Sunday, August 1, 2010

സിങ്ക്‌ഷോട്ടുകളിലൂടെ നിര്‍മിച്ച ആദ്യത്തെ ഇന്ത്യന്‍ സിനിമ

സണ്ണി ജോസഫ്

‘പിറവി’യുടെ ചിത്രീകരണം കഴിഞ്ഞ്. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയം. ഷാജിച്ചേട്ടന്‍ (ഷാജി. എന്‍. കരുണ്‍) അതിന്റെ തിരക്കിലായിരുന്നതിനാല്‍ അരവിന്ദേട്ടന്റെ (ജി. അരവിന്ദന്‍) ‘ഉണ്ണി’ എന്ന സിനിമയുടെ ചിത്രീകരണ ജോലി എന്നെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ‘വാസ്തുഹാര’യുടേയും.

‘നമ്മുടെ പടം ഉണ്ട്, നമ്മള്‍ ചെയ്യുന്നു’ എന്ന് അരവിന്ദേട്ടന്‍ എന്നോട് പറഞ്ഞപ്പോള്‍ വളരെ അഭിമാനവും കൃതജ്ഞതയും തോന്നി. കാരണം ഈ സംവിധായകനോടൊത്ത് ഒരിക്കല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു.

‘ഉത്തരായനം’ പ്രദര്‍ശനത്തിനെത്തുന്ന കാലം. എറണാകുളത്തെ കവിതാ തീയേറ്ററില്‍ പോയി ഞാന്‍ ഉത്തരായനം കണ്ടു കഴിഞ്ഞപ്പോള്‍ ‘മലയാളത്തില്‍ ആദ്യമായൊരു സിനിമ’ എന്നൊരു റിവ്യു ഞാന്‍ എഴുതി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. ഉത്തരായനം എന്ന ദൃശ്യവിസ്മയം സംവിധാനം ചെയ്ത മനുഷ്യന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത് അപ്പോഴാണ്.

ജി. അരവിന്ദൻ
അരവിന്ദേട്ടന്‍ എനിക്ക് പിതൃതുല്യനായ ആളാണ്. നല്ല സ്‌നേഹവും പിന്തുണയുമൊക്കെ എനിക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു. എന്തും പറയാം. സങ്കടങ്ങളും വേദനകളും രഹസ്യങ്ങളുമെല്ലാം.

എനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വന്ന ശേഷം ആദ്യം ഞാന്‍ സഹകരിച്ചത് ഹൃസ്വ ചിത്രങ്ങളിലായിരുന്നു. അരവിന്ദേട്ടനും ആ പ്രൊജക്ടിലുണ്ടായിരുന്നു. കലം കാരി പെയ്ന്റിങ്ങിനെ കുറിച്ച് ഹൈദരാബാദില്‍ വെച്ചായിരുന്നു ചിത്രീകരണം. പിന്നെ ജെ. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് അരവിന്ദേട്ടന്‍ സംവിധാനം ചെയ്ത ഹൃസ്വ ചിത്രം - ‘ഫിയര്‍ ന്യൂവാക്‌സ് എലോണ്‍.’

‘വാസ്തുഹാര’യെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹകനും ശബ്ദലേഖകനും ഒരേ പോലെ സൂക്ഷിക്കേണ്ട കാര്യം. ആ ചിത്രം മുഴുവനും സിങ്ക് ഷോട്ടു കൊണ്ടാണ്. അതായത് ചിത്രീകരണ സമയത്തു തന്നെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളും അതേപടി ലേഖനം ചെയ്തു. വളരെ പ്രയാസമുള്ള ലൊക്കേഷനുകളില്‍ പോലും ലൈവ് സ്റ്റണ്ട് ഷൂട്ട് നിര്‍വഹിക്കണമായിരുന്നു. അതു ഭദ്രമായി തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. ‘വാസ്തുഹാര’ക്കു ശേഷം പതിറ്റാണ്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ‘ലഗാന്‍’ എന്ന ഹിന്ദി ചിത്രമാണ് സിങ്ക് ഷോട്ടുകളിലൂടെ ആദ്യം നിര്‍മിച്ചതെന്ന് ചില മാധ്യമങ്ങള്‍ എഴുതിയതു കണ്ടു. അതു ശരിയല്ല. യഥാര്‍ത്ഥത്തില്‍ ‘വാസ്തുഹാര’യാണ് ഇന്ത്യയില്‍ ആദ്യമായി സിങ്ക് ഷോട്ടുകളിലൂടെ നിര്‍മിച്ച സിനിമ.

സി. വി. ശ്രീരാമന്‍
ചിത്രീകരണത്തിനു മുമ്പ് ശ്രീരാമേട്ടന്റെ (സി. വി. ശ്രീരാമന്‍) കഥ വായിച്ചു. പിന്നെ ലൊക്കേഷന്‍ നോക്കാന്‍ കല്‍ക്കത്തയില്‍ പോയി. 1990 - ല്‍ ചിത്രീകരണം തുടങ്ങുമ്പോള്‍ ഈ സിനിമ വളരെ വ്യത്യസ്ഥമായി, ചരിത്രത്തിന്റെ ഭാഗമായി തീരുന്ന രീതിയില്‍ നിര്‍വഹിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.

ഒരു ഷോട്ടെടുക്കുമ്പോള്‍ അരവിന്ദേട്ടന്‍ ആ സീനിനെ കുറിച്ച് പറഞ്ഞിരുന്നു. ആംഗിള്‍ ഫിക്‌സ് ചെയ്ത ശേഷം അരവിന്ദേട്ടന്‍ പറയും “ഇതാണ് സീന്‍.”

സംവിധായകന്‍ പറയുന്നതും സങ്കല്‍പ്പിക്കുന്നതും ഉദ്ദേശിക്കുന്നതും എന്താണോ അത് ഞാന്‍ ചെയ്യുന്നു. അരവിന്ദേട്ടന്റെ കൈയ്യില്‍ ഓരോ, സീനിനേയും കുറിച്ച് എഴുതിയ കുറിപ്പുകള്‍ - അതായത് സംവിധായകന്റെ സ്‌ക്രിപ്റ്റ് - ഉണ്ടായിരുന്നുവെങ്കിലും അത് എത്ര മാത്രം വിശദമായിരുന്നു എന്ന് എനിക്ക് അറിയില്ല.

‘വാസ്തുഹാര’യില്‍ പ്രധാനമായും രണ്ട് സീനുകള്‍ ചിത്രീകരിച്ച പ്രയാസം ഞാന്‍ ഓര്‍ക്കുന്നു. ഒന്ന്, റാണാഘട്ടിലെ അഭയാര്‍ത്ഥി ക്യാമ്പ് ആണ്. വേണുഗോപാല്‍ (മോഹന്‍ലാല്‍) അഭയാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. പിന്നില്‍, കൂടി നില്‍ക്കുന്ന അഭയാര്‍ത്ഥികള്‍. അത് ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ടോപ്പ് ആംഗിള്‍ ഷോട്ട് വേണമെന്ന് അരവിന്ദേട്ടന്‍ പറഞ്ഞു. പക്ഷെ ക്രെയിന്‍ ഇല്ലായിരുന്നു. പിന്നെ യൂണിറ്റു വണ്ടി നീക്കിയിട്ടാണ്, അതിനു മുകളില്‍ നിന്ന് ആ ഷോട്ടുകള്‍ എടുത്തത്. എന്നാല്‍ സംവിധായകന്‍ കാണാതെ എങ്ങനെ ആ ഷോട്ടുകള്‍ എടുക്കും അരവിന്ദേട്ടനെ കൂടി വണ്ടിയുടെ മുകളിലെത്തിക്കാന്‍ ഉള്ള സൗകര്യവുമില്ലായിരുന്നു. എന്തായാലും അനുമതിയോടു കൂടി ഞാനതെടുത്തു. എഡിറ്റിങ്ങിന്റെ സമയത്ത് ആ ഷോട്ടുകള്‍ എല്ലാം തന്നെ അരവിന്ദേട്ടന്‍ ഉപയോഗിക്കുകയും ചെയ്തു.

മറ്റൊന്ന് നിശബ്ദമായ ഒരു സീന്‍ ആണ്. വേണുഗോപാല്‍ ടെറസ്സില്‍ നില്‍ക്കുന്നു. അവിടെയപ്പോള്‍ ഭാരമെടുത്ത് ഉയര്‍ത്തിയും താഴ്ത്തിയും കസര്‍ത്തു ചെയ്യുന്ന ഒരു തടിച്ച മനുഷ്യനെ (എന്‍. എല്‍. ബാലകൃഷ്ണന്‍) കാണുന്നു. ജന്‍മപാപം എന്നതു പോലെ ഭാരമെടുത്ത് കസര്‍ത്തു ചെയ്യുന്ന ആ മനുഷ്യനെ ഇടക്കിടെ ശ്രദ്ധിക്കുന്ന വേണുഗോപാലിന് പുഞ്ചിരിപൊട്ടുന്നു. താന്‍ രാജ്യത്തിനു വേണ്ടി വലിയൊരു കാര്യം ചെയ്യുകയാണെന്ന ധാരണയാല്‍ ആ കസര്‍ത്തുകാരനും വേണുഗോപാലിനെ നോക്കി പുഞ്ചിരിക്കുന്നു. ഈ ദൃശ്യം ചിത്രീകരിക്കുവാനുള്ള അന്തരീക്ഷത്തിനായി മൂന്ന് ദിവസം കാത്തു നില്‍ക്കേണ്ടി വന്നു.

സണ്ണി ജോസഫ്
അന്തരീക്ഷം, പ്രകാശം, നിശ്ചയിക്കുന്ന ആംഗിളുകളില്‍ നിന്ന് ഷോട്ടുകള്‍ എടുക്കുവാനുള്ള അസൗകര്യം, തനതായ ശബ്ദങ്ങള്‍, സംഭാഷണങ്ങളുടെയും ചലനങ്ങളുടെയും കൃത്യതയും വ്യക്തതയും - എന്നിങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് ‘വാസ്തുഹാര’ പൂര്‍ത്തിയാക്കിയത്. അരവിന്ദേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. അദ്ദേഹം എന്റെ ഗുരുവാണ്. ‘വാസ്തുഹാര’ എന്ന സിനിമ ഞാന്‍ ക്യാമറ ചെയ്തിട്ടുള്ള സിനിമകളില്‍ വെച്ച് ഏറ്റവും നല്ല നേട്ടവും ഏറ്റവും മികച്ച സൃഷ്ടിയുമാണ്.

No comments: