ഒ.എന്‍.വി. കുറുപ്പ്
കേരളം, ഇത് കേരളം,
പുകളാര്‍ന്ന സുന്ദര കേരളം!
കേരളം, കടല്‍ പെറ്റ മറ്റൊരു
പുമകള്‍ തന്നാലയം!
കേരളം, ഇതു കേരളം, മഴ-
വില്ല് പൂക്കും പൂവനം!
കേരളം, മാവേലിവാണ
മനോജ്ഞമാക്കിയ മതിലകം!
ഇവിടെയല്ലോ തുഞ്ചന്റെ കിളിമകള്‍ പാടി!
ഇവിടെയല്ലോ കുഞ്ചന്റ് ചിരി മുഴങ്ങി!
ഇവിടെയല്ലോ വടക്കന്‍ പാട്ടുറഞ്ഞുതുള്ളീ!
ഇവിടെയല്ലോ തെയ്യവും തിറയും തുള്ളീ!
ഇവിടെയല്ലോ അടിയാളര്‍ പണിയാളര്‍
നാടിന്റെ അധികാരക്കതിര്‍
കൊയ്തു കൊടിയുയര്‍ത്തി!
കാറ്റും കടലുമീ കായല്‍ത്തിരകളും
ആറ്റക്കിളിയും കുയിലുകളും,
അമ്പലപ്രാവുമീ പൊന്നാമ്പല്‍പ്പൂക്കളെ
ചുംബിച്ചു മൂളും പൂത്തുമ്പികളും,
നെഞ്ചില്‍ തിരുമുറിപോലും മുളകളും,
പുഞ്ചക്കതിര്‍ കൊയ്യും തത്തകളും,
ഒന്നിച്ചു പാടിത്തിമര്‍ക്കും പുലരികള്‍,
സന്ധ്യകള്‍ വന്നു പോമീ നാടു!
ഭൂമിയില്‍ ദൈവവും സ്വന്തമെന്നോതുവാന്‍
മോഹിക്കും കേരളനാടു!
പൊന്നിനും പൊന്നായൊ
രെന്നമ്മേ! കേരളമേ!
ഇന്നല്ലോ നിന്‍തിരുനാള്‍!
മൂന്നുമൊഴി കുരുവയിടോ!
താളത്തില്‍ മേളത്തില്‍
താഴം പൂക്കുട ചൂടി
തൃത്താളപ്പെരുമയോടേ
നൃത്തം ചെയ്തിവര്‍ വരവായ്!
കടപ്പാട്: ഫോക്കസ് കേരള
ഒ.എന്‍.വി. കുറുപ്പ്
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാവിൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ഒ.എൻ.വി (ഒറ്റപ്ലാവിൽ നീലകണ്ഠൻ വേലു കുറുപ്പ്) ജനിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി, 1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, എന്നിവക്കു പുറമെ ലഭിച്ച ഒ. എൻ. വി കുറുപ്പിനു1989-ൽ ദേശീയ പുരസ്കാരവും 1998-ൽ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
No comments:
Post a Comment