Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, August 8, 2010

കൈ വെട്ടുമ്പോള്‍

 മാത്യു ജെ. മുട്ടത്ത്

തലവെട്ടിയിരുന്നെങ്കില്‍ താല്‍ക്കാലികമായൊരു വൈകാരികതയുടെ ആന്ദോളനങ്ങള്‍ക്കപ്പുറത്തേക്ക് സംഭവം കടക്കുമായിരുന്നില്ല. ഇപ്പോള്‍ കുറേശെ കുറേശെയായി പൈശാചികമായ ഒരു ജീവിതത്ത്വശ്ശാസ്ത്രം തെളിഞ്ഞു വരുന്നുണ്ട്. ജീവനും ജീവിതത്തിനും ഒരു വിലയുമില്ല എന്ന് വ്യക്തമാകുന്നു. ഇതു സായ്പ് പല കാലങ്ങളില്‍ പറഞ്ഞിട്ടും സ്ഥാപിച്ചിട്ടുമുണ്ട്. അങ്ങനെയൊക്കെയാണ് നമ്മുടെ മഹത്തായ ചരിത്രത്തിന്റെ കിടപ്പ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ലണ്ടന്‍ ടൈംസ് മുഖപ്രസംഗമെഴുതി. അവര്‍ പറഞ്ഞു Human life is very cheap in India. ഹോ ഹോ ജയ്‌ഹോ....

കാലം ഏറെ കഴിഞ്ഞിരിക്കുന്നു. വര്‍ത്തമാനകാല സ്ഥിതി ഇന്ത്യയുടേതു മാത്രമല്ല. ലോകം മുഴുവന്‍ പല പേരുകളില്‍ ലേബലുകളില്‍ മേല്‍വിലാസങ്ങളില്‍ ഭീകരവാദം പ്രബലമായിക്കൊണ്ടിരിക്കുന്നു. നേരിട്ടങ്ങ് കൊല്ലുന്നതിന്റെ സുഖം ചിലര്‍ നുണയുന്നു. മറ്റു ചിലര്‍ ഫത്‌വ, ഊരുവിലക്ക്, സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം എന്നിങ്ങനെ പല വകയില്‍ മത ഭീകരതയെ മറയ്ക്കുന്നു. മറക്കുന്നു നമ്മള്‍ ചരിത്രം.

നവോത്ഥാന ചിന്തകളും പുരോഗമനാശയങ്ങളും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും ചിരിക്കു വക നല്‍കുന്ന ചരിത്ര ഫലിതങ്ങളാകുന്നു. അയ്യപ്പപ്പണിക്കര്‍ എഴുതിയതു പോലെ സ്തുതി പാടുക നാം മര്‍ത്യനു സ്തുതി പാടുക നാം...
കരഛേദിതനായ ജോസഫിന്റെ ഭാര്യ പറഞ്ഞതായി പത്രത്തില്‍ കണ്ടു-മതമില്ലാത്ത ഒരു ലോകത്തു ജീവിക്കാനായെങ്കില്‍ എന്ന്. എന്തൊരു മോഹം! തരക്കേടില്ല. പാവം സ്ത്രീ.

ബോംബുകളാണെങ്ങും. വഴിക്കവലകളില്‍, തീവണ്ടിപ്പാളങ്ങളില്‍, സിനിമാതിയേറ്ററുകളില്‍, ചന്തകളില്‍- മനുഷ്യര്‍ ഒത്തുകൂടുന്നേടങ്ങളിലെല്ലാം. സ്‌ഫോടന സാമഗ്രികള്‍. നാടനും ഫോറിനുമായ കത്തികള്‍ തരാതരം. വാളുകള്‍, കുന്തങ്ങള്‍ കിരാതതരം. നടപ്പാതകളിലെല്ലാം ബോംബുകള്‍. മനോമോഹന ഇന്ത്യനവസ്ഥ.

ഒന്നാംസ്ഥാനം സാക്ഷരതയ്ക്കും രാക്ഷസീയതയ്ക്കും തുല്യം തുല്യം കേരളത്തില്‍. മാവേലി നാടുവാണിടും കാലം കൈയടിച്ചു പാടുക. തൂശനിലയില്‍ തുമ്പപ്പൂപോലുള്ള ചോറുവിളമ്പുക. ഉപ്പേരി കൊറിക്കുക. പക്ഷേ എല്ലാറ്റിലും രക്തം ചുവയ്ക്കുന്നുണ്ടോ. ശവഗന്ധമാണോ കാറ്റു കൊണ്ടു വരുന്നത്. പൂക്കളുടെ നിറവും മണവും പോയോ. ആകാശത്തുനിറയെ കാര്‍മേഘങ്ങളാണോ?

ജീവന്‍ വിലപ്പെട്ടതെന്ന് കരുതിപ്പോന്നിരുന്ന കാലം കഴിയുകയാണ്. ഇതു കലികാലമാണ്. ധര്‍മ്മമാകുന്ന പശുവിന്റെ കാലുകളെല്ലാം അറ്റുപോയിരിക്കുന്നു. ദീനദീനം വിലപിക്കാനല്ലാതെ ഒന്നുമാവാത്ത സ്ഥിതി. അടിമത്തം, ചൂഷണം, നീതി നിഷേധം തുടങ്ങിയവയ്‌ക്കെതിരെ മനുഷ്യന്‍ പൊരുതിയിരുന്നതിന്റെ ധീരോദാത്തത്യാഗോജ്ജ്വല ചരിത്രം കഴിഞ്ഞ നൂറ്റാണ്ടിലൊതുങ്ങി, അല്ലെങ്കില്‍ ഒടുങ്ങി.

ഒരു സൂര്യനുദിക്കും
നിഴലായിട്ടമ്പിളി വളരും
വളരും വനമോടികളാടിത്തെളിയും
വനമൂര്‍ഛയില്‍ ദുഃഖം തകരും

നൊമ്പരങ്ങള്‍ക്കിടയിലും തകര്‍ച്ചകള്‍ക്കു മധ്യേയും ഇങ്ങനെയൊക്കെ പാടാന്‍ കഴിഞ്ഞിരുന്നു. പഴയ കവിതകളുടെ പ്രസന്ന കാലം കഴിഞ്ഞു.

 ഇന്നുകേള്‍പ്പതു വേറെ നിവേദനം
ജാനകി തേങ്ങിമറഞ്ഞ ധരയുടെ
ആഴത്തില്‍ നിന്നുയരുന്നു
പ്രണവമായ്
മൃത്യു ജയ ജയ മൃത്യു ജയ ജയ

അയ്യപ്പപ്പണിക്കര്‍ അസ്തിത്വ വ്യഥയില്‍ നിന്നു മന്ത്രിച്ചത് ഇന്ന് മ(കൊ)ലയാളിയുടെ ജീവിതാകാശങ്ങളില്‍ ഞടുക്കം സൃഷ്ടിക്കുന്ന മുഴക്കമാകുന്നതു കേള്‍ക്കുന്നുണ്ടോ?

ജോസഫിന്റെ ചോദ്യത്തിലെ “'നായിന്റെ മോനേ'’പോലെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. ചിഹ്നത്തിന് വേറെ എന്തെങ്കിലും കൊടുക്കാമായിരുന്നു. ഒരു ക്ലാസു പരീക്ഷയുടെ കൊച്ചുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതു പക്ഷേ ലോകം മുഴുവന്‍ വളര്‍ന്നുപൊങ്ങി. അങ്ങനെ ആക്കിത്തീര്‍ത്ത് ഭരണകൂടവും വിവിധ അധികാര സ്ഥാപനങ്ങളും വാളെടുത്തു. വിചാരണയില്ലാത്ത ശിക്ഷയാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടായത്. കുറേക്കൂടി ശാന്തമായി ചിന്തിക്കാമായിരുന്നില്ലേ? ശകലിത ശരീരനായി അയാള്‍ വീണപ്പോഴാണ് വീണ്ടു വിചാരത്തിന്റെ കാറ്റു വീശുന്നത്. കൈവെട്ടിയതു പോലെ നൃശംസത നിറഞ്ഞതായിരുന്നില്ലേ എല്ലാ വിലയിരുത്തലുകളും അഭിപ്രായ പ്രകടനങ്ങളും? ഭീകരതയ്‌ക്കൊപ്പം സാമൂഹികതയുടെ വിചാരങ്ങളും ചാഞ്ഞു. മാഞ്ഞുപോയതു മാനവികതയും സഹിഷ്ണുതയുമാണ്. എന്നെങ്കിലും ഇതൊക്കെ തിരിച്ചു വരുമോ?



മാത്യു ജെ. മുട്ടത്ത്


മാന്നാനും കെ. ഇ. കോളേജ് മലയാളം അധ്യാപകന്‍. മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ സെക്രട്ടറി . മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡി. വിനയചന്ദ്രന്റെ മാര്‍ഗ നിര്‍ദേശത്തില്‍ നടത്തിയ നാടക ഗവേഷണത്തിന് ഡോക്ടറേറ്റ്. ഭാരതീയ വിദ്യാഭവനില്‍ നിന്ന് പോസ്റ്റ് ഗ്രാഡൂവേറ്റ് ഡിപ്ലമ ഇന്‍ ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍സ്. ബോർഡ് ഓഫ് സ്റ്റ്ഡീസ് മെമ്പർ, എം. ജി യൂണിവേഴ്സിറ്റി.

Monday, August 2, 2010

ശതാബ്ദിയുടെ നിറവില്‍ ഐതിഹ്യമാല

സുനു രാജേഷ്

കേരളത്തനിമയുടെ ഉദാത്തഭാവങ്ങള്‍ ആവാഹിച്ചു പുരാവൃത്തത്തിന്റെ കതിരുകളിലേക്ക് പകര്‍ത്തുകയായിരുന്നു. 'ഐതിഹ്യമാല'യിലൂടെ കൊട്ടാരത്തില്‍ ശങ്കുണ്ണിയെന്ന പ്രതിഭാധനന്‍. ബൃഹത്തായ ആ കൃതിയുടെ ശതാബ്ദിയാണ് ഈ വര്‍ഷം. വായിച്ചാലും വായിച്ചാലും മതിവരാത്ത ഒരു അസാധാരണ രചനയാണ് ഐതിഹ്യമാലക്കാരന്‍ കൈരളിയുടെ ഹൃദയത്തില്‍ പകര്‍ന്നിട്ടത്.
ഉടനീളം മലയാളമണ്ണിന്റെ ഗന്ധം പരത്തുന്ന ഐതിഹ്യമാലയെപ്പോലെ ഒരു മഹത്ഗ്രന്ഥം സഹസ്രാബ്ദങ്ങളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അക്ഷരപ്രതിഭാസമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

തുഞ്ചത്താചാര്യന്റെ പൈങ്കിളിയും കുഞ്ചന്‍നമ്പ്യരുടെ മിഴാവും പഞ്ചവാദ്യത്തിന്റെ നാദവിസ്മയവും ദീപാരാധനയുടെ വര്‍ണരാജിയുമെല്ലാം ആത്മാവിലേക്ക് നേദിച്ചുകൊണ്ടുള്ള ആഖ്യാന ശൈലി - ഐതിഹ്യമാലക്കുമാത്രം അവകാശപ്പെടാനാകുന്ന ഒരു മഹത്വമാണതെന്ന് നിരൂപകര്‍ ഏകസ്വരത്തില്‍ വിളംബരം ചെയ്യുന്നു.

പുരാവൃത്തങ്ങളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊളിയിട്ടുകൊണ്ട് ഗ്രന്ഥകര്‍ത്താവ് തപ്പിയെടുത്തു കാണിക്കുന്ന ജീവസ്സുറ്റ ചിത്രങ്ങള്‍ അനുവാചകന് കുതുഹലത്തിന്റെ അപരിചിതമായ എന്നാല്‍ തീര്‍ത്തും ആനന്ദകരമായ ഒരു അനുഭവമണ്ഡലം പ്രാപ്തമാക്കുന്നു. ശക്തന്‍ തമ്പുരാന്‍, മാര്‍ത്താണ്ഡവര്‍മ്മ, സാമൂതിരി, കുഞ്ചുകുട്ടിപ്പിള്ള സര്‍വകാര്യക്കാര്‍ എന്നീ ചരിത്ര പുരുഷന്മാരുടെ സാഹസിക ചരിത്രങ്ങള്‍ക്കൊപ്പം തേവലശ്ശേരി നമ്പി, കടമറ്റത്ത് കത്തനാര്‍, കുമാരമംഗലത്ത് നമ്പൂതിരി തുടങ്ങിയ സിദ്ധന്മാരുടെ അത്ഭുതവിദ്യകളും ലളിതവും സരസവുമായി ഈ കൃതിയില്‍  വിവരിക്കുന്നുണ്ട്.
വിശ്വമംഗലം എന്ന സന്ന്യാസശ്രേഷ്ഠന്‍, ഭക്തശിരോമണി കല്ലൂര്‍ നമ്പൂതിരിപ്പാട് എന്നിവരെപ്പറ്റിയും ഐതിഹ്യമായ അനുവാചകന് വിവരിച്ചു നല്‍കുന്നുണ്ട്.
മനുഷ്യരും ദേവകളും യക്ഷികളും ഗന്ധര്‍വന്‍മാരും പരസ്പരം ഇടപഴകുന്ന ഒരു അത്ഭുതലോകമാണ് ഐതിഹ്യമാല കൈരളിയുടെ തൃപ്പാദങ്ങളില്‍ കാണിക്കവച്ചിട്ടുള്ളത്.
കാലം ചെല്ലുന്തോറും ഇഴയിടകള്‍ മുറുകുകയും വര്‍ണങ്ങള്‍ കൂടുതല്‍ പ്രകാശമാനമാവുകയും സൗന്ദര്യത്തിന്റെ പ്രസരണവേഗം ശതഗുണീഭവിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ രചനയത്രേ ഐതിഹ്യമാല. ആബാലവൃദ്ധം അനുവാചകവൃന്ദത്തെ ആകര്‍ഷിക്കുവാന്‍, ആമോദിപ്പിക്കാന്‍ മലയാളത്തില്‍ മറ്റൊരു കൃതി ഇനിയും ഉണ്ടാവേണ്ടതായാണുള്ളത്.

അന്ത്യമില്ലാത്ത പുഴ

വരുൺ എസ്. കുമാർ

ചങ്ങമ്പുഴ കൃഷ്ണപിള്ള 37-ാം വയസ്സില്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിത കോവിലകം മുതല്‍ കുപ്പമാടം വരെ എല്ലായിടങ്ങളിലും താലപ്പൊലിയോടും വായ്ക്കുരവയോടും സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

അപശബ്ദങ്ങള്‍ അവഗണനീയമായിരുന്നു. ആധുനിക മലയാളത്തില്‍ വള്ളത്തോളിനും കുമാരനാശാനും മാത്രമേ ഏതാണ്ടു തത്തുല്യമായ ജനപ്രീതി മുമ്പു ലഭിച്ചിരുന്നുള്ളു. പ്രശസ്തരായിരുന്നെങ്കിലും ഉള്ളൂരിനോ ശങ്കരക്കുറുപ്പിനോ ഈ സര്‍വജനാരാധ്യത സംപ്രാപ്തമായില്ല. ചങ്ങമ്പുഴ കവിതയ്ക്ക് അതിവിശിഷ്ടമായ ഒരു കാന്തശക്തിയുണ്ട്. സ്പര്‍ശിക്കുമ്പോള്‍ തന്ന നാം വശീകൃതരായിപ്പോകുന്നു. വൈദ്യുതാഘാതം പോലെ മലയാളകവിതയെ ഞെട്ടിച്ച് ഭാവനയുടെ വസന്തോത്സവം സൃഷ്ടിച്ച  കവി ചങ്ങമ്പുഴ മലയാളത്തില്‍ കൊണ്ടു വന്ന കാവ്യവിപ്ലവത്തിന്റെ നഖചിത്രമാണിത്. ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ എനിക്കു ഉണ്മയുണ്ട് എന്ന് കാര്‍ത്തീസിയന്‍ പാരമ്പര്യത്തോടു വിടപറഞ്ഞ് എനിത്ത് വികാരമുണ്ട് എന്ന റൊമാന്റിക് ഭാവത്തിലേക്ക് ഇവിടെ ആദ്യമായി വഴിമാറിച്ചവിട്ടിയത് ചങ്ങമ്പുഴയാണ്.

എറണാകുളത്തെ ഇടപ്പള്ളിയില്‍ മട്ടാഞ്ചേരി തെക്കേടത്തു നാരായണമേനോന്റേയും ഇടപ്പള്ളി ചങ്ങമ്പുഴ വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മകനായി 1911 ഒക്‌ടോബര്‍ പത്തിന് ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2-ാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തി പല ജോലികളിലും ഏര്‍പ്പെട്ടു. പട്ടാളത്തിലും സേവനമനുഷ്ഠിച്ചു. 1934-ലാണ് ചങ്ങമ്പുഴയുടെ ആദ്യകൃതി പ്രസിദ്ധീകൃതമായത്- 'ബാഷ്പാഞ്ജലി.' 1936-ല്‍ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു ചേര്‍ന്നു. ചങ്ങമ്പുഴ മഹാരാജാസ് കോളേജില്‍ ചേരുന്നതിനു മുമ്പായിരുന്നു ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത്. 1936 ജൂലൈ 7ന്. പ്രേമഭാജനത്തിന്റെ വിവാഹത്തില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ഇതില്‍ മനംനൊന്ത് ചങ്ങമ്പുഴ 'തകര്‍ന്ന മുരളി' , 'രമണന്‍' എന്നീ കൃതികള്‍ രചിച്ചു. പിന്നീട് ചങ്ങമ്പുഴ സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ എന്നീ കൃതികള്‍ രചിച്ചു. ഉദ്യാന ലക്ഷ്മി എന്ന കവിതാസമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചു. 1939ല്‍ വത്സല എന്ന നീണ്ട കാവ്യം എഴുതി പിന്നീട് പാടുന്ന പിശാച്, ഓണപ്പൂക്കള്‍ എന്നിവയും രചിച്ചു. ചങ്ങമ്പുഴയുടെ സങ്കല്പകാന്തി എന്ന കൃതിക്ക് ഉള്ളൂരാണ് അവതാരിക എഴുതിയത്.

1945-ല്‍ മംഗളോദയത്തിന്റെ പത്രാധിപസമിതിയില്‍ ചേരാന്‍ ചങ്ങമ്പുഴയ്ക്ക് ക്ഷണം ലഭിച്ചു. ഈ കാലഘട്ടില്‍ അദ്ദേഹം നടത്തിയ പരിഭാഷകളില്‍ നിന്ന് അദ്ദേഹത്തിന്റെയുള്ളിലെ ഗദ്യകാരനെ നമുക്ക് മനസ്സിലാക്കാം. 'ഗീതാഗോവിന്ദം', 'ദേവഗീതം' , 'മഗ്ദലമോഹിനി' തുടങ്ങിയ കൃതികള്‍ മംഗളോദയകാലത്താണ് പ്രസിദ്ധീകരിച്ചത്.

'രമണന്‍' എന്ന കാവ്യം കേരളത്തില്‍ ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്. അമ്പതിലധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ ആ പുസ്തകം യുവജനങ്ങള്‍ക്ക് സ്വന്തം ഹൃദയത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു. ആ കാലഘത്തില്‍ 'വാഴക്കുല'. പാടുന്ന പിശാച് എന്നീ കാവ്യങ്ങള്‍ ചങ്ങമ്പുഴയുടെ കാവ്യവ്യക്തിത്വത്തിന്റെ ഭിന്നമുഖങ്ങള്‍ അവതരിപ്പിക്കുന്നു. മരണത്തിന് ഒരു വര്‍ഷം മുമ്പ് 1947 -ല്‍ രചിച്ച മനസ്വിനി എന്ന കവിതയില്‍ ചങ്ങമ്പുഴയുടെ കവിതയുടെ എല്ലാ സവിശേഷതകളും കാണാം 1947-ല്‍ ക്ഷയരോഗം കഠിനമായതിനെത്തുടര്‍ന്ന് 1948-ല്‍ ചങ്ങമ്പുഴ തന്റെ ഗന്ധര്‍വ്വ ജീവിതമവസാനിപ്പിച്ച് യാത്രയായി.

പ്രതിഭാസം എന്നു മാത്രം വിളിക്കാവുന്ന കവിയായിരുന്നു ചങ്ങമ്പുഴ. പെട്ടെന്നു മിന്നിപ്പടര്‍ന്ന് പ്രകാശധോരണി പരത്തി ചുറ്റുമുള്ളതെല്ലാം തിളക്കി ജ്വാലകലാപം സൃഷ്ടിച്ച് പൊടുന്നനെ പൊലിഞ്ഞുപോയ പ്രതിഭാസം. ആകെ 37 വര്‍ഷത്തെ ജീവിതം. അതില്‍ 17 വര്‍ഷമേയുള്ളൂ ക്രിയാനിരതമായ കാവ്യജീവിതം. അതിനിടയില്‍ 58 കൃതികള്‍. ആത്മാലാപനത്തിന്റെ തീവ്രതയും വാക്കുകളുടെ ഉദ്യാനകാന്തിയും ഇതില്‍ നിറഞ്ഞുനിന്നു. അസാധാരണമെന്നു തന്നെ പറയാവുന്ന ഈ സര്‍ഗജീവിതത്തിനിടയില്‍ ലക്ഷോപലക്ഷം ആരാധകരെ മാത്രമല്ല ആയിരക്കണക്കിന് അനുകത്താക്കളെയും ചങ്ങമ്പുഴ സൃഷ്ടിച്ചു. ആത്മദുഃഖങ്ങളും പ്രണയ. വൈവശ്യവും ജീവിതാസക്തിയും നൈരാശ്യവും മരണാനുരാഗവും കുലചിഹ്നങ്ങളായ ജീവിതമായിരുന്നു ആ കവിതകള്‍. 20- ാം നൂറ്റാണ്ടില്‍ മലയാളി ഇത്രയേറെ സ്‌നേഹിച്ച മറ്റൊരുകവിയില്ല. ഇന്നും തുടരുന്നു ചങ്ങമ്പുഴക്കവിതയുടെ സ്വാധീനം

------
വരുൺ എസ്. കുമാർ :- 8 ാം തരം വിദ്യാർത്ഥി, ന്യൂമാൻ സെൻട്രൽ സ്കൂൾ, മങ്ങാട്, അടൂർ.

Sunday, August 1, 2010

എന്തു നല്‍കും കുട്ടികള്‍ക്ക് ?

രാമചന്ദ്രന്‍ കൊടാപ്പള്ളി

കുട്ടികള്‍ നമ്മുടെ ഓമനകളാണ്. സ്‌നേഹവും വാത്സല്യവുമാണ് അവര്‍ക്ക് നമ്മില്‍നിന്നു ലഭിക്കേണ്ടത്. ആദ്യം അവ രണ്ടും അവര്‍ക്കു നല്‍കുക. പിന്നീടെല്ലാം വഴിപോലെ ലഭ്യമായിക്കൊള്ളും. നിങ്ങള്‍ സ്വന്തം വ്യക്തിത്വം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തന്നെ കുട്ടികളുടെ അവസ്ഥയും മെച്ചപ്പെടുന്നുണ്ടെന്നുറപ്പു വരുത്തുക. ഏതാനും മികച്ച ഗുണങ്ങള്‍ അവരില്‍ വളര്‍ത്തിയെടുക്കാനാണ് ആദ്യമേ ശ്രമിക്കേണ്ടത്.

പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍തുണയാണ് കുട്ടികള്‍ക്കാവശ്യം. വളരെ ചെറുപ്പത്തില്‍ തന്നെ ആ പിന്‍തുണ മാതാപിതാക്കളില്‍ നിന്ന് അവര്‍ക്കു ലഭിച്ചിരിക്കണം.

സന്തോഷകരമായ നിമിഷങ്ങള്‍ കുട്ടികളുമായി പങ്കിടുവാന്‍ മാതാപിതാക്കളും കുടുംബത്തിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ക്കൊപ്പം കളിക്കുകയും അവരുടെ തമാശകളില്‍ പങ്കുകൊള്ളുകയുമൊക്കെ ചെയ്യുന്നത് ‘ഭാവിയില്‍ വളരെ മികച്ച ഫലങ്ങള്‍ നല്‍കുമെന്നകാര്യം അധികം പേരും മനസിലാക്കുന്നതായി കാണുന്നില്ല.

അവരുടെ സംശയങ്ങള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കുകയും ഉടന്‍തന്നെ പരിഹരിക്കുകയും വേണം. അതൊരു പ്രയാസകരമായ കാര്യമാണെന്ന് കുട്ടികളെ ഒരിക്കലും തോന്നിക്കാന്‍ പാടുള്ളതുമല്ല. പ്രശ്‌നപരിഹാരം വളരെ നിസ്സാരമാണെന്ന തോന്നല്‍ കുട്ടികളില്‍ അതോടെ ഉണ്ടായിത്തുടങ്ങും. വളര്‍ച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഈ ധാരണ അവര്‍ക്കു സഹായമാവുകയും ചെയ്യും.

സംശയങ്ങള്‍ ഉദാഹരണസഹിതം നീക്കിക്കാണിക്കുവാനാണ് മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടത്. അങ്ങനെയാകുമ്പോള്‍ ക്രമേണ കുട്ടികള്‍ തന്നെ സംശയ നിവാരണത്തില്‍ മുന്‍കൈയെടുത്തു തുടങ്ങുകയും ചെയ്യും,

ഗൃഹാന്തരീക്ഷത്തില്‍ എല്ലാ കാര്യവും മാതാപിതാക്കളോ മറ്റു മുതിര്‍ന്ന അംഗങ്ങളോ ആണ് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. കുട്ടികള്‍ അതിന്റെ ഗുണഭോക്താക്കള്‍ മാത്രമായിരിക്കും സാധാരണ ഗതിയില്‍. അപ്പോള്‍ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവഗണിക്കപ്പെടുന്നു വെന്ന തോന്നല്‍ സ്വാഭാവികമായും ഉയര്‍ന്നുവരാം. കുഞ്ഞു മനസുകളില്‍ ഉല്‍ക്കണ്ഠയോ നിരാശയോ ഉറവെടുത്തു കഴിഞ്ഞാല്‍ അതിന് ഉടന്‍തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ ദുരവ്യാപകമായ ഫലങ്ങള്‍ക്കു കാരണമാകുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ കൊച്ചു കൊച്ചു കാര്യങ്ങളില്‍ കുട്ടികള്‍ക്കു പങ്കാളിത്തം നല്‍കണം. ഭക്ഷണപാനീയങ്ങള്‍, പഠിത്തം, പ്രാഥമിക ദിനചര്യകള്‍, കളികള്‍ എന്നിവയിലെല്ലാം കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സൗമ്യമായ നിര്‍ദ്ദേശങ്ങളിലൂടെ അവരുടെ ഉദ്ദേശ്യങ്ങളും ഇഷ്ടങ്ങളും നേര്‍വഴിക്കു നിയന്ത്രിക്കുകയും വേണം.

കുട്ടികള്‍ തെറ്റുചെയ്യുമ്പോള്‍ അവരെ കഠിനമായി ശിക്ഷിക്കുന്നത് ശരിയല്ല. സ്‌നേഹപൂര്‍വമായ ഉപദേശങ്ങളിലൂടെ സ്വയം തെറ്റുതിരുത്താനുള്ള അവസരം നല്‍കുകയാണ് ആവശ്യം. കുട്ടികളുടെ ജിജ്ഞാസയെ ഒരിക്കലും കടിഞ്ഞാണിട്ടു നിയന്ത്രിക്കരുത്. പകരം ആവശ്യമായ വിവരങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജിപ്പിക്കുയുമാണ് വേണ്ടത്. യഥാര്‍ത്ഥവും സുന്ദരവുമായ വസ്തുക്കളോടുള്ള കുട്ടികളുടെ അടുപ്പം പ്രോത്സാഹിപ്പിക്കണം. അവരില്‍ ഉണരുന്ന കൗതുകം ആസ്വദിച്ച് അവരെ അഭിനന്ദിക്കുന്നതും ആരോഗ്യകരമായ ഒരു പ്രവണതയാകുന്നു.

തടസ്സങ്ങള്‍ അവസരങ്ങളാക്കി മാറ്റാനുള്ള വിദ്യ ദൃഷ്ടാന്തങ്ങളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തണം. കഥകളും പുരാണങ്ങളും അതിനായി പ്രയോജനപ്പെടുത്താം. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത് നിങ്ങള്‍ കുട്ടികളില്‍ പ്രതീക്ഷിക്കുന്ന ഗുണവിശേഷങ്ങള്‍ നിങ്ങളില്‍ ഉണ്ടെന്ന് ആദ്യം ഉറപ്പുവരുത്തുകയാണ്.



രാമചന്ദ്രന്‍ കൊടാപ്പള്ളി
 
കോഴിക്കോടു ജില്ലയിലെ കോട്ടുളിയില്‍ 1944-ല്‍ ജനനം. ചെറുവണ്ണൂര്‍, ഫറോക്ക്, മുംബൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ, മനശ്ശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. വിവിധ പത്രങ്ങളില്‍ സഹപത്രാധിപര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍, റസിഡന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. മനശ്ശാസ്ത്രം, പൊതുവിജ്ഞാനം എന്നീ ശാഖകളില്‍ ഒരു ഡസനോളം കൃതികളുടെ കര്‍ത്താവ്. അമ്പതിലേറെ മനശ്ശാസ്ത്ര കൃതികളുടെ കോപ്പി എഡിറ്റിങ്ങും നിര്‍വഹിച്ചു. ഇപ്പോള്‍ പാപ്പിറസ് ബുക്‌സില്‍ എഡിറ്റര്‍.
 

സിങ്ക്‌ഷോട്ടുകളിലൂടെ നിര്‍മിച്ച ആദ്യത്തെ ഇന്ത്യന്‍ സിനിമ

സണ്ണി ജോസഫ്

‘പിറവി’യുടെ ചിത്രീകരണം കഴിഞ്ഞ്. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയം. ഷാജിച്ചേട്ടന്‍ (ഷാജി. എന്‍. കരുണ്‍) അതിന്റെ തിരക്കിലായിരുന്നതിനാല്‍ അരവിന്ദേട്ടന്റെ (ജി. അരവിന്ദന്‍) ‘ഉണ്ണി’ എന്ന സിനിമയുടെ ചിത്രീകരണ ജോലി എന്നെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ‘വാസ്തുഹാര’യുടേയും.

‘നമ്മുടെ പടം ഉണ്ട്, നമ്മള്‍ ചെയ്യുന്നു’ എന്ന് അരവിന്ദേട്ടന്‍ എന്നോട് പറഞ്ഞപ്പോള്‍ വളരെ അഭിമാനവും കൃതജ്ഞതയും തോന്നി. കാരണം ഈ സംവിധായകനോടൊത്ത് ഒരിക്കല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു.

‘ഉത്തരായനം’ പ്രദര്‍ശനത്തിനെത്തുന്ന കാലം. എറണാകുളത്തെ കവിതാ തീയേറ്ററില്‍ പോയി ഞാന്‍ ഉത്തരായനം കണ്ടു കഴിഞ്ഞപ്പോള്‍ ‘മലയാളത്തില്‍ ആദ്യമായൊരു സിനിമ’ എന്നൊരു റിവ്യു ഞാന്‍ എഴുതി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. ഉത്തരായനം എന്ന ദൃശ്യവിസ്മയം സംവിധാനം ചെയ്ത മനുഷ്യന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത് അപ്പോഴാണ്.

ജി. അരവിന്ദൻ
അരവിന്ദേട്ടന്‍ എനിക്ക് പിതൃതുല്യനായ ആളാണ്. നല്ല സ്‌നേഹവും പിന്തുണയുമൊക്കെ എനിക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു. എന്തും പറയാം. സങ്കടങ്ങളും വേദനകളും രഹസ്യങ്ങളുമെല്ലാം.

എനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വന്ന ശേഷം ആദ്യം ഞാന്‍ സഹകരിച്ചത് ഹൃസ്വ ചിത്രങ്ങളിലായിരുന്നു. അരവിന്ദേട്ടനും ആ പ്രൊജക്ടിലുണ്ടായിരുന്നു. കലം കാരി പെയ്ന്റിങ്ങിനെ കുറിച്ച് ഹൈദരാബാദില്‍ വെച്ചായിരുന്നു ചിത്രീകരണം. പിന്നെ ജെ. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് അരവിന്ദേട്ടന്‍ സംവിധാനം ചെയ്ത ഹൃസ്വ ചിത്രം - ‘ഫിയര്‍ ന്യൂവാക്‌സ് എലോണ്‍.’

‘വാസ്തുഹാര’യെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹകനും ശബ്ദലേഖകനും ഒരേ പോലെ സൂക്ഷിക്കേണ്ട കാര്യം. ആ ചിത്രം മുഴുവനും സിങ്ക് ഷോട്ടു കൊണ്ടാണ്. അതായത് ചിത്രീകരണ സമയത്തു തന്നെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളും അതേപടി ലേഖനം ചെയ്തു. വളരെ പ്രയാസമുള്ള ലൊക്കേഷനുകളില്‍ പോലും ലൈവ് സ്റ്റണ്ട് ഷൂട്ട് നിര്‍വഹിക്കണമായിരുന്നു. അതു ഭദ്രമായി തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. ‘വാസ്തുഹാര’ക്കു ശേഷം പതിറ്റാണ്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ‘ലഗാന്‍’ എന്ന ഹിന്ദി ചിത്രമാണ് സിങ്ക് ഷോട്ടുകളിലൂടെ ആദ്യം നിര്‍മിച്ചതെന്ന് ചില മാധ്യമങ്ങള്‍ എഴുതിയതു കണ്ടു. അതു ശരിയല്ല. യഥാര്‍ത്ഥത്തില്‍ ‘വാസ്തുഹാര’യാണ് ഇന്ത്യയില്‍ ആദ്യമായി സിങ്ക് ഷോട്ടുകളിലൂടെ നിര്‍മിച്ച സിനിമ.

സി. വി. ശ്രീരാമന്‍
ചിത്രീകരണത്തിനു മുമ്പ് ശ്രീരാമേട്ടന്റെ (സി. വി. ശ്രീരാമന്‍) കഥ വായിച്ചു. പിന്നെ ലൊക്കേഷന്‍ നോക്കാന്‍ കല്‍ക്കത്തയില്‍ പോയി. 1990 - ല്‍ ചിത്രീകരണം തുടങ്ങുമ്പോള്‍ ഈ സിനിമ വളരെ വ്യത്യസ്ഥമായി, ചരിത്രത്തിന്റെ ഭാഗമായി തീരുന്ന രീതിയില്‍ നിര്‍വഹിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.

ഒരു ഷോട്ടെടുക്കുമ്പോള്‍ അരവിന്ദേട്ടന്‍ ആ സീനിനെ കുറിച്ച് പറഞ്ഞിരുന്നു. ആംഗിള്‍ ഫിക്‌സ് ചെയ്ത ശേഷം അരവിന്ദേട്ടന്‍ പറയും “ഇതാണ് സീന്‍.”

സംവിധായകന്‍ പറയുന്നതും സങ്കല്‍പ്പിക്കുന്നതും ഉദ്ദേശിക്കുന്നതും എന്താണോ അത് ഞാന്‍ ചെയ്യുന്നു. അരവിന്ദേട്ടന്റെ കൈയ്യില്‍ ഓരോ, സീനിനേയും കുറിച്ച് എഴുതിയ കുറിപ്പുകള്‍ - അതായത് സംവിധായകന്റെ സ്‌ക്രിപ്റ്റ് - ഉണ്ടായിരുന്നുവെങ്കിലും അത് എത്ര മാത്രം വിശദമായിരുന്നു എന്ന് എനിക്ക് അറിയില്ല.

‘വാസ്തുഹാര’യില്‍ പ്രധാനമായും രണ്ട് സീനുകള്‍ ചിത്രീകരിച്ച പ്രയാസം ഞാന്‍ ഓര്‍ക്കുന്നു. ഒന്ന്, റാണാഘട്ടിലെ അഭയാര്‍ത്ഥി ക്യാമ്പ് ആണ്. വേണുഗോപാല്‍ (മോഹന്‍ലാല്‍) അഭയാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. പിന്നില്‍, കൂടി നില്‍ക്കുന്ന അഭയാര്‍ത്ഥികള്‍. അത് ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ടോപ്പ് ആംഗിള്‍ ഷോട്ട് വേണമെന്ന് അരവിന്ദേട്ടന്‍ പറഞ്ഞു. പക്ഷെ ക്രെയിന്‍ ഇല്ലായിരുന്നു. പിന്നെ യൂണിറ്റു വണ്ടി നീക്കിയിട്ടാണ്, അതിനു മുകളില്‍ നിന്ന് ആ ഷോട്ടുകള്‍ എടുത്തത്. എന്നാല്‍ സംവിധായകന്‍ കാണാതെ എങ്ങനെ ആ ഷോട്ടുകള്‍ എടുക്കും അരവിന്ദേട്ടനെ കൂടി വണ്ടിയുടെ മുകളിലെത്തിക്കാന്‍ ഉള്ള സൗകര്യവുമില്ലായിരുന്നു. എന്തായാലും അനുമതിയോടു കൂടി ഞാനതെടുത്തു. എഡിറ്റിങ്ങിന്റെ സമയത്ത് ആ ഷോട്ടുകള്‍ എല്ലാം തന്നെ അരവിന്ദേട്ടന്‍ ഉപയോഗിക്കുകയും ചെയ്തു.

മറ്റൊന്ന് നിശബ്ദമായ ഒരു സീന്‍ ആണ്. വേണുഗോപാല്‍ ടെറസ്സില്‍ നില്‍ക്കുന്നു. അവിടെയപ്പോള്‍ ഭാരമെടുത്ത് ഉയര്‍ത്തിയും താഴ്ത്തിയും കസര്‍ത്തു ചെയ്യുന്ന ഒരു തടിച്ച മനുഷ്യനെ (എന്‍. എല്‍. ബാലകൃഷ്ണന്‍) കാണുന്നു. ജന്‍മപാപം എന്നതു പോലെ ഭാരമെടുത്ത് കസര്‍ത്തു ചെയ്യുന്ന ആ മനുഷ്യനെ ഇടക്കിടെ ശ്രദ്ധിക്കുന്ന വേണുഗോപാലിന് പുഞ്ചിരിപൊട്ടുന്നു. താന്‍ രാജ്യത്തിനു വേണ്ടി വലിയൊരു കാര്യം ചെയ്യുകയാണെന്ന ധാരണയാല്‍ ആ കസര്‍ത്തുകാരനും വേണുഗോപാലിനെ നോക്കി പുഞ്ചിരിക്കുന്നു. ഈ ദൃശ്യം ചിത്രീകരിക്കുവാനുള്ള അന്തരീക്ഷത്തിനായി മൂന്ന് ദിവസം കാത്തു നില്‍ക്കേണ്ടി വന്നു.

സണ്ണി ജോസഫ്
അന്തരീക്ഷം, പ്രകാശം, നിശ്ചയിക്കുന്ന ആംഗിളുകളില്‍ നിന്ന് ഷോട്ടുകള്‍ എടുക്കുവാനുള്ള അസൗകര്യം, തനതായ ശബ്ദങ്ങള്‍, സംഭാഷണങ്ങളുടെയും ചലനങ്ങളുടെയും കൃത്യതയും വ്യക്തതയും - എന്നിങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് ‘വാസ്തുഹാര’ പൂര്‍ത്തിയാക്കിയത്. അരവിന്ദേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. അദ്ദേഹം എന്റെ ഗുരുവാണ്. ‘വാസ്തുഹാര’ എന്ന സിനിമ ഞാന്‍ ക്യാമറ ചെയ്തിട്ടുള്ള സിനിമകളില്‍ വെച്ച് ഏറ്റവും നല്ല നേട്ടവും ഏറ്റവും മികച്ച സൃഷ്ടിയുമാണ്.

പഥേര്‍ പാഞ്ചാലിയുടെ പ്രസക്തി

അടൂര്‍ ഗോപാലകൃഷ്ണന്‍

പഥേര്‍ പാഞ്ചാലി നിര്‍മ്മിച്ചിട്ട് അര ശതാബ്ദം കഴിഞ്ഞിരിക്കുന്നു. സര്‍ഗ്ഗാത്മകത തികഞ്ഞ ആദ്യത്തെ ഇന്ത്യന്‍ സിനിമ പഥേര്‍ പാഞ്ചാലിയാണെന്ന സത്യം ഇന്നൊരു വിവാദവിഷയമാവാന്‍ ഇടയില്ല.


ജുഗുപ്‌സാവഹമായ ചലച്ചിത്രാഭാസമെന്ന് ആഗോളാടിസ്ഥാനത്തില്‍ തന്നെ കുപ്രസിദ്ധി നേടിയെടുത്തിരുന്ന നമ്മുടെ വ്യവസ്ഥാപിത സിനിമയ്ക്കു നേരെ സത്യജിത് റായി എന്ന പുത്തന്‍കൂറ്റുകാരന്‍ നടത്തിയ ആദ്യത്തെ ആക്രമണമായിരുന്നു അത്. അതും കോട്ടകൊത്തളങ്ങള്‍ കെട്ടിവാണ കച്ചവടസിനിമയുടെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന്. സിനിമയെന്ന പ്രതിഭാസത്തെപ്പറ്റി ആസ്വാദകമനസ്സുകളില്‍ രൂഢമൂലമായിരുന്ന മൂഢസങ്കല്പങ്ങളുടെ മേലുള്ള ഒരു കനത്ത പ്രഹരം കൂടിയായിരുന്നു പഥേര്‍ പാഞ്ചാലി. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ക്കും ഉത്തര-പാശ്ചാത്യരായ നിരൂപകപണ്ഢിതന്മാര്‍ക്കും നന്ദി. തുടക്കത്തില്‍ ബോക്‌സാഫീസില്‍ അമ്പേ പരാജയപ്പെട്ട ഈ ‘പാതയുടെ ഗീതം’ ക്രമേണ പ്രതിരോധാതീതമാംവണ്ണം ശക്തിയും ഊര്‍ജ്ജവുമാര്‍ജ്ജിച്ച ഒരു ചൈതന്യ സ്രോതസ്സായി ഭാരതവര്‍ഷത്തിനകത്തും പുറത്തും അലയടിച്ചു.

സിനിമയില്‍ പ്രത്യേകിച്ചൊരു താല്പര്യവുമില്ലാതിരുന്ന ഒരു കാലത്ത് പഥേര്‍ പാഞ്ചാലിയുടെ 16 മില്ലീമീറ്ററിലുള്ള ഒരു പ്രദര്‍ശനം കണ്ടതിന്റെ ഓര്‍മ്മ ഇന്നും പച്ചയായി നില്ക്കുന്നു. പില്ക്കാലത്ത് പല അവസരങ്ങളിലായി കുറഞ്ഞത് ഇരുപത്തിയഞ്ച് തവണയെങ്കിലും ഈ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും പുതുതായെന്തെങ്കിലും അതില്‍ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ അന്ന്, ആദ്യം ഒരു സാധാരണ കാഴ്ചക്കാരനെന്ന നിലയില്‍ ആ ചിത്രത്തോട് എനിക്കുണ്ടായ പ്രതികരണത്തിന്റെ സ്വഭാവത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. അതെന്നില്‍ പതിപ്പിച്ചുപോയ അനുഭവങ്ങളുടെ മുദ്ര ഏതുതരത്തില്‍പ്പെട്ടതായിരുന്നു? ഒരേകദേശരൂപം ഇങ്ങനെയാണ്. അത്യന്തം വ്യത്യസ്തമായ ഒരു ചിത്രം. ശുദ്ധമായ യാഥാര്‍ത്ഥ്യ പ്രതീതി; ഋജുവും ലളിതവുമായ കഥാഘടന; കഥാപാത്രങ്ങളെ അടുത്തുനിന്നും സംഭവങ്ങളെ അകത്തുനിന്നും കണ്ട തോന്നല്‍. ചിത്രത്തിന്റെ ആസ്വാദനത്തിന് ഭാഷ തടസ്സമായതേയില്ല.

സത്യജിത് റായി
1955-ല്‍ പഥേര്‍ പാഞ്ചാലി നിര്‍മ്മിക്കപ്പെടും വരെ ഭാരതത്തെ സംബന്ധിച്ചിടത്തോളം സിനിമ കേവലം ഒരു പലായനവിനോദോപാധി മാത്രമായിരുന്നു. അതിന് മുമ്പുള്ള നമ്മുടെ സിനിമയിലെ സര്‍ഗാത്മകതയുടെ ഉത്തമോദാഹരണങ്ങളായി കൊട്ടിഘോഷിക്കപ്പെട്ടിരുന്നവ, കച്ചവടത്തില്‍ കണ്ണും കരളുമര്‍പ്പിച്ച് ശാന്താറാം പ്രഭൃതികള്‍ ഒരുക്കിവിട്ട മസാലപ്പടങ്ങളായിരുന്നുവെന്നത് നാമിവിടെ ഓര്‍ക്കണം. സെന്റിമെന്റലിസം, റൊമാന്റിക് ഫാന്റസി എന്നിവയുടെ രക്ഷാകര്‍തൃത്വത്തില്‍ തികച്ചും സിനിമേതരമായ ആവിഷ്‌കരണമാര്‍ഗ്ഗങ്ങളുപയോഗപ്പെടുത്തി, നാടകം, നൃത്തം, സംഗീതം എന്നിവയുടെ അകമ്പടിയോടെ സെല്ലുലോയിഡില്‍ അരങ്ങേറിയ ഒരു വക വിവിധകലാപരിപാടികളായിരുന്നു അവയത്രയും. ഈ പശ്ചാത്തലത്തിലാണ് പഥേര്‍ പാഞ്ചാലിയെ നമ്മുടെ ആദ്യത്തെ യഥാര്‍ത്ഥസിനിമയായി കണ്ടറിയേണ്ടത്. നിര്‍മ്മാണോദ്ദ്യേശ്യം പ്രാഥമികമായും വ്യാപാരമല്ലാതെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സിനിമയും ഒരുപക്ഷേ ഈ ചിത്രം തന്നെയായിരിക്കും. സൃഷ്ടിയുടെ മുഹൂര്‍ത്തങ്ങളില്‍ ഇതിന്റെ നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം വിപണനക്കാര്യം ഒരു പക്ഷേ പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്‌നമായിപ്പോലും തോന്നിയിരിക്കാന്‍ ഇടയില്ല. സിനിമയുടെ സാങ്കേതിക-സൗന്ദര്യശാസ്ത്രങ്ങളില്‍ തികഞ്ഞ അവഗാഹം നേടിയിരുന്ന റായിക്ക് ശരിയായ അര്‍ത്ഥത്തില്‍ തന്നെ ചലച്ചിത്രമാധ്യമത്തില്‍ ആത്മാവിഷ്‌ക്കാരം നടത്തുവാനുള്ള കഴിവും കരുത്തും കൈവന്നിരുന്നു, ഈ ചിത്രത്തിന്റെ നിര്‍മ്മിതിക്കദ്ദേഹം കച്ചകെട്ടിയിറങ്ങുമ്പോള്‍.

മലയാള തിരക്കഥ
‘അത്യന്തം വ്യത്യസ്തമായ ഒരു ചിത്രം’ എന്ന് ഒരാള്‍ ഈ ചിത്രത്തോടു പ്രതികരിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കാരണം ഭാരതീയരായ പ്രേക്ഷകരുടെ സിനിമാസങ്കല്പങ്ങളെ ഇതുപോലെ ഉലച്ചിട്ടുള്ള മറ്റൊരു ചിത്രമില്ല. ആഭാസവല്‍ക്കരിക്കപ്പെട്ട നമ്മുടെ പോപ്പുലര്‍ സിനിമയുമായുള്ള ചിരപരിചയം ആസ്വാദകന്റെ രുചി നിലവാരത്തെ ചില്ലറയൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. സ്ഥിരമായി സിനിമ കാണുന്ന നമ്മുടെ ഒരു ശരാശരി പ്രേക്ഷകന്‍ ഒരു ചിത്രത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, കാലക്രമത്തില്‍ ഒരു ചിത്രം അയാള്‍ക്ക് നല്‍കണമെന്ന് ശഠിക്കുന്ന, ചില ഘടകങ്ങളൊക്കെയുണ്ട്. അവയില്‍ ചിലതെങ്കിലും തിരശ്ശീലയില്‍ കണ്ടില്ലെങ്കില്‍ അയാള്‍ നിരാശനാവും, നിരുത്സാഹവാനാകും. ഏറെക്കാലത്തെ സിനിമാപരിചയത്തിലൂടെ അയാള്‍ ചലച്ചിത്രസംബന്ധമായി ആര്‍ജ്ജിച്ചുവെയ്ക്കുന്ന അബദ്ധധാരണകളാണ് ഇവിടെ അയാളുടെ അസംതൃപ്തിക്ക് പ്രേരകമായി വര്‍ത്തിക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ക്കനുസൃതമായി പടച്ചുകൂട്ടിയതും അതുകൊണ്ടുതന്നെ തനിക്ക് പരിചിതവുമായ ഒരു കഥ ഏതാണ്ട് തന്റെ മുന്‍ധാരണകള്‍ക്കൊപ്പിച്ച് തിരശ്ശീലയില്‍ ചുരുളഴിയുന്നത് കണ്ട് സ്വയം അഭിനന്ദിക്കുവാന്‍ കൂടിയാണ് അയാള്‍ സിനിമകാണുന്നത്. വ്യത്യസ്തമായി വരുന്ന ഒന്നും തന്നെ സ്വാഭാവികമായും സ്വീകരിക്കപ്പെടുന്നില്ല. പുതുമ നിറഞ്ഞതെന്ന അവകാശവാദത്തോടെ അവതരിപ്പിക്കപ്പെടുന്ന പലതും നിയതമായ അതിരുകള്‍ക്കകത്ത് ഒതുങ്ങി നിന്ന് മേലനങ്ങാതെ നടത്തുന്ന പൊടിക്കൈകള്‍ മാത്രമെന്ന് മനസ്സിലാക്കുവാന്‍ ഉത്തമാസ്വാദകര്‍ക്കു ശ്രമമേതുമാവശ്യമില്ല. അത്തരം പരീക്ഷണങ്ങള്‍ ഉള്ളിലേക്കിറങ്ങുകയോ ഉപരിതലമെങ്കിലും പോറുകയോ ചെയ്യുന്നില്ല. അത്രയും നന്ന്. ഉല്പതിഷ്ണുക്കളെന്നറിയപ്പെടുമ്പോള്‍തന്നെ പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളുടെ നടുനായകത്വവും വഹിക്കാം. അവയുടെ സംഘാടകര്‍ക്ക് എല്ലാതരത്തിലും തലത്തിലുമുള്ള മൗലികതയാല്‍ പഥേര്‍ പാഞ്ചാലി എത്ര അകലെ!.

ശുദ്ധമായ യാഥാര്‍ത്ഥപ്രതീതി ജനിപ്പിച്ച ചിത്രമെന്ന നിലയിലും പഥേര്‍ പാഞ്ചാലി പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. സ്റ്റുഡിയോ ഫ്‌ളോറിന് പുറത്തിറങ്ങി ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള സിനിമാപടങ്ങള്‍ അതിന് മുമ്പുണ്ടായിട്ടില്ലെന്നല്ല. ‘ഛിന്നമുല്‍’ തുടങ്ങിയ ഒന്നു രണ്ടു ചിത്രങ്ങളെങ്കിലും ഉടനെ ഓര്‍മ്മയില്‍ വരുന്നു. പക്ഷേ ഇവയില്‍ ഒന്നുപോലും അതിന്റെ നിര്‍മ്മാതാവിന്റെ സാഹസികതയ്ക്കുപരിയായൊരു കാരണംകൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നിട്ടുള്ളതല്ല. പഥേര്‍ പാഞ്ചാലിയിലാകട്ടെ സ്റ്റുഡിയോയ്ക്കുള്ളില്‍ ചിത്രണം ചെയ്ത രംഗങ്ങള്‍ അനവധിയുണ്ടുതാനും. യഥാര്‍ത്ഥ പശ്ചാത്തലങ്ങളും സ്റ്റുഡിയോ സെറ്റും തമ്മില്‍ ഏതും തിരിച്ചറിയാന്‍ കഴിയാത്തവിധം അതിവിദഗ്ധമായാണ് രണ്ടിന്റേയും തിരഞ്ഞെടുപ്പും സംവിധാനവും. ബന്‍സി ചന്ദ്രഗുപ്തയെപ്പോലുള്ള ഒരൊന്നാംകിട കലാസംവിധായകന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയതിന് പുറമെ ധ്വന്യാത്മകവും അതേ സമയം പ്രാതിനിധ്യസ്വഭാവമുള്ളതുമായ പ്രകൃത്യാംശങ്ങള്‍ വിദഗ്ധമായി സന്നിവേശിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളുടെ സത്ത കലാത്മകമായി വ്യഞ്ജിപ്പിക്കുവാന്‍ റായിക്ക് കഴിഞ്ഞു. ഇത് പശ്ചാത്തലത്തിന്റെ കാര്യം. അന്തരീക്ഷസൃഷ്ടിയുടെ വിഷയത്തിലാകട്ടെ, റായി മറ്റുള്ളവര്‍ക്കെല്ലാം മാതൃകതന്നെ നിര്‍ണ്ണയിച്ചു, ഈ ചിത്രത്തില്‍. പട്ടിയും പൂച്ചയും വെള്ളത്തിലാശാനും ചേരയും ചിലന്തിയുമെല്ലാം ചേര്‍ന്ന് സാധിക്കുന്ന ആ വൈകാരിക മുഹൂര്‍ത്തങ്ങളുടെ സാധ്യതയെപ്പറ്റി റായിക്കു മുമ്പൊരു സംവിധായകനും നമ്മുടെ നാട്ടില്‍ ബോധവാനായിരുന്നില്ല, നിശ്ചയം.

കഥാപാത്രങ്ങളാണെങ്കിലോ? എഴുത്തുകാരന്റെയോ സംവിധായകന്റെയോ ഭാവനാസൃഷ്ടികളാണവരെന്നു കാണികളെ വിശ്വസിപ്പിക്കുക തന്നെ വിഷമം. ഒന്നുകില്‍ തങ്ങള്‍ തന്നെ അല്ലെങ്കില്‍ തങ്ങളുടെ അയല്‍ക്കാര്‍ മാത്രമാണവര്‍ കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം, ഇത്ര വിദഗ്ധമായി മനുഷ്യജീവിതങ്ങളെ, അവരുടെ സ്വകാര്യ നിമിഷങ്ങളെ അപൂര്‍വമായ നാടകീയമുഹൂര്‍ത്തങ്ങള്‍പോലും എന്ത് ടെക്‌നിക് ഉപയോഗിച്ച് സെല്ലുലോയിഡില്‍ ആലേഖനം ചെയ്‌തെടുത്തുവെന്ന് അഭ്യസ്തവിദ്യരായ പ്രേക്ഷകര്‍പോലും അതിശയിച്ചുപോവുന്നു. പ്രകൃതിയുടെയും പരിതഃസ്ഥിതികളുടെയും സൃഷ്ടികളും അവയുടെ യഥാര്‍ത്ഥ അവകാശികളുമായ ആ കഥാപാത്രങ്ങളെ എഴുത്തുകാരന്‍ തന്റെ ഇതിവൃത്തവ്യാഖ്യാനത്തിനായി കൃത്രിമമായി നിയോഗിച്ച കരുക്കളായി കാണാന്‍ ഇവിടെ പ്രയാസം തന്നെ. വിഭൂതിഭൂഷന്റെ കഥാപാത്രങ്ങള്‍ അനുവാചകന്റെ മനസ്സില്‍ വൈയക്തികമായ ഒരനുഭവമായി ജീവിച്ചപ്പോള്‍ റായിയുടെ കഥാപാത്രങ്ങള്‍ വസ്തുനിഷ്ഠമായ രൂപഭാവങ്ങളോടെ ചലിക്കുകയും ചരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മുഴുത്ത വ്യക്തിത്വങ്ങളായി ദ്വിമാനചിത്രങ്ങളുടെ പരിമിതികളെ അതിജീവിച്ച് വിരാജിക്കുന്നു. രണ്ടാമത്തെ പ്രക്രിയയില്‍ അംഗീകാരത്തിന്റേയും സ്വീകാര്യതയുടേയും പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാവുകയാണ് സാധാരണ പതിവ്. അതില്‍നിന്ന് വ്യത്യസ്തമായി, ഒരു പക്ഷേ എഴുത്തുകാരന് മൗലികമായി അതിന് നല്‍കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ മഹത്വങ്ങളിലേക്ക് ആ കൃതിയെ ഉയര്‍ത്തി സ്ഥാപിക്കുകയാണിവിടെ, ഈ ചിത്രത്തിന്റെ സൃഷ്ടിയില്‍.

പഥേര്‍ പാഞ്ചാലിയുടെ സൗന്ദര്യ സമ്പന്നതയ്ക്ക് ഒരു പ്രധാന കാരണം ഋജുവും ലളിതവുമായ അതിന്റെ കഥാഘടനയത്രേ. ഈ ഗുണമാകട്ടെ നമ്മുടെ കുത്തകസിനിമാമുതലാളിമാര്‍ വര്‍ജ്യമായി കരുതിയിരുന്നതാണ്. ക്ലിഷ്ടത ഒരു മേന്മയും യുക്തിരാഹിത്യം ഒരനുഗ്രഹവുമാണ് മിക്ക നിര്‍മ്മാതാക്കള്‍ക്കും. പ്രത്യക്ഷത്തില്‍ സംഭവബഹുലവും പ്രശ്‌നസങ്കീര്‍ണവും കുരുക്കും കുത്തഴിവുമുളളതുമായ കഥാഘടന ബോക്‌സാഫീസ് വിജയത്തിന് അനുപേക്ഷണീയമാണെന്ന് കരുതപ്പെടുന്നുണ്ടിന്നും. കഥാപാത്രങ്ങളുടെ ആന്തരികസംഘട്ടനങ്ങളിലൂടെ വിദഗ്ധമായി സാധിച്ചെടുത്തിട്ടുള്ള ഈ ചിത്രത്തിലെ അന്യൂനമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ സ്ഥൂലവും ബാഹ്യവും അസംസ്‌കൃതവുമായ പ്രകടനാത്മകതയില്‍ പൂര്‍ണ്ണമായും അവലംബം കാണുന്ന പോപ്പുലര്‍ സിനിമക്കാര്‍ക്ക് സാധനാപാഠമാകേണ്ടതാണ്. പകരം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് കഥയും കഥാപാത്രങ്ങളും എത്രയും അകന്നുനില്ക്കുന്നുവോ അത്രയും വലുതത്രെ അതിന്റെ വിജയസാധ്യത എന്നവര്‍ കരുതുന്നു. യഥാര്‍ത്ഥജീവിതപ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടി സിനിമാതിയേറ്ററുകളില്‍ അഭയം പ്രാപിക്കുന്ന പ്രേക്ഷകന്റെ മുമ്പില്‍ വീണ്ടും അവന്‍ മറക്കാന്‍ കൊതിച്ചു വന്ന യാതനകളും വേദനകളും വിളമ്പി അലോസരപ്പെടുത്തരുതെന്നാണ് അനുകമ്പാശീലരായ സിനിമാവ്യവസായികള്‍ വിശ്വസിക്കുന്നത്. അങ്ങനെ തിരശ്ശീലയില്‍ കാണുന്നതിനൊന്നും അവന്റെ ജീവിതവുമായി വിദൂരബന്ധം പോലും പാടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ അരോചകവും അതുകൊണ്ടുതന്നെ നിഷിദ്ധവുമാകുന്നു. പകരം അവര്‍ക്കുവേണ്ടി ഉദാരമായ സ്വപ്നങ്ങള്‍ വിതയ്ക്കപ്പെടുന്നു. അവ നൂറും നൂറ്റമ്പതും മേനിയില്‍ കൊയ്‌തെടുത്തുകൊള്ളും. സ്വപ്നങ്ങളുടെ വില്പനക്കാര്‍ നാള്‍ക്കുനാള്‍ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം വിചിത്രസങ്കല്പങ്ങള്‍ക്കിടയില്‍ അരനൂറ്റാണ്ട്് മുമ്പ് അതീവലളിതവും സത്യസന്ധവും സൗന്ദര്യാത്മകവുമായ ഒരു ചലച്ചിത്രകൃതിക്കു ജന്മം നല്‍കുവാന്‍ ഒരു കലാകാരന് കഴിഞ്ഞുവെന്നത് അത്ഭുതാദരങ്ങളോടെവേണം കാണാന്‍.

ചിട്ടയൊപ്പിച്ചുള്ളൊരു കഥ പാഥേര്‍ പഞ്ചാലിയിലില്ലെന്നതു പോകട്ടെ. അതിലെ കഥാപാത്രങ്ങളാണെങ്കിലോ വളരെ സാധാരണക്കാര്‍. ഇനി കഥാസന്ദര്‍ഭങ്ങളുടെയോ നാടകീയ മൂഹൂര്‍ത്തങ്ങളുടേയോ കാര്യമെടുത്താലോ? അവയെല്ലാം നിത്യസാധാരണങ്ങള്‍ മാത്രം. എന്നാല്‍ ഒരു വ്യത്യാസം മാത്രമുണ്ട്. അവയെ നോക്കികാണുന്ന രീതിയില്‍ . അതേ സംഭവങ്ങളിലൂടെ, അതേ അനുഭവങ്ങളിലൂടെ ജീവിച്ചവര്‍ പോലും ഒരു നിമിഷമെങ്കിലും തിരിഞ്ഞുനോക്കിനിന്ന് അറിഞ്ഞാസ്വദിച്ചിട്ടില്ലാത്ത അസുലഭനിമിഷങ്ങള്‍. അവയെ ആവാഹിച്ചവതരിപ്പിക്കാന്‍ റായിയിലെ കലാകാരന്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. മധുരോദാരമെന്നേ ആ അനുഭവങ്ങളെ വര്‍ണിക്കാന്‍ കഴിയൂ. നിത്യജീവിതത്തിലെ കൊച്ചുകൊച്ചനുഭവങ്ങള്‍ക്ക് ഇത്രയധികം കയ്‌പോ? ഓ-ഇവയില്‍ ഇത്രയധികം ഉറവകളോ ദുഃഖത്തിന്റെ ഉപ്പിന്?

ഇവിടെയിതാ കഥാപാത്രങ്ങളെ നാം നേര്‍ക്കുനേര്‍ കാണുന്നു. അടുത്ത്, വളരെയടുത്ത്, വാക്കുകളുടെ മറവില്‍ അവര്‍ ഒളിക്കാന്‍ ശ്രമിക്കുന്നില്ല. നമ്മില്‍നിന്ന് അവര്‍ ഒന്നും മറച്ചുപിടിക്കുന്നില്ല. നമ്മുടെ ദയാദാക്ഷിണ്യങ്ങള്‍ ചൂഷണം ചെയ്യാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട മാപ്പുസാക്ഷികളല്ല അവര്‍. മറിച്ച്, യഥാര്‍ത്ഥമായ അവരുടെ സുഖങ്ങളുടെയും ദുഃഖങ്ങളുടെയും നിരാശയുടേയും പ്രത്യാശയുടേയും മുഹൂര്‍ത്തങ്ങള്‍ നാം അവരുമായി പങ്കിടുന്നു. ഇവിടെ കഥാസന്ദര്‍ഭങ്ങള്‍ കേവലം ഇതിവൃത്തപൂര്‍ത്തീകരണത്തിനുള്ള സൂത്രവിദ്യകളായി അധഃപതിക്കുന്നില്ല. പകരം, പ്രേക്ഷകന്‍ കഥാപാത്രങ്ങളോടൊപ്പം ചേതലാഭങ്ങളനുഭവിച്ച് കഴിയുന്നു. ചുരുക്കത്തില്‍ അയാളുടെ അനുഭവമേഖലകള്‍ അതിരുകളകന്ന് വിസ്തൃതങ്ങളാകുന്നു. ക്രമേണ അയാള്‍ സംസ്‌കൃതനാവുന്നു. എല്ലാ കലകളുടേയും പരമോന്നതലക്ഷ്യം!

ജീവിതമെന്ന കടംകഥയ്ക്ക് ഇങ്ങനെയൊരാഖ്യാനം, ഇങ്ങനെയൊരു സ്തുതിഗീതം സെല്ലുലോയിഡില്‍ ഉണ്ടാവുമെന്ന് ആരുമേതും കരുതിയതല്ല-അതുകൊണ്ടുതന്നെയാണ് ‘പാതയുടെ ഗീതം’ ഇന്ത്യന്‍ സിനിയിലെ മാറ്റത്തിന്റെ മുന്നണിപ്പാട്ടായത്.


 അടൂർ ഗോപാലക്യഷ്ണൻ

 ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ‍. പത്തനംതിട്ടയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ  ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരുപെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982 ഇൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.

ആദ്യ മലയാളനോവല്‍ ‘പുല്ലേലിക്കുഞ്ചു‘

വിജയന്‍ കോടഞ്ചേരി

മലയാളഭാഷയിലെ ആദ്യത്തെ നോവല്‍ ഏതാണെന്നതിനെപ്പറ്റി ഇപ്പോഴും തര്‍ക്കം തുടരേണ്ടി വരുന്നതിന് പിന്നില്‍ സാഹിത്യ ഗവേഷണത്തിലും ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതിലും നമ്മുടെ പൂര്‍വ്വികര്‍ പുലര്‍ത്തിയ ജാഗ്രതക്കുറവാണ് കാരണമെന്ന ഡോ: ജോര്‍ജ്ജ് ഇരുമ്പയത്തിന്റെ നിരീക്ഷണത്തോടൊപ്പം തന്നെ പൂര്‍വികരുടെ നിര്‍ദ്ദിഷ്ഠമായ താല്‍പര്യങ്ങളും കൂടി കാരണമായിട്ടുണ്ടെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നു. ഈ താല്‍പര്യങ്ങളാണ് നിഷ്പക്ഷമായ വിലയിരുത്തലുകളില്‍ നിന്ന് അവരെ പിന്‍തിരിപ്പിച്ചതും വിവര്‍ത്തനങ്ങളെയും നാടകങ്ങളെയും നോവലുകളായെണ്ണിച്ച് സാഹിത്യാസ്വാദകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും പിന്നീട് ആദ്യനോവലും, ലക്ഷണമൊത്ത ആദ്യ നോവലും ‘സൃഷ്ടിച്ച്’ ലക്ഷ്യപ്രാപ്തി നേടുന്നതിനും ഇടയാക്കിയത്!

മലയാളത്തിലെ ആദ്യ നോവലേത് എന്ന പരിശോധനയ്ക്ക് മുതിരുമ്പോള്‍ നമ്മുടെ മുമ്പില്‍ പ്രഥമ പരിഗണനയ്ക്ക് എത്തുന്ന നോവലുകള്‍ ഇവയാണ്.

1. പരദേശി മോക്ഷയാത്ര, റവ : ജോസഫ് പീറ്റ് (1847)
2. സഞ്ചാരിയുടെ പ്രയാണം, റവ : സി. മുള്ളര്‍, റവ : പി. ചന്ദ്രന്‍ (1849)
3. ആള്‍മാറാട്ടം, കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് (1866)
4. ഘാതകവധം, മിസിസ് കോളിന്‍സ് (1877)
5. പുല്ലേലിക്കുഞ്ചു, ആര്‍ച്ച്ഡീക്കന്‍ കോശി (1882)
6. കുന്ദലത, അപ്പുനെടുങ്ങാടി (1887)
7. ഇന്ദുലേഖ, ഒ. ചന്തുമേനോന്‍ (1889)
8. മാര്‍ത്താണ്ഡവര്‍മ്മ സി. വി. രാമന്‍പിള്ള (1891)

1866-ല്‍ പ്രസിദ്ധീകരിച്ച കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ ആള്‍മാറാട്ടം ഷേക്‌സ്പിയറുടെ കോമഡി ഓഫ് എറേഴ്‌സ് എന്ന നാടകത്തിന്റെ വിവര്‍ത്തനമാണെന്ന് മാത്രമല്ല നാടകരൂപത്തില്‍ത്തന്നെയുള്ള ഗദ്യ വിവര്‍ത്തനമാണെന്ന് നമ്മുടെ പണ്ഡിതര്‍ക്ക് മനസിലാകാത്തത് എന്തു കൊണ്ടായാലും ഇപ്പോള്‍ പ്രഥമസ്ഥാനത്തേക്ക് ആരും ആള്‍മാറാട്ടത്തെ പരിഗണിക്കാറില്ല. അതു പോലെത്തന്നെ പരദേശീമോക്ഷയാത്ര, സഞ്ചാരിയുടെ പ്രയാണം എന്നിവ പില്‍ഗ്രിംസ് പ്രോഗ്രസിന്റെ തര്‍ജ്ജമയാണെന്നും മനസിലാക്കുന്നു. പരദേശീമോക്ഷയാത്രയുടെ വിവര്‍ത്തനം റവ : ജോസഫ് പീറ്റാണെന്ന് കാണുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അതിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചത് ആര്‍ച്ച് ഡീക്കന്‍ കോശിയാണെന്ന തര്‍ക്കം നിലനില്‍ക്കുന്നു!വിവര്‍ത്തകന്മാരെക്കുറിച്ചുള്ള തര്‍ക്കം തീര്‍ന്നതിന് ശേഷമാകാം നമുക്ക് അവ മലയാളനോവലാണോ എന്ന് പരിഗണിക്കാന്‍!

1859-ല്‍ മിസിസ് കോളിന്‍സ് എഴുതിതുടങ്ങുകയും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അവര്‍ മരണമടഞ്ഞതിനാല്‍ ഭര്‍ത്താവായ റിച്ചാര്‍ഡ് കോളിന്‍സ് പൂര്‍ണ്ണമാക്കുകയും 1864-ല്‍ കോട്ടയം സെമിനാരിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയില്‍ ഇംഗ്ലീഷില്‍ വന്നതുമായ സ്ലെയര്‍ സ്ലൈന്‍ (Slayer Slain) എന്ന കൃതിയുടെ മലയാള തര്‍ജ്ജമയാണ് ഘാതകവധം. ഇതൊരു മലയാളം നോവലാണെന്ന് ഡേവിഡ് ലോഡ്ജിന്റെ ഉദ്ധരണി സഹിതം സമര്‍ത്ഥിക്കാന്‍ ഡോ : ജോര്‍ജ്ജ് ഇരുമ്പയം നടത്തുന്ന സഹതാപര്‍ഹമായ ശ്രമങ്ങള്‍ കാണാതിരുന്നു കൂട! ഘാതകവധം സാമൂഹ്യലക്ഷ്യം വെച്ചുകൊണ്ട് എഴുതപ്പെട്ട നോവലാണെന്നും അതിനാല്‍ ഭാഷ കാര്യമാക്കേണ്ടതില്ല എന്നും, ഭാഷയെ അപേക്ഷിച്ച് ജീവിതത്തിനാണ് നോവലില്‍ പ്രാധാന്യം എന്നും (ആവിഷ്‌കൃതമായ ജീവിതം എവിടത്തേതാണോ അവിടത്തെ പ്രകൃതി, ആളുകള്‍, അവരുടെ ജീവിതരീതി, ഭാഷ എന്നിവ അറിഞ്ഞിരിക്കുക, ആര്‍ക്കു വേണ്ടി അതെഴുതപ്പെട്ടു എന്നിവയാണ് ഏതു ഭാഷയിലെഴുതപ്പെട്ടു എന്നതിനേക്കാള്‍ പ്രധാനം - ആദ്യകാലമലയാള നോവല്‍, ഡോ : ജോര്‍ജ്ജ് ഇരുമ്പയം, എന്‍. ബി. എസ്. രണ്ടാംപതിപ്പ് 1988, പേജ് 28) അദ്ദേഹം പറയുന്നു. അങ്ങനെവരികില്‍ കേരളീയ പശ്ചാത്തലത്തിലെഴുതപ്പെട്ട മലയാളിയായ അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ് മലയാളം നോവലാണെന്ന് അദ്ദേഹം സമ്മതിക്കുമെന്ന് തോന്നുന്നു! മറ്റൊരു രസകരമായ കാര്യം . നോവല്‍ മലയാളിക്ക് വേണ്ടി എഴുതപ്പെട്ടു എന്നാണ് അദ്ദേഹം (ആര്‍ക്കുവേണ്ടി എഴുതപ്പെട്ടു എന്ന പ്രയോഗത്തിലൂടെ!) വ്യാഖ്യാനിക്കുന്നത്. (1859-76) കാലഘട്ടത്തില്‍ എത്ര മലയാളികള്‍ ഈ നോവല്‍ വായിച്ചിരിക്കും?

ഘാതകവധമല്ല ആദ്യ മലയാള നോവല്‍ എന്ന് തിരിച്ചറിയുമ്പോള്‍ പിന്നീട് നമ്മുടെ ശ്രദ്ധ പതിയേണ്ടത് സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയിലാണ്.1884-ല്‍ തന്നെ എഴുതപ്പെട്ടതാണ് ഈ നോവല്‍ എന്ന് ഭാഷാചരിത്ര കര്‍ത്താവായ പി.ഗോവിന്ദപിള്ളയുടെ സാക്ഷ്യം 1887-ല്‍ പ്രസിദ്ധീകൃതമായ അപ്പുനെടുങ്ങാടിയുടെ കുന്ദലതയേയും 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒയ്യാരത്തു ചന്തുമേനോന്റെ ഇന്ദുലേഖയെയും പിന്തള്ളി മാര്‍ത്താണ്ഡവര്‍മ്മയെ പ്രഥമമായി പരിഗണിക്കണമെന്ന് ചിന്തിക്കാന്‍ ചില പണ്ഡിതരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. ഇവരുടെ തന്നെ പിന്നീടുണ്ടായ ഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ചുള്ള മൗനത്തില്‍ നിന്നും വായിക്കാന്‍ കഴിയുന്നത് ചില നൈമിഷിക താല്‍പര്യങ്ങള്‍ മാത്രമായിരുന്നു ഇത്തരം സാക്ഷ്യങ്ങള്‍ക്ക് പിന്നില്‍ എന്നാണ്!
തര്‍ജ്ജമകളും നാടകങ്ങളും മലയാള നോവല്‍ അല്ലെന്ന് തെളിയുമ്പോള്‍, രചനാകാലം പരിഗണിക്കുമ്പോള്‍ മലയാളത്തിലെ ആദ്യത്തെ നോവല്‍ ആര്‍ച്ച് ഡീക്കന്‍ കോശി ഡി.ഡി യുടെ പുല്ലേലിക്കുഞ്ചു ആണെന്ന് കാണാം. സുപരിചിതമല്ലാത്തൊരു പ്രതിപാദന രീതിയും പാര്‍ശ്വവല്‍കൃതരുടെ പ്രതികരണ രീതിയും നോവലില്‍ വായിച്ചെടുത്ത വരേണ്യവര്‍ഗം തങ്ങളുടെ സംസ്‌കാരങ്ങളിലേക്കുള്ള അധിനിവേശ ശ്രമമായി പുല്ലേലിക്കുഞ്ചുവിനെ കണ്ടിരിക്കാവുന്നതിനാലാണ് ഈ നോവല്‍ തമസ്‌ക്കരിക്കപ്പെടാന്‍ ഇടയായതെന്നാണ് തോന്നുന്നത്.

1860-ല്‍ ആഗസ്ത്, സെപ്തംബര്‍, നവംബര്‍ ലക്കങ്ങളിലായി ജാതിഭേദം എന്ന പേരില്‍ ജ്ഞാനനിക്ഷേപം മാസികയില്‍ പുല്ലേലിക്കുഞ്ചുവിന്റെ ആദ്യ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1882-ല്‍ കോട്ടയത്തു നിന്നാണ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മൂന്നു ഭാഗങ്ങളായി തിരിച്ചാണ് കഥ പറയുന്നത്. ക്രിസ്ത്യാനിയായ ഒരു മുതല്‍പ്പിടിക്കാരന്റെ കാഴ്ചയിലൂടെയാണ് കഥ വളരുന്നത്. അദ്ദേഹത്തെ കൂടാതെ ഉല്‍പതിഷ്ണുവും ക്രിസ്തുമത വിശ്വാസിയുമായ പുല്ലേലി കുഞ്ചുപ്പിള്ളയും, യാഥാസ്ഥിതികനെങ്കിലും നല്ലവനായ കൈതകപ്പെള്ളില്‍ രാമപ്പണിക്കരും ശാമു അണ്ണാവിയും മലയാള ബ്രാഹ്മണനും, ബൈബിള്‍ വില്‍പനക്കാരനും മറ്റുമാണ് പ്രധാന കഥാപാത്രങ്ങള്‍. നോവലിന്റെ ഒന്നാം ഭാഗത്തില്‍ ഹിന്ദുമതത്തിലെ ജാതി വ്യത്യാസങ്ങള്‍ കൊണ്ടുള്ള കഷ്ടപ്പാടിനെക്കുറിച്ച് കൈതകപ്പെള്ളില്‍ രാമപണിക്കരുമായി സംവാദത്തിലേര്‍പ്പെടുകയാണ് കുഞ്ചുവും ക്രിസ്ത്യാനിയായ മുതല്‍പ്പിടിക്കാരനും. കുഞ്ചുവിന്റെ യുക്തിക്ക് മുമ്പില്‍ യാഥാസ്ഥിതികനായ പണിക്കര്‍ക്ക് ചെറിയതോതില്‍ ‘ബോധം’ ഉണ്ടാകുന്നുണ്ട്. ജാതിവ്യത്യാസങ്ങള്‍ക്കെതിരെയുള്ള രോഷമായി ആദ്യ ഭാഗത്തെ കാണാമെങ്കില്‍ രണ്ടാം ഭാഗം ബിംബാരാധനയ്ക്ക് എതിരെയുള്ളതാണ്. ഈ ഭാഗത്തില്‍ മഹാ അഹങ്കാരിയായൊരു മലയാളി ബ്രാഹ്മണന്‍ കുഞ്ചുവിന്റെ യുക്തിക്കു മുമ്പില്‍ കീഴടങ്ങുന്ന കാഴ്ചയാണ് മുഖ്യപ്രതിപാദ്യം.

മൂന്നാം ഭാഗത്തില്‍ കുഞ്ചുവും പണിക്കരും ഉല്‍സവത്തില്‍ സംബന്ധിക്കാന്‍ ഗുരുവായൂര്‍ക്ക് പോകാനിറങ്ങിയ ബൈബിള്‍ വില്‍പനക്കാരെ പണിക്കരുടെ വീടിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്യുന്നു. അവിടെവെച്ച് പണിക്കരും കുഞ്ചുവും ബൈബിള്‍ വില്‍പനക്കാരുടെ കഥാപ്രസംഗങ്ങളിലൂടെ യേശുക്രിസ്തുവിന്റെ ജീവിതവൃത്താന്തങ്ങള്‍ അറിയുന്നു. ഹിന്ദുമത കഥകളേക്കാള്‍ മഹത്തരമാണ് ക്രിസ്തുവിന്റെ കഥകളെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഒടുവില്‍ കുഞ്ചുപ്പിള്ളയും പണിക്കരും ബൈബിള്‍ വാങ്ങുന്നു. പിന്നീട് ഗുരുവായൂര്‍ക്ക് പോകേണ്ടവര്‍ ഗുരുവായൂരിലേക്കും ആഖ്യാതാവായ ക്രിസ്ത്യന്‍ മുതല്‍പ്പിടിക്കാരന്‍ വീട്ടിലേക്കും തിരിക്കുന്നതോടെ പുല്ലേലിക്കുഞ്ചു അവസാനിക്കുന്നു.

ജാതിവ്യത്യാസങ്ങളെയും ബിംബാരാധനയേയും വിമര്‍ശിക്കുന്ന, സോക്രട്ടീസ് സ്‌കൂളിനെ ഓര്‍മ്മിപ്പിക്കുന്ന തലനാരിഴ കീറിയുള്ള ഈ പരിശോധന ഏറെ രസകരവും വസ്തുതകളെ സ്ഥൂലരൂപത്തില്‍ പരിശോധിക്കുന്നവര്‍ക്കു (മലയാളി ബ്രാഹ്മണനടക്കമുള്ളവര്‍ക്ക്)ള്ള തിരിച്ചടിയുമാണ്. ബിംബാരാധനയും ജാതിവ്യത്യാസങ്ങളും ‘വ്യഥാസൃഷ്ടികള്‍’ എന്ന രൂപത്തില്‍ എത്തിച്ചേരുമ്പോള്‍ ഹിന്ദുമതത്തിന്റെ സ്വത്വം എന്നതു തന്നെ ഒരു ‘ശൂന്യത’യായി മാറുന്ന കാഴ്ച കാണാം. ഗ്രന്ഥകാരന്റെ ലക്ഷ്യവും അതു തന്നെയാണെന്ന് സ്പഷ്ടമാകുന്നത് നോവലിന്റെ മൂന്നാമത്തെ ഭാഗത്ത് ക്രിസ്തുവിന്റെ മഹത്വങ്ങളെ അവതരിപ്പിക്കുമ്പോഴാണ്. ഇവിടെത്തുമ്പോഴേക്കും ഗ്രന്ഥകാരന്റെ നോവലിസ്റ്റെന്ന ആട്ടിന്‍തോല്‍ അഴിഞ്ഞുവീഴുകയും ആര്‍ച്ച് ഡീക്കന്‍ കോശിയെന്ന ക്രിസ്തുമതപ്രചാരകന്‍ തല്‍രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് കാണാം. മഹാഭാരത യുദ്ധത്തില്‍ ശിഖണ്ഡിയെന്നപോലെ പുല്ലേലിക്കുഞ്ചു നില്‍ക്കുകയും കോല്‍പോര്‍ട്ട്യാരുടെ രൂപത്തില്‍ കോശി മുന്‍പു സൂചിപ്പിച്ച ‘ശൂന്യത’യില്‍ ക്രിസ്തുമതം നിറയ്ക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് ലേഖനത്തിന്റെ ആദ്യഭാഗത്ത് വരേണ്യവര്‍ഗം ഈ നോവലിനെ തങ്ങളുടെ സംസ്‌കാരത്തിന്‍മേലുള്ള ഒരു അധിനിവേശരൂപമായി കണ്ടു എന്ന് ഞാന്‍ സൂചിപ്പിച്ചത്. പുല്ലേലിക്കുഞ്ചു തമസ്‌കരിക്കപ്പെടാനുള്ള മുഖ്യകാരണവും ഇതു തന്നെ. ഈ ‘അധിനിവേശ സ്വഭാവം’ കൊണ്ടു തന്നെയാണ് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയ (1892 ജനുവരിയില്‍ ഒന്നാം പതിപ്പ്) വും തമസ്‌കരിക്കപ്പെട്ടത്. പുല്ലേലിക്കുഞ്ചു ‘മാര്‍ഗ്ഗംകൂടാന്‍’ പ്രേരിപ്പിക്കുമ്പോള്‍ സരസ്വതീ വിജയം ഇംഗ്ലീഷ് വിദ്യാഭ്യാസവും ക്രിസ്തുമത സ്വീകാരവും വഴി അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനത (പുലയര്‍)യുടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച് പറയുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം ഇന്ദുലേഖയിലും പരാമര്‍ശിക്കുന്നുവെങ്കിലും അവിടെ ഒരു ‘പരിഷ്‌ക്കരണമാണ്’ ആവശ്യപ്പെടുന്നത്. അല്ലാതെ ‘ബദല്‍’ അല്ല. മാത്രമല്ല ഈ ‘പരിഷ്‌ക്കരണം’ ആവശ്യപ്പെടുന്ന ഗ്രന്ഥകര്‍ത്താക്കള്‍ നവവരേണ്യവര്‍ഗത്തില്‍പെടുന്നവരും, ബദല്‍ ആവശ്യപ്പെട്ടത് ക്രിസ്തുമതക്കാരോ, ക്രിസ്തുമതത്തില്‍ ചേരാന്‍ പ്രേരണ നല്‍കിയവരോ ആണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇംഗ്ലീഷ് ഭാഷയേയും ഇംഗ്ലീഷ് സംസ്‌ക്കാരത്തേയും സമൂഹത്തിലെ രണ്ടാം നിരക്കാരായ ശൂദ്രരെ അപേക്ഷിച്ച് പതുക്കെയാണ് ബ്രാഹ്മണര്‍ സ്വീകരിച്ചത്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യമാണിതിന് പ്രധാന കാരണം. എന്നാല്‍ ഇംഗ്ലീഷ് സംസ്‌കാരത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ‘രണ്ടാം നിരക്കാര്‍’ വളരെ പെട്ടെന്ന് സാമ്പത്തികമായും സാമൂഹികമായും ഉയര്‍ച്ച പ്രാപിച്ചു. ഒരു പുതിയ സവര്‍ണ്ണസമൂഹം അപ്പോള്‍ സൃഷ്ടിക്കപ്പെടുകയായി. ഇന്ദുലേഖയിലൂടെയും, മീനാക്ഷിയിലൂടെയും പരിഷ്‌ക്കരണം ആവശ്യപ്പെട്ടത് ഈ ‘നവസവര്‍ണ്ണര്‍’ ആണ്. നമ്പൂതിരിമാര്‍ക്കും തങ്ങള്‍ക്കും ഇടയിലുള്ള ‘വിടവ്’ (സവര്‍ണര്‍ക്കിടയിലുള്ള ഉയര്‍ച്ചതാഴ്ചകള്‍) ഇല്ലാതാക്കാനാണ് അവ ആവശ്യപ്പെട്ടത്. നവസവര്‍ണ്ണന്റെ കാഴ്ചപ്പാടുകളെ പ്രതിനിധാനം ചെയ്യുന്ന ഇന്ദുലേഖയും മീനാക്ഷിയും ഒക്കെ സ്വീകരിക്കപ്പെട്ടത് അതു കൊണ്ടാണ്. ഈ രണ്ടു നോവലുകളും പ്രധാനമായും ലക്ഷ്യമാക്കുന്ന സാമൂഹികാനാചാരം ‘നമ്പൂതിരി സംബന്ധങ്ങളാണ്!’ എന്നാല്‍ നമ്പൂതിരിമാരുടെ കാമഭ്രാന്ത് ശമിപ്പിക്കുവാനുള്ള മാംസക്കുപ്പകളല്ല തങ്ങളുടെ ശരീരം എന്ന് തിരിച്ചറിയുന്ന മീനാക്ഷിയും, ഇന്ദുലേഖയും ഈ നോവലുകളുടെ തിളക്കം കൂട്ടുന്നു. ‘സ്ത്രീശാക്തീകരണം’ എന്ന ലക്ഷ്യം ഈ രണ്ടു നോവലുകളിലുമുണ്ട്. കാലാകാലങ്ങളായി സവര്‍ണ്ണന് മുന്‍പില്‍ തങ്ങളുടെ സ്ത്രീകളെ അടിയറവെക്കേണ്ടിവന്നതിലൂടെ പുരുഷത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഒരു വിഭാഗത്തിന്റെ ‘ഉത്തമസ്ത്രീ സങ്കല്‍പം’ എന്ന നിലയിലും ഇന്ദുലേഖയേയും മീനാക്ഷിയേയും കണ്ടെത്താം. ജീവിതത്തില്‍ നഷ്ടപ്പെട്ടത് സാഹിത്യത്തിലൂടെ തിരിച്ചെടുക്കാനുള്ള നവസവര്‍ണന്റെ ശ്രമമായും ഇതിനെ വായിക്കാം. ഇതല്ലാതെ ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കാന്‍ സവര്‍ണരും നവസവര്‍ണരും ആഗ്രഹിച്ചില്ല. സവര്‍ണര്‍+നവസവര്‍ണര്‍ എന്ന ഈ പുതിയ സഖ്യത്തിനെതിരെ ബാസല്‍മിഷന്‍കാരും, മാര്‍ഗ്ഗം കൂടിയവരും ചേര്‍ന്ന സഖ്യത്തിന് മേല്‍ക്കൈ ലഭിക്കാതെ വന്നപ്പോള്‍ പുല്ലേലിക്കുഞ്ചുവും സരസ്വതീ വിജയവും തമസ്‌കരിക്കപ്പെട്ടു. ചുരുക്കത്തില്‍ തങ്ങളിലേക്ക് അധിനിവേശം നടത്താനിരിക്കുന്ന ഒരു സംസ്‌കാരത്തെ തമസ്‌കരിക്കാന്‍ വരേണ്യവര്‍ഗം ശ്രമിച്ചപ്പോള്‍ അതോടൊപ്പം തമസ്‌കരിക്കപ്പെട്ടത് പുല്ലേലിക്കുഞ്ചു, സരസ്വതീ വിജയം തുടങ്ങിയ നോവലുകളുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അധിനിവേശത്തിന്റെ അരികുവല്‍ക്കരണം ഒരര്‍ത്ഥത്തില്‍ അടിമജീവിതത്തിന്റെ പാര്‍ശ്വവല്‍ക്കരണം കൂടിയാകുന്ന വിചിത്രമായൊരു കാഴ്ച സൂക്ഷ്മവായനയില്‍ കാണാവുന്നതാണ്.

വ്യക്തമായ നിര്‍വചനങ്ങള്‍ക്കുള്ളില്‍ തളയ്ക്കാന്‍ കഴിയാത്ത, ഒട്ടും വ്യവസ്ഥാപിതമല്ലാത്ത സാഹിത്യ രൂപമാണ് നോവല്‍. ആദിമധ്യാന്തവും പരിണാമ ഗുപ്തിയും ഉള്ള ഒരു കഥയുടെ നിര്‍വചനം മനസില്‍ സൂക്ഷിച്ചുകൊണ്ട് നോവലിനെ സമീപിക്കുന്നവര്‍ക്ക് പുല്ലേലിക്കുഞ്ചുവിനെ ഒരു നോവല്‍ ആയി കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നോവല്‍ നിയതമായ ഒരു കഥ പറയണമെന്നില്ല. കഥ നിര്‍ബന്ധമില്ലെന്ന് കൂടി ഇ. എം. ഫോസ്റ്ററെയും, ഹെന്റി ജെയിംസിനെയും പോലുള്ളവര്‍ വാദിക്കുന്നുണ്ട്. ‘നോവല്‍ ഒരു കഥപറയുന്നു’ എന്ന മട്ടില്‍ ഇതിനെ പരിഹസിക്കുന്നുമുണ്ട് ഇ. എം. ഫോസ്റ്റര്‍ തന്റെ ആസ്‌പെക്റ്റ്‌സ് ഓഫ് ദി നോവല്‍ എന്ന കൃതിയില്‍. “A fictitious prose narrative of considerable length in which characters and actions representative of real life are portrayed in a plot of more or less complexity” എന്ന് The shorter Oxford English Dictionary on Historical Principles നോവലിനെ നിര്‍വചിക്കുന്നു. അതായത് ‘ഏറെയോ കുറഞ്ഞോ സങ്കീര്‍ണ്ണമായ ഒരു ഇതിവൃത്തത്തില്‍ യഥാര്‍ത്ഥ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും ഉള്‍പ്പെടുത്തപ്പെട്ട നിലയില്‍ വേണ്ടത്ര ദൈര്‍ഘ്യമുള്ള ഒരു സാങ്കല്‍പിക ഗദ്യവിവരണ’മാണ് (സ്വതന്ത്രവിവര്‍ത്തനം) നോവല്‍. അംഗീകൃതമായ ഈ നിര്‍വചനപ്രകാരം തന്നെ ആദിമധ്യാന്തമുള്ള ഒരു കഥ (ഇതിവൃത്തം) നിര്‍ബന്ധമല്ലെന്ന് കാണാം. കഥാപാത്രങ്ങളെയും പ്രവൃത്തികളെയും ആദ്യാവസാനം ചേര്‍ത്തുകൊണ്ടുപോകുന്ന ഒരു ചരടായി ഇതിവൃത്തത്തെ കണ്ടാല്‍ മതി. ഈ ഒരു തലത്തിലൂടെ പുല്ലേലിക്കുഞ്ചുവിനെ വായിച്ചു നോക്കുക. പ്രഥമ വായനയില്‍ സ്വതന്ത്രമായ മൂന്നു ലേഖനങ്ങളായാണ് ‘പുല്ലേലിക്കുഞ്ചു’ അനുഭവപ്പെടുന്നത്. എന്നാല്‍ അവ ചേര്‍ത്തു വായിക്കുമ്പോള്‍ അതിനുള്ളിലെവിടെയോ ഒരു ജീവിതം വികസിച്ചു വരുന്നത് കാണാം. അന്ധവിശ്വാസവും അനാചാരവും കൊണ്ട് കലുഷിതമായ ഒരു സമൂഹത്തിലെ ഇടത്തട്ടുകാരായ ചിലര്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെതുമായ ഒരു മതത്തിലേക്ക് പതിയെ നീങ്ങുന്നതാണ് പുല്ലേലിക്കുഞ്ചുവിന്റെ ഇതിവൃത്തമായി കാണാന്‍ കഴിയുക. എന്നാല്‍ ഈ മൂന്നു സ്വതന്ത്ര ലേഖനങ്ങള്‍ ഒന്നു ക്രമം മാറ്റി വെച്ചു നോക്കിയാല്‍ മേല്‍പറഞ്ഞ രീതിയില്‍ അനുക്രമം വികസിക്കുന്ന ഒരു ഇതിവൃത്തം അതിന് ഇല്ലാതാവുകയും ചെയ്യും! സുപ്രസിദ്ധമായ സിന്‍ഡ്രെല്ലയുടെ കഥയില്‍ രാജകുമാരന്‍ സിന്‍ഡ്രല്ലയുടേതായ ഒരു ചെരുപ്പുമായി സിന്‍ഡ്രല്ലയെ തേടിയിറങ്ങുകയായി. തേടിത്തേടിയൊടുവില്‍ വീട്ടുവേലക്കാരിയായ ഒരു പെണ്‍കുട്ടിയെ ഈ ചെരിപ്പണിയിച്ചപ്പോള്‍ രാജകുമാരന് സിന്‍ഡ്രല്ലയെ തിരിച്ചു കിട്ടുന്നു. ചെരിപ്പണിയിക്കുന്നതുവരെ വെറും വീട്ടുവേലക്കാരിയായിരുന്ന പെണ്‍കുട്ടി ചെരിപ്പണിഞ്ഞപ്പോള്‍ അതിമനോഹരിയായി മാറുന്നു. അതു തന്നെയാണ് പുല്ലേലിക്കുഞ്ചുവിലും സംഭവിച്ചത്. ഒരു പ്രത്യേക രീതിയില്‍ സ്വതന്ത്രമായ മൂന്നു ലേഖനങ്ങളെ അടുക്കിയപ്പോള്‍ അത് ഇതിവൃത്തമുള്ളൊരു നോവലായി വികസിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും പുല്ലേലിക്കുഞ്ചുവില്‍ ധാരാളമുള്ളതിനാല്‍ ആ ഒരു രീതിയിലുള്ള തര്‍ക്കം ആരും ഉയര്‍ത്തുന്നില്ല. നോവല്‍ എന്ന മാധ്യമത്തില്‍ പുല്ലേലിക്കുഞ്ചുവിനെ ഉള്‍പ്പെടുത്താന്‍ തടസ്സമായി എനിക്കു തോന്നുന്നത് ഏതാണ്ട് 80 പേജ് മാത്രമുള്ള അതിന്റെ വലിപ്പമാണ്. ‘വേണ്ടത്ര ദൈര്‍ഘ്യം’ എന്നത് ആപേക്ഷികമാണെന്ന് കരുതേണ്ടി വരും. അല്ലാത്തപക്ഷം മലയാളത്തിലെ സുപ്രസിദ്ധങ്ങളായ പലനോവലുകളും ചെറുകഥകളുടെ വിഭാഗത്തില്‍ ഒതുങ്ങേണ്ടി വരും. പുല്ലേലിക്കുഞ്ചു ഒരു നല്ല നോവലാണോ എന്നത് ഒരു തര്‍ക്ക വിഷയമാണ് എന്നാല്‍ ആദ്യ മലയാള നോവല്‍ പുല്ലേലിക്കുഞ്ചുവാണെന്നത് തര്‍ക്കവിഷയമാവേണ്ടതില്ല.

വിജയന്‍ കോടഞ്ചേരി
ജനനം 1971ല്‍ കോടഞ്ചേരി എല്‍.പി സ്‌കൂള്‍ . പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍, പൂനെ ഭാരതീയ വിദ്യാപീഠ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, ഇംഗ്ലീഷ് സാഹിത്യം. നിയമം എന്നിവയില്‍ ബിരുദം. മലയാളത്തിലെ ആദ്യകാല കഥകള്‍ (എഡിറ്റര്‍) ജെറീന - ഒരു മലയാളി ഹിജഡയുടെ ആത്മകഥ (ബി.ഹരിയോടൊപ്പം) 2006ലെ അപ്പന്‍ തമ്പുരാന്‍ സാഹിത്യ പുരസ്‌കാര ജേതാവ്. അജപാലകന്‍, സോദോം പാപത്തിന്റെ ശേഷപത്രം എന്നിവയാണ് പ്രധാന കൃതികള്‍.