Sunday, August 1, 2010

ടെഹ്‌റി - വിവരക്കേടിന്റെ വിളംബരം

ജോയിസ്‌കുട്ടി.ജെ.

ഹിമാലയ യാത്രയിൽ കേദാരമാണ് അടുത്ത ലക്ഷ്യം. ഗംഗോത്രിയില്‍ നിന്ന് മലയിറങ്ങി ഉത്തരകാശിയിലെത്തി, ടെഹ്‌റി വഴിയാണ് ഞങ്ങള്‍ ഉപയോഗിച്ചത്.അണക്കെട്ട് വിവാദത്തിന്റെ പേരില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച സ്ഥലമാണ് ടെഹ്‌റി. മനോഹരങ്ങളായ കാടുകളും ശ്രദ്ധാപൂര്‍വ്വം പരിചരിക്കുന്ന കൃഷിയിടങ്ങളും ഇവയുടെ ഇടയില്‍ പത്തും പതിനഞ്ചും വീടുകളുളള ചെറിയ ഗ്രാമങ്ങളും ഉള്‍ച്ചേര്‍ന്ന ടെഹ്‌റി. പട്ടണത്തിന്റെ ഹൃദയത്തില്‍ തന്നെ രണ്ടു മലകളെത്തമ്മില്‍ ബന്ധിക്കാനാണ് പദ്ധതി. പദ്ധതി പ്രദേശം കാണുന്ന ആര്‍ക്കും കരയാതിരിക്കാനാവില്ല; പദ്ധതി നടത്തിപ്പുകാരുടെ മനസ്സിന്റെ പാപ്പരത്തം ഓര്‍ത്ത്. സ്വതവേ ബലം കുറഞ്ഞ ഹിമാലയ നിരകള്‍ അണക്കെട്ടുകള്‍ക്ക് ഉപയുക്തമല്ല എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും. ഹിമാലയം ഒരിക്കല്‍ കണ്ടിട്ടുളള ഒരു കൊച്ചുകുട്ടിപോലും ഇതിലെ ആപത്ത് തിരിച്ചറിയും. പോരാത്തതിന് എപ്പോള്‍ വേണമെങ്കിലും ഭൂകമ്പമുണ്ടാകാവുന്ന പ്രദേശവുമാണിത്. നാലഞ്ചുവര്‍ഷംമുമ്പ് നൂറുകണക്കിന് ആളുകള്‍ മരിക്കാനിടയായ ഭൂകമ്പമുണ്ടായ ഉത്തരകാശി അധികദൂരെയല്ല. പദ്ധതി വന്നാല്‍ മുങ്ങിപ്പോവുന്ന കാടുകള്‍, കൃഷിയിടങ്ങള്‍, ഗ്രാമങ്ങള്‍. സുന്ദര്‍ലാല്‍ ബഹുഗുണ എന്ന കൊച്ചുമനുഷ്യനാണ് ടെഹ്‌റി പദ്ധതിക്കെതിരെ പോരാടുന്ന ചിപ്‌കോ പ്രസ്ഥാനത്തിന്റെ നടുനായകം. ടെഹ്‌റി ഡാമിനെതിരെ ഗ്രാമവാസികള്‍ മുഴുവന്‍ വേണ്ടി വന്നാല്‍ ആത്മാഹൂതി ചെയ്യൂ എന്ന് മുമ്പൊരിക്കല്‍ ഈ മനുഷ്യന്‍ പറഞ്ഞത് വെറുതെയോ എന്നറിയാന്‍ ഒരാഗ്രഹം. ചായ കുടിക്കാന്‍ എന്ന ഭാവത്തില്‍ ഒരു ചായക്കടയില്‍ കയറി. അവിടെ കൂടിയിരിക്കുന്ന ഗ്രാമീണരോട് സംഭാഷണത്തിനിടയില്‍ ഈ പ്രശ്‌നം ഉന്നയിച്ചു. പര്‍വ്വതനിവാസികളുടെ ചീത്ത ആദ്യമായി ഈ യാത്രയില്‍ ഞങ്ങള്‍ക്കു കേള്‍ക്കേണ്ടി വന്നു. ടെഹ്‌റി ഡാം എന്ന് പറയുന്നവരെപ്പോലും ഇവര്‍ വെറുക്കുന്നു. നദിയെക്കുറിച്ചുളള ഇവരുടെ സങ്കല്പം മനസ്സിലാവുമ്പോള്‍, കാടിനെക്കുറിച്ചുളള കാഴ്ചപ്പാട് വ്യക്തമാവുമ്പോള്‍ നാം നമ്മെയോര്‍ത്ത് ലജ്ജിച്ചു പോവും. വിദ്യാഭ്യാസമുണ്ട് എന്നഭിമാനിക്കുന്ന നമ്മേക്കാള്‍ എത്ര ഉയരത്തിലാണവര്‍. ഇന്ദ്രപ്രസ്ഥത്തിലെ ശാസ്ത്രവിശാരദന്മാര്‍ ഇവര്‍ക്ക് പാദപൂജ ചെയ്യണം. സുന്ദര്‍ലാല്‍ പണ്ട് പറഞ്ഞത് മനസ്സിലേയ്ക്ക് വന്നു. 'ഞങ്ങള്‍ക്കുവേണ്ടിയല്ല ഈ സമരം. മറിച്ച് ഭാരതത്തിനുവേണ്ടി'.
സമരത്തെ അവഗണിച്ച് പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നു. വലിയ മലകള്‍ ഇടിച്ചു നിരത്തിയിട്ടിരിക്കുന്നു. പൊടി പറത്തിക്കൊണ്ട് മണ്‍ലോറികള്‍ പായുന്നു. ബുള്‍ഡോസറുകളുടെ മുരള്‍ച്ച. മുങ്ങിപ്പോവുന്ന ഇപ്പോഴത്തെ പാതയ്ക്കു പകരം മലമുകളിലൂടെ വലിയ പാത പണിയുന്നു. മുങ്ങിപ്പോകുന്ന ഗ്രാമീണവീടുകള്‍ക്കു പകരം മലമുകളില്‍ പുതിയ വീടുകള്‍. മുങ്ങിപ്പോവുന്ന ഭാരതത്തിനു പകരം പുതിയ ഭാരതം നിര്‍മ്മിക്കുവാന്‍ ഇവര്‍ക്കാവുമോ?

എന്തുകൊണ്ടാണ് വിദഗ്ദ്ധന്മാര്‍ ഇത്ര സാമാന്യബോധമില്ലാതെ പെരുമാറുന്നത്. വിദ്യാഭ്യാസമില്ലാത്തവര്‍ എന്നു നാം കരുതുന്ന പാവങ്ങളുടെ, പ്രകൃതിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുളള അറിവ്- അറിവുളളവര്‍ എന്നു കരുതപ്പെടുന്നവരുടെ വിവരമില്ലായ്മ- ഈ വൈരുദ്ധ്യം ആശ്ചര്യകരം തന്നെ. വിദ്യാഭ്യാസം വിവരങ്ങളുടെ വിനിമയം മാത്രമായിരിക്കുന്നു. വിവരങ്ങളുടെ വിനിമയത്തിനിടയ്ക്ക് യഥാര്‍ത്ഥ വിജ്ഞാനം വിസ്മൃതമായിപ്പോവുന്നു. എന്റെ സഹയാത്രികന്‍ തോമസ് ജോസഫ് ഇടശ്ശേരിയുടെ വരികള്‍ അല്പം മാറ്റി ഇപ്രകാരം പാടി.

''കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍
അംബ ഗംഗയാറെ, നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്''

കവിതയുടെ പ്രവചനധ്വനി ഉള്‍ക്കൊണ്ടാവാം കുറെ നേരത്തേയ്ക്ക് ആരും ഒന്നും ശബ്ദിച്ചില്ല. ഞാനപ്പോളോര്‍ത്തത് പി. കുഞ്ഞിരാമന്‍ നായരെയാണ്.

മര്‍ത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലില്‍ കോര്‍ക്കപ്പെട്ടുളള മണികളാം
ക്ഷിപ്രമാചരാചരമൊന്നായിത്തളര്‍ന്നുപോ-
മിപ്രപഞ്ചത്തിന്‍ ചോര ഞരമ്പൊന്നറുക്കുകില്‍
പ്രകൃതിയുടെയും മനുഷ്യന്റെയും നാശം എത്ര മുന്‍കൂട്ടി കാണുവാന്‍ കവികള്‍ക്ക് കഴിയുന്നു!
( ‘നല്ല ഹൈമവതഭുവിൽ’ എന്ന ഹിമാലയ യാത്രാവിവരണ ഗ്രന്ഥത്തിൽ നിന്ന്.)

ജോയിസുകുട്ടി ജോയിസ്‌കുട്ടി.ജെ.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ 1990-ല്‍ എം.എ. പാസായി. 1991- ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഫില്‍ ബിരുദം. 1992 മുതല്‍ മാന്നാനം കെ.ഇ. കോളേജില്‍ മലയാളം അദ്ധ്യാപകന്‍. യാത്രകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വീടും പ്രവാസവും' എന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
 

No comments: