജിന്റെ ഉദ്ധരണി സഹിതം സമര്‍ത്ഥിക്കാന്‍ ഡോ : ജോര്‍ജ്ജ് ഇരുമ്പയം നടത്തുന്ന സഹതാപര്ഹമായ ശ്രമങ്ങള്‍ കാണാതിരുന്നു കൂട! ഘാതകവധം സാമൂഹ്യലക്ഷ്യം വെച്ചുകൊണ്ട് എഴുതപ്പെട്ട നോവലാണെന്നും അതിനാല്‍ ഭാഷ കാര്യമാക്കേണ്ടതില്ല എന്നും, ഭാഷയെ അപേക്ഷിച്ച് ജീവിതത്തിനാണ് നോവലില്‍ പ്രാധാന്യം എന്നും (ആവിഷ്കൃതമായ ജീവിതം എവിടത്തേതാണോ അവിടത്തെ പ്രകൃതി, ആളുകള്‍, അവരുടെ ജീവിതരീതി, ഭാഷ എന്നിവ അറിഞ്ഞിരിക്കുക, ആര്‍ക്കു വേണ്ടി അതെഴുതപ്പെട്ടു എന്നിവയാണ് ഏതു ഭാഷയിലെഴുതപ്പെട്ടു എന്നതിനേക്കാള്‍ പ്രധാനം - ആദ്യകാലമലയാള നോവല്‍, ഡോ : ജോര്‍ജ്ജ് ഇരുമ്പയം, എന്‍. ബി. എസ്. രണ്ടാംപതിപ്പ് 1988, പേജ് 28) അദ്ദേഹം പറയുന്നു. അങ്ങനെവരികില്‍ കേരളീയ പശ്ചാത്തലത്തിലെഴുതപ്പെട്ട മലയാളിയായ അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് മലയാളം നോവലാണെന്ന് അദ്ദേഹം സമ്മതിക്കുമെന്ന് തോന്നുന്നു! മറ്റൊരു രസകരമായ കാര്യം . നോവല്‍ മലയാളിക്ക് വേണ്ടി എഴുതപ്പെട്ടു എന്നാണ് അദ്ദേഹം (ആര്‍ക്കുവേണ്ടി എഴുതപ്പെട്ടു എന്ന പ്രയോഗത്തിലൂടെ!) വ്യാഖ്യാനിക്കുന്നത്. (1859-76) കാലഘട്ടത്തില്‍ എത്ര മലയാളികള്‍ ഈ നോവല്‍ വായിച്ചിരിക്കും?
ഘാതകവധമല്ല ആദ്യ മലയാള നോവല്‍ എന്ന് തിരിച്ചറിയുമ്പോള്‍ പിന്നീട് നമ്മുടെ ശ്രദ്ധ പതിയേണ്ടത് സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയിലാണ്.1884-ല്‍ തന്നെ എഴുതപ്പെട്ടതാണ് ഈ നോവല്‍ എന്ന് ഭാഷാചരിത്ര കര്‍ത്താവായ പി.ഗോവിന്ദപിള്ളയുടെ സാക്ഷ്യം 1887-ല്‍ പ്രസിദ്ധീകൃതമായ അപ്പുനെടുങ്ങാടിയുടെ കുന്ദലതയേയും 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒയ്യാരത്തു ചന്തുമേനോന്റെ ഇന്ദുലേഖയെയും പിന്തള്ളി മാര്‍ത്താണ്ഡവര്‍മ്മയെ പ്രഥമമായി പരിഗണിക്കണമെന്ന് ചിന്തിക്കാന്‍ ചില പണ്ഡിതരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. ഇവരുടെ തന്നെ പിന്നീടുണ്ടായ ഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ചുള്ള മൗനത്തില്‍ നിന്നും വായിക്കാന്‍ കഴിയുന്നത് ചില നൈമിഷിക താല്പര്യങ്ങള് മാത്രമായിരുന്നു ഇത്തരം സാക്ഷ്യങ്ങള്‍ക്ക് പിന്നില്‍ എന്നാണ്!
തര്‍ജ്ജമകളും നാടകങ്ങളും മലയാള നോവല്‍ അല്ലെന്ന് തെളിയുമ്പോള്‍, രചനാകാലം പരിഗണിക്കുമ്പോള്‍ മലയാളത്തിലെ ആദ്യത്തെ നോവല്‍ ആര്‍ച്ച് ഡീക്കന്‍ കോശി ഡി.ഡി യുടെ പുല്ലേലിക്കുഞ്ചു ആണെന്ന് കാണാം. സുപരിചിതമല്ലാത്തൊരു പ്രതിപാദന രീതിയും പാര്‍ശ്വവല്‍കൃതരുടെ പ്രതികരണ രീതിയും നോവലില്‍ വായിച്ചെടുത്ത വരേണ്യവര്‍ഗം തങ്ങളുടെ സംസ്കാരങ്ങളിലേക്കുള്ള അധിനിവേശ ശ്രമമായി പുല്ലേലിക്കുഞ്ചുവിനെ കണ്ടിരിക്കാവുന്നതിനാലാണ് ഈ നോവല്‍ തമസ്ക്കരിക്കപ്പെടാന്‍ ഇടയായതെന്നാണ് തോന്നുന്നത്.
1860-ല്‍ ആഗസ്ത്, സെപ്തംബര്‍, നവംബര്‍ ലക്കങ്ങളിലായി ജാതിഭേദം എന്ന പേരില്‍ ജ്ഞാനനിക്ഷേപം മാസികയില്‍ പുല്ലേലിക്കുഞ്ചുവിന്റെ ആദ്യ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1882-ല്‍ കോട്ടയത്തു നിന്നാണ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മൂന്നു ഭാഗങ്ങളായി തിരിച്ചാണ് കഥ പറയുന്നത്. ക്രിസ്ത്യാനിയായ ഒരു മുതല്‍പ്പിടിക്കാരന്റെ കാഴ്ചയിലൂടെയാണ് കഥ വളരുന്നത്. അദ്ദേഹത്തെ കൂടാതെ ഉല്പതിഷ്ണുവും ക്രിസ്തുമത വിശ്വാസിയുമായ പുല്ലേലി കുഞ്ചുപ്പിള്ളയും, യാഥാസ്ഥിതികനെങ്കിലും നല്ലവനായ കൈതകപ്പെള്ളില്‍ രാമപ്പണിക്കരും ശാമു അണ്ണാവിയും മലയാള ബ്രാഹ്മണനും, ബൈബിള്‍ വില്പനക്കാരനും മറ്റുമാണ് പ്രധാന കഥാപാത്രങ്ങള്‍. നോവലിന്റെ ഒന്നാം ഭാഗത്തില്‍ ഹിന്ദുമതത്തിലെ ജാതി വ്യത്യാസങ്ങള്‍ കൊണ്ടുള്ള കഷ്ടപ്പാടിനെക്കുറിച്ച് കൈതകപ്പെള്ളില്‍ രാമപണിക്കരുമായി സംവാദത്തിലേര്‍പ്പെടുകയാണ് കുഞ്ചുവും ക്രിസ്ത്യാനിയായ മുതല്‍പ്പിടിക്കാരനും. കുഞ്ചുവിന്റെ യുക്തിക്ക് മുമ്പില്‍ യാഥാസ്ഥിതികനായ പണിക്കര്‍ക്ക് ചെറിയതോതില്‍ ‘ബോധം’ ഉണ്ടാകുന്നുണ്ട്. ജാതിവ്യത്യാസങ്ങള്‍ക്കെതിരെയുള്ള രോഷമായി ആദ്യ ഭാഗത്തെ കാണാമെങ്കില്‍ രണ്ടാം ഭാഗം ബിംബാരാധനയ്ക്ക് എതിരെയുള്ളതാണ്. ഈ ഭാഗത്തില്‍ മഹാ അഹങ്കാരിയായൊരു മലയാളി ബ്രാഹ്മണന് കുഞ്ചുവിന്റെ യുക്തിക്കു മുമ്പില്‍ കീഴടങ്ങുന്ന കാഴ്ചയാണ് മുഖ്യപ്രതിപാദ്യം.
മൂന്നാം ഭാഗത്തില്‍ കുഞ്ചുവും പണിക്കരും ഉല്‍സവത്തില്‍ സംബന്ധിക്കാന്‍ ഗുരുവായൂര്‍ക്ക് പോകാനിറങ്ങിയ ബൈബിള്‍ വില്പനക്കാരെ പണിക്കരുടെ വീടിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്യുന്നു. അവിടെവെച്ച് പണിക്കരും കുഞ്ചുവും ബൈബിള്‍ വില്പനക്കാരുടെ കഥാപ്രസംഗങ്ങളിലൂടെ യേശുക്രിസ്തുവിന്റെ ജീവിതവൃത്താന്തങ്ങള്‍ അറിയുന്നു. ഹിന്ദുമത കഥകളേക്കാള്‍ മഹത്തരമാണ് ക്രിസ്തുവിന്റെ കഥകളെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഒടുവില്‍ കുഞ്ചുപ്പിള്ളയും പണിക്കരും ബൈബിള്‍ വാങ്ങുന്നു. പിന്നീട് ഗുരുവായൂര്‍ക്ക് പോകേണ്ടവര്‍ ഗുരുവായൂരിലേക്കും ആഖ്യാതാവായ ക്രിസ്ത്യന്‍ മുതല്‍പ്പിടിക്കാരന്‍ വീട്ടിലേക്കും തിരിക്കുന്നതോടെ പുല്ലേലിക്കുഞ്ചു അവസാനിക്കുന്നു.
ജാതിവ്യത്യാസങ്ങളെയും ബിംബാരാധനയേയും വിമര്‍ശിക്കുന്ന, സോക്രട്ടീസ് സ്കൂളിനെ ഓര്‍മ്മിപ്പിക്കുന്ന തലനാരിഴ കീറിയുള്ള ഈ പരിശോധന ഏറെ രസകരവും വസ്തുതകളെ സ്ഥൂലരൂപത്തില്‍ പരിശോധിക്കുന്നവര്‍ക്കു (മലയാളി ബ്രാഹ്മണനടക്കമുള്ളവര്‍ക്ക്)ള്ള തിരിച്ചടിയുമാണ്. ബിംബാരാധനയും ജാതിവ്യത്യാസങ്ങളും ‘വ്യഥാസൃഷ്ടികള്‍’ എന്ന രൂപത്തില്‍ എത്തിച്ചേരുമ്പോള്‍ ഹിന്ദുമതത്തിന്റെ സ്വത്വം എന്നതു തന്നെ ഒരു ‘ശൂന്യത’യായി മാറുന്ന കാഴ്ച കാണാം. ഗ്രന്ഥകാരന്റെ ലക്ഷ്യവും അതു തന്നെയാണെന്ന് സ്പഷ്ടമാകുന്നത് നോവലിന്റെ മൂന്നാമത്തെ ഭാഗത്ത് ക്രിസ്തുവിന്റെ മഹത്വങ്ങളെ അവതരിപ്പിക്കുമ്പോഴാണ്. ഇവിടെത്തുമ്പോഴേക്കും ഗ്രന്ഥകാരന്റെ നോവലിസ്റ്റെന്ന ആട്ടിന്തോല് അഴിഞ്ഞുവീഴുകയും ആര്‍ച്ച് ഡീക്കന്‍ കോശിയെന്ന ക്രിസ്തുമതപ്രചാരകന്‍ തല്‍രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് കാണാം. മഹാഭാരത യുദ്ധത്തില്‍ ശിഖണ്ഡിയെന്നപോലെ പുല്ലേലിക്കുഞ്ചു നില്‍ക്കുകയും കോല്‍പോര്‍ട്ട്യാരുടെ രൂപത്തില്‍ കോശി മുന്‍പു സൂചിപ്പിച്ച ‘ശൂന്യത’യില്‍ ക്രിസ്തുമതം നിറയ്ക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് ലേഖനത്തിന്റെ ആദ്യഭാഗത്ത് വരേണ്യവര്‍ഗം ഈ നോവലിനെ തങ്ങളുടെ സംസ്കാരത്തിന്മേലുള്ള ഒരു അധിനിവേശരൂപമായി കണ്ടു എന്ന് ഞാന്‍ സൂചിപ്പിച്ചത്. പുല്ലേലിക്കുഞ്ചു തമസ്കരിക്കപ്പെടാനുള്ള മുഖ്യകാരണവും ഇതു തന്നെ. ഈ ‘അധിനിവേശ സ്വഭാവം’ കൊണ്ടു തന്നെയാണ് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയ (1892 ജനുവരിയില്‍ ഒന്നാം പതിപ്പ്) വും തമസ്കരിക്കപ്പെട്ടത്. പുല്ലേലിക്കുഞ്ചു ‘മാര്‍ഗ്ഗംകൂടാന്‍’ പ്രേരിപ്പിക്കുമ്പോള്‍ സരസ്വതീ വിജയം ഇംഗ്ലീഷ് വിദ്യാഭ്യാസവും ക്രിസ്തുമത സ്വീകാരവും വഴി അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനത (പുലയര്‍)യുടെ ഉയിര്ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച് പറയുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം ഇന്ദുലേഖയിലും പരാമര്‍ശിക്കുന്നുവെങ്കിലും അവിടെ ഒരു ‘പരിഷ്ക്കരണമാണ്’ ആവശ്യപ്പെടുന്നത്. അല്ലാതെ ‘ബദല്‍’ അല്ല. മാത്രമല്ല ഈ ‘പരിഷ്ക്കരണം’ ആവശ്യപ്പെടുന്ന ഗ്രന്ഥകര്‍ത്താക്കള്‍ നവവരേണ്യവര്‍ഗത്തില്‍പെടുന്നവരും, ബദല്‍ ആവശ്യപ്പെട്ടത് ക്രിസ്തുമതക്കാരോ, ക്രിസ്തുമതത്തില്‍ ചേരാന്‍ പ്രേരണ നല്കിയവരോ ആണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇംഗ്ലീഷ് ഭാഷയേയും ഇംഗ്ലീഷ് സംസ്ക്കാരത്തേയും സമൂഹത്തിലെ രണ്ടാം നിരക്കാരായ ശൂദ്രരെ അപേക്ഷിച്ച് പതുക്കെയാണ് ബ്രാഹ്മണര്‍ സ്വീകരിച്ചത്. സംസ്കാരങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യമാണിതിന് പ്രധാന കാരണം. എന്നാല്‍ ഇംഗ്ലീഷ് സംസ്കാരത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ‘രണ്ടാം നിരക്കാര്‍’ വളരെ പെട്ടെന്ന് സാമ്പത്തികമായും സാമൂഹികമായും ഉയര്‍ച്ച പ്രാപിച്ചു. ഒരു പുതിയ സവര്‍ണ്ണസമൂഹം അപ്പോള്‍ സൃഷ്ടിക്കപ്പെടുകയായി. ഇന്ദുലേഖയിലൂടെയും, മീനാക്ഷിയിലൂടെയും പരിഷ്ക്കരണം ആവശ്യപ്പെട്ടത് ഈ ‘നവസവര്‍ണ്ണര്‍’ ആണ്. നമ്പൂതിരിമാര്‍ക്കും തങ്ങള്‍ക്കും ഇടയിലുള്ള ‘വിടവ്’ (സവര്‍ണര്‍ക്കിടയിലുള്ള ഉയര്‍ച്ചതാഴ്ചകള്‍) ഇല്ലാതാക്കാനാണ് അവ ആവശ്യപ്പെട്ടത്. നവസവര്‍ണ്ണന്റെ കാഴ്ചപ്പാടുകളെ പ്രതിനിധാനം ചെയ്യുന്ന ഇന്ദുലേഖയും മീനാക്ഷിയും ഒക്കെ സ്വീകരിക്കപ്പെട്ടത് അതു കൊണ്ടാണ്. ഈ രണ്ടു നോവലുകളും പ്രധാനമായും ലക്ഷ്യമാക്കുന്ന സാമൂഹികാനാചാരം ‘നമ്പൂതിരി സംബന്ധങ്ങളാണ്!’ എന്നാല്‍ നമ്പൂതിരിമാരുടെ കാമഭ്രാന്ത് ശമിപ്പിക്കുവാനുള്ള മാംസക്കുപ്പകളല്ല തങ്ങളുടെ ശരീരം എന്ന് തിരിച്ചറിയുന്ന മീനാക്ഷിയും, ഇന്ദുലേഖയും ഈ നോവലുകളുടെ തിളക്കം കൂട്ടുന്നു. ‘സ്ത്രീശാക്തീകരണം’ എന്ന ലക്ഷ്യം ഈ രണ്ടു നോവലുകളിലുമുണ്ട്. കാലാകാലങ്ങളായി സവര്ണ്ണന് മുന്പില് തങ്ങളുടെ സ്ത്രീകളെ അടിയറവെക്കേണ്ടിവന്നതിലൂടെ പുരുഷത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഒരു വിഭാഗത്തിന്റെ ‘ഉത്തമസ്ത്രീ സങ്കല്പം’ എന്ന നിലയിലും ഇന്ദുലേഖയേയും മീനാക്ഷിയേയും കണ്ടെത്താം. ജീവിതത്തില്‍ നഷ്ടപ്പെട്ടത് സാഹിത്യത്തിലൂടെ തിരിച്ചെടുക്കാനുള്ള നവസവര്‍ണന്റെ ശ്രമമായും ഇതിനെ വായിക്കാം. ഇതല്ലാതെ ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കാന്‍ സവര്‍ണരും നവസവര്‍ണരും ആഗ്രഹിച്ചില്ല. സവര്‍ണര്‍+നവസവര്‍ണര്‍ എന്ന ഈ പുതിയ സഖ്യത്തിനെതിരെ ബാസല്‍മിഷന്‍കാരും, മാര്‍ഗ്ഗം കൂടിയവരും ചേര്‍ന്ന സഖ്യത്തിന് മേല്‍ക്കൈ ലഭിക്കാതെ വന്നപ്പോള്‍ പുല്ലേലിക്കുഞ്ചുവും സരസ്വതീ വിജയവും തമസ്കരിക്കപ്പെട്ടു. ചുരുക്കത്തില്‍ തങ്ങളിലേക്ക് അധിനിവേശം നടത്താനിരിക്കുന്ന ഒരു സംസ്കാരത്തെ തമസ്കരിക്കാന്‍ വരേണ്യവര്‍ഗം ശ്രമിച്ചപ്പോള്‍ അതോടൊപ്പം തമസ്കരിക്കപ്പെട്ടത് പുല്ലേലിക്കുഞ്ചു, സരസ്വതീ വിജയം തുടങ്ങിയ നോവലുകളുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അധിനിവേശത്തിന്റെ അരികുവല്‍ക്കരണം ഒരര്‍ത്ഥത്തില്‍ അടിമജീവിതത്തിന്റെ പാര്‍ശ്വവല്‍ക്കരണം കൂടിയാകുന്ന വിചിത്രമായൊരു കാഴ്ച സൂക്ഷ്മവായനയില്‍ കാണാവുന്നതാണ്.
വ്യക്തമായ നിര്‍വചനങ്ങള്‍ക്കുള്ളില്‍ തളയ്ക്കാന്‍ കഴിയാത്ത, ഒട്ടും വ്യവസ്ഥാപിതമല്ലാത്ത സാഹിത്യ രൂപമാണ് നോവല്‍. ആദിമധ്യാന്തവും പരിണാമ ഗുപ്തിയും ഉള്ള ഒരു കഥയുടെ നിര്‍വചനം മനസില്‍ സൂക്ഷിച്ചുകൊണ്ട് നോവലിനെ സമീപിക്കുന്നവര്‍ക്ക് പുല്ലേലിക്കുഞ്ചുവിനെ ഒരു നോവല്‍ ആയി കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നോവല്‍ നിയതമായ ഒരു കഥ പറയണമെന്നില്ല. കഥ നിര്‍ബന്ധമില്ലെന്ന് കൂടി ഇ. എം. ഫോസ്റ്ററെയും, ഹെന്റി ജെയിംസിനെയും പോലുള്ളവര്‍ വാദിക്കുന്നുണ്ട്. ‘നോവല്‍ ഒരു കഥപറയുന്നു’ എന്ന മട്ടില്‍ ഇതിനെ പരിഹസിക്കുന്നുമുണ്ട് ഇ. എം. ഫോസ്റ്റര്‍ തന്റെ ആസ്പെക്റ്റ്സ് ഓഫ് ദി നോവല്‍ എന്ന കൃതിയില്‍. “A fictitious prose narrative of considerable length in which characters and actions representative of real life are portrayed in a plot of more or less complexity” എന്ന് The shorter Oxford English Dictionary on Historical Principles നോവലിനെ നിര്‍വചിക്കുന്നു. അതായത് ‘ഏറെയോ കുറഞ്ഞോ സങ്കീര്‍ണ്ണമായ ഒരു ഇതിവൃത്തത്തില്‍ യഥാര്‍ത്ഥ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും ഉള്‍പ്പെടുത്തപ്പെട്ട നിലയില്‍ വേണ്ടത്ര ദൈര്‍ഘ്യമുള്ള ഒരു സാങ്കല്പിക ഗദ്യവിവരണ’മാണ് (സ്വതന്ത്രവിവര്‍ത്തനം) നോവല്‍. അംഗീകൃതമായ ഈ നിര്‍വചനപ്രകാരം തന്നെ ആദിമധ്യാന്തമുള്ള ഒരു കഥ (ഇതിവൃത്തം) നിര്‍ബന്ധമല്ലെന്ന് കാണാം. കഥാപാത്രങ്ങളെയും പ്രവൃത്തികളെയും ആദ്യാവസാനം ചേര്‍ത്തുകൊണ്ടുപോകുന്ന ഒരു ചരടായി ഇതിവൃത്തത്തെ കണ്ടാല്‍ മതി. ഈ ഒരു തലത്തിലൂടെ പുല്ലേലിക്കുഞ്ചുവിനെ വായിച്ചു നോക്കുക. പ്രഥമ വായനയില്‍ സ്വതന്ത്രമായ മൂന്നു ലേഖനങ്ങളായാണ് ‘പുല്ലേലിക്കുഞ്ചു’ അനുഭവപ്പെടുന്നത്. എന്നാല്‍ അവ ചേര്‍ത്തു വായിക്കുമ്പോള്‍ അതിനുള്ളിലെവിടെയോ ഒരു ജീവിതം വികസിച്ചു വരുന്നത് കാണാം. അന്ധവിശ്വാസവും അനാചാരവും കൊണ്ട് കലുഷിതമായ ഒരു സമൂഹത്തിലെ ഇടത്തട്ടുകാരായ ചിലര്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെതുമായ ഒരു മതത്തിലേക്ക് പതിയെ നീങ്ങുന്നതാണ് പുല്ലേലിക്കുഞ്ചുവിന്റെ ഇതിവൃത്തമായി കാണാന്‍ കഴിയുക. എന്നാല്‍ ഈ മൂന്നു സ്വതന്ത്ര ലേഖനങ്ങള്‍ ഒന്നു ക്രമം മാറ്റി വെച്ചു നോക്കിയാല്‍ മേല്പറഞ്ഞ രീതിയില്‍ അനുക്രമം വികസിക്കുന്ന ഒരു ഇതിവൃത്തം അതിന് ഇല്ലാതാവുകയും ചെയ്യും! സുപ്രസിദ്ധമായ സിന്‍ഡ്രെല്ലയുടെ കഥയില്‍ രാജകുമാരന് സിന്‍ഡ്രല്ലയുടേതായ ഒരു ചെരുപ്പുമായി സിന്‍ഡ്രല്ലയെ തേടിയിറങ്ങുകയായി. തേടിത്തേടിയൊടുവില്‍ വീട്ടുവേലക്കാരിയായ ഒരു പെണ്‍കുട്ടിയെ ഈ ചെരിപ്പണിയിച്ചപ്പോള്‍ രാജകുമാരന് സിന്‍ഡ്രല്ലയെ തിരിച്ചു കിട്ടുന്നു. ചെരിപ്പണിയിക്കുന്നതുവരെ വെറും വീട്ടുവേലക്കാരിയായിരുന്ന പെണ്‍കുട്ടി ചെരിപ്പണിഞ്ഞപ്പോള്‍ അതിമനോഹരിയായി മാറുന്നു. അതു തന്നെയാണ് പുല്ലേലിക്കുഞ്ചുവിലും സംഭവിച്ചത്. ഒരു പ്രത്യേക രീതിയില്‍ സ്വതന്ത്രമായ മൂന്നു ലേഖനങ്ങളെ അടുക്കിയപ്പോള്‍ അത് ഇതിവൃത്തമുള്ളൊരു നോവലായി വികസിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും പുല്ലേലിക്കുഞ്ചുവില്‍ ധാരാളമുള്ളതിനാല്‍ ആ ഒരു രീതിയിലുള്ള തര്‍ക്കം ആരും ഉയര്‍ത്തുന്നില്ല. നോവല്‍ എന്ന മാധ്യമത്തില്‍ പുല്ലേലിക്കുഞ്ചുവിനെ ഉള്‍പ്പെടുത്താന്‍ തടസ്സമായി എനിക്കു തോന്നുന്നത് ഏതാണ്ട് 80 പേജ് മാത്രമുള്ള അതിന്റെ വലിപ്പമാണ്. ‘വേണ്ടത്ര ദൈര്‍ഘ്യം’ എന്നത് ആപേക്ഷികമാണെന്ന് കരുതേണ്ടി വരും. അല്ലാത്തപക്ഷം മലയാളത്തിലെ സുപ്രസിദ്ധങ്ങളായ പലനോവലുകളും ചെറുകഥകളുടെ വിഭാഗത്തില്‍ ഒതുങ്ങേണ്ടി വരും. പുല്ലേലിക്കുഞ്ചു ഒരു നല്ല നോവലാണോ എന്നത് ഒരു തര്‍ക്ക വിഷയമാണ് എന്നാല്‍ ആദ്യ മലയാള നോവല്‍ പുല്ലേലിക്കുഞ്ചുവാണെന്നത് തര്‍ക്കവിഷയമാവേണ്ടതില്ല.
വിജയന് കോടഞ്ചേരി
ജനനം 1971ല്‍ കോടഞ്ചേരി എല്‍.പി സ്കൂള്‍ . പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍, പൂനെ ഭാരതീയ വിദ്യാപീഠ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, ഇംഗ്ലീഷ് സാഹിത്യം. നിയമം എന്നിവയില്‍ ബിരുദം. മലയാളത്തിലെ ആദ്യകാല കഥകള്‍ (എഡിറ്റര്‍) ജെറീന - ഒരു മലയാളി ഹിജഡയുടെ ആത്മകഥ (ബി.ഹരിയോടൊപ്പം) 2006ലെ അപ്പന് തമ്പുരാന് സാഹിത്യ പുരസ്കാര ജേതാവ്. അജപാലകന്, സോദോം പാപത്തിന്റെ ശേഷപത്രം എന്നിവയാണ് പ്രധാന കൃതികള്‍.
No comments:
Post a Comment