കലകളില്‍ വച്ച് ചിത്രകലയ്ക്കും ചിത്രകലാ സമ്പ്രദായങ്ങളില്‍ വച്ച് ചുവര്‍ച്ചിത്ര രചനയ്ക്കും സവിശേഷമായൊരു പ്രാധാന്യം പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തെ ചുവരുമായി ബന്ധപ്പെടുത്തുന്ന പഴഞ്ചൊല്ലുകള്‍ പല ഭാരതീയ ഭാഷകളിലും കാണാം. പലകയിലും, തുണിയിലും മറ്റും ചിത്രങ്ങള്‍ വരച്ചിരുന്നുവെങ്കിലും ആദ്യകാലം മുതല്‍ ചുവര്‍ച്ചിത്രങ്ങള്‍ക്കായിരുന്നു ഭാരതത്തില്‍ വ്യാപകമായ പ്രചാരം.
ഭാരതത്തിലെ ചുവര്‍ച്ചിത്രകലയുടെ പൂര്‍വമാതൃകകള്‍ ചരിത്രാതീതകാലത്ത് രൂപം കൊണ്ടിട്ടുള്ള ഗുഹാചിത്രങ്ങളില്‍ കണ്ടെത്താന്‍ കഴിയും, ഭീമ് ബകേ, മീഴ്‌സാപൂര്‍, ബാന്ദ, സിംഗാന്‍പൂര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും പിഖ്ഹ്ഹാല്‍, മെഹബൂബ് നഗര്‍ (ആന്ധ്ര), ബല്ലാഗി (കര്‍ണ്ണാടകം), മറയൂര്‍ (കേരളം), മല്ലംപാടി (തമിഴ്‌നാട്) തുടങ്ങിയ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലും കാണുന്ന ഗുഹാചിത്രങ്ങള്‍ നമ്മുടെ ആദിമ ചിത്രകലയുടെ സവിശേഷതകള്‍ വ്യക്തമാക്കുന്നു.
ഇടക്കൽ ഗുഹാചിത്രം |
കളിമണ്ണും ജൈവപദാര്‍ഥങ്ങളും തമ്മില്‍ കുഴച്ചുണ്ടാക്കിയ ഒരു മിശ്രിതം ആദ്യം പരുക്കന്‍ മട്ടിലും പിന്നീട് കുമ്മായം കൂടി ചേര്‍ത്ത ഇതേ മിശ്രിതം നേര്‍മയിലും. പാറച്ചുവരില്‍ പൂശിയ ശേഷം പ്രകൃതിദത്തമായ ചായങ്ങള്‍ ഉപയോഗിച്ച് വരച്ചവയാണ് അജന്താചിത്രങ്ങള്‍. നനവുള്ള ഭിത്തിയില്‍ ഉടനുടന്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യരുടെ ഫ്രെസ്‌കോസങ്കേതത്തില്‍ നിന്നും പാടേ ഭിന്നമാണ്, ഉണങ്ങിയ ഭിത്തിയില്‍ വര്‍ണചിത്രങ്ങള്‍ സാവകാശം വരയ്ക്കുന്ന അജന്താ ചിത്രകാരന്മാരുടെ ഡ്രൈ-ഫ്രെസ്‌കോ ശൈലി.
അജന്താചിത്രം |
പത്മനാഭപുരം, കൃഷ്ണപുരം, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ കൊട്ടാരങ്ങളിലും, പത്മനാഭസ്വാമിക്ഷേത്രം, പനയന്നാര്‍കാവ്, പുണ്ഡശീകപുരം, ഏറ്റുമാനൂര്‍, തൃപ്രയാര്‍, കോട്ടയ്ക്കല്‍, ലോകനാര്‍കാവ് തുടങ്ങിയ അമ്പലങ്ങളിലും കോട്ടയം ചെറിയപള്ളി, ചേപ്പാട് പള്ളി, അങ്കമാലിപള്ളി, കാഞ്ഞൂര്‍പള്ളി, അകപ്പറമ്പ്പള്ളി തുടങ്ങിയ ക്രൈസ്തവ ദേവാലയങ്ങളിലും കേരളീയ ശൈലിയിലുള്ള ചുവര്‍ച്ചിത്രങ്ങള്‍ കാണാം.പ്രാചീനകാലം മുതല്‍ ചുവര്‍ചിത്രങ്ങള്‍ക്ക് പേരുകേട്ട മറ്റൊരു പ്രദേശമാണ് ഒറീസ്സായിലെ പുരി. രാജസ്ഥാനിലും, കേരളത്തിലുമെന്നപോലെ ഒറീസ്സയിലും ചുവര്‍ച്ചിത്രാലേഖനം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്ന ഭാരതീയ പാരമ്പര്യങ്ങളിലൊന്നാണ്.ചിത്രകലയുടെ ആത്മാവ് രേഖകളിലാണെന്ന ദര്‍ശനം അജന്താകാലഘട്ടത്തിനു ശേഷമുള്ള ഭാരതീയ ചുവര്‍ചിത്രങ്ങളിലെല്ലാം ഒന്നുപോലെ കാണാം. തടിച്ച വരകൊണ്ട് സാമീപ്യവും നേര്‍ത്ത വരകൊണ്ട് അകല്‍ച്ചയും ചിത്രീകരിക്കുവന്‍ കഴിയുമെന്ന് ഇന്ത്യയില്‍ എവിടെയുമുള്ള ചുവര്‍ചിത്ര കലാകാരന്മാര്‍ മനസ്സിലാക്കിയിരുന്നു.
പത്മനാഭപുരം കൊട്ടാരം |
വര്‍ണചിത്രങ്ങള്‍ വരച്ച് ദേവാലയങ്ങളും രാജകീയ സൗധങ്ങളും മോടിപിടിപ്പിക്കുന്ന ആലേഖ്യസമ്പ്രദായം ഭാരതത്തില്‍ രൂപം കൊണ്ടിട്ട്, ചുരുങ്ങിയത് രണ്ടായിരം വര്‍ഷങ്ങളെങ്കിലും കഴിഞ്ഞു. വാല്മീകിയുടെ രാമായണത്തിലും ഭരതന്റെ നാട്യശാസ്ത്രത്തിലും, നാരദശില്പ ചുവര്‍ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിഷ്ണുധര്‍മോത്തരത്തിലെ ചിത്രസൂത്രം (ഏഴാം നൂറ്റാണ്ട്), സോമേശ്വരന്റെ അഭിലാഷ ചിന്താമണി (പന്ത്രണ്ടാം നൂറ്റാണ്ട്), പരമാര രാജാവായ ഭോജന്റെ സമരംഗണ സൂത്രധാരം, കേരളീയനായ ശ്രീകുമാരന്‍ എഴുതിയ ശില്പരത്‌നം (പതിനാറാം നൂറ്റാണ്ട്) തുടങ്ങിയ കൃതികളില്‍ നിന്ന് ചുവര്‍ച്ചിത്രങ്ങളുടെ ധര്‍മത്തെക്കുറിച്ചും ആലേഖന സമ്പ്രദായങ്ങളെക്കുറിച്ചും ഏകദേശ വിവരണങ്ങള്‍ ലഭിക്കുന്നു. ചുവര്‍ച്ചിത്രങ്ങള്‍ വരയ്‌ക്കേണ്ടത് എങ്ങനെ എന്നു പ്രതിപാദിക്കുന്ന അനേകം താളിയോല ഗ്രന്ഥങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചുവര്‍ച്ചിത്രസമ്പ്രദായത്തെക്കുറിച്ചും രാസഘടനയെക്കുറിച്ചും ഏതാനും ദശകങ്ങള്‍ക്കു മുമ്പ് ഡോ: എസ്. പരമശിവന്‍ നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയങ്ങളാണ്.
ചുവര്‍ച്ചിത്രങ്ങളോടുകൂടിയ 150-ല്‍ ഏറെ മന്ദിരങ്ങള്‍ കേരളത്തില്‍ ഉണ്ട്. തിരുനന്ദതിക്കരയില്‍ (9-ാം നൂറ്റാണ്ട്) നിന്നാരംഭിക്കുന്ന നമ്മുടെ ചുവര്‍ച്ചിത്ര പാരമ്പര്യത്തിന് പത്തുനൂറ്റാണ്ടുകളുടെ തുടര്‍ച്ചയായ ചരിത്രമുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തില്‍ മേല്‍ത്തട്ടിന്റെ അകവശത്തുണ്ടായിരുന്ന ആന, ഇരിക്കുന്ന സ്ത്രീ, നില്‍ക്കുന്ന പുരുഷന്‍, ഗണപതി തുടങ്ങിയ ചിത്രങ്ങള്‍ ആര്യരാജാക്കന്മാരുടെ കാലത്ത് വരച്ചാതാകാനാണ് സാധ്യത.ഗുഹാക്ഷേത്രങ്ങളെ പിന്‍തള്ളി സുഘടിത ക്ഷേത്രങ്ങള്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ തുടങ്ങിയ എട്ടും ഒന്‍പതും നൂറ്റാണ്ടുകള്‍ മുതല്‍ ആര്യസൗഷ്ടവമാര്‍ന്ന ചുവര്‍ചിത്രങ്ങള്‍ക്കു പ്രാധാന്യം ലഭിച്ചുതുടങ്ങി. ദേവീദേവന്മാരെയും നാഗത്താന്മാരെയും അഞ്ചുവര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് നിലത്തുവരയ്ക്കുന്ന ദ്രാവിഡമെന്നൊ, അതല്ലെങ്കില്‍ അവൈദികമെന്നോ പറയാവുന്ന 'കളമെഴുത്തു' സമ്പ്രദായത്തിനായിരുന്നു അതിനു മുമ്പ് ഇവിടെ സാര്‍വത്രികമായ പ്രാധാന്യം. മിക്കവാറും മാഞ്ഞുകഴിഞ്ഞ പാര്‍ഥിവപുരത്തെയും ചിതറാലിലെയും ചിത്രങ്ങളില്‍ തിരുനന്ദിക്കര ശൈലിയുടെ തുടര്‍ച്ച കാണാം.
നമ്മുടെ ചുവര്‍ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യശൈലിയില്‍ അല്ല വരച്ചുപോന്നിട്ടുള്ളത്. കാല്പനികത്വത്തിന്റെയും ആദര്‍ശാത്മക സൗന്ദര്യാവിഷ്‌കരണത്തിന്റെയും, സംശിഷ്ട മാതൃകകളാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍. അവയില്‍ കേരളീയരുടെ വ്യക്തിത്വവും സവിശേഷതകളും പ്രതിഫലിച്ചു കാണാം. വിഗ്രഹനിര്‍മാണത്തിലെ നാല് വ്യവസ്ഥയും അവര്‍ക്കു സ്വീകാര്യമായിരുന്നു. ഇതുകൊണ്ടെല്ലാം നമ്മുടെ ചുവര്‍ച്ചിത്രങ്ങള്‍ കേരളീയമെന്നപോലെ ഭാരതീയവുമാണ്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലത്താണ് കേരളീയ ചുവര്‍ച്ചിത്രങ്ങള്‍ക്ക് ഇന്നുകാണുന്ന രേഖാപ്രസര സൂക്ഷ്മതയും ഭാവതീവ്രതയും വര്‍ണലയവും ചലനാത്മക സൗന്ദര്യവും അലൗകിക ഭംഗിയും കൈവന്നത്.
ഭക്തിപ്രസ്ഥാനത്തിന്റെ സംഭാവന
പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള ചുവര്‍ചിത്രങ്ങളാണ് കേരളത്തില്‍ ഇന്നുകാണുന്നതെന്നു നേരത്തേ പറഞ്ഞുല്ലോ. ഈ കാലഘട്ടത്തിന്റെ സവിശേഷതകള്‍ സാം സ്‌കാരിക ചരിത്രപഠനത്തിലൂടെ വ്യക്തമാവും. ഉറങ്ങുന്ന കുംഭകര്‍ണനെപ്പോലെ കഴിഞ്ഞുകൂടിയ മധ്യകാല കേരളീയ ജനസമൂഹം, പോര്‍ട്ടുഗീസുകാരുടെയും മറ്റും വരവിനെത്തുടര്‍ന്നുണ്ടായ ക്രൂര സംഘട്ടനങ്ങള്‍ കൊണ്ടാണല്ലോ ഞെട്ടി ഉണര്‍ന്നത്. പാശ്ചാത്യരായ കച്ചവടക്കാരുടെ ദുരയും, ക്രൂരതയും, നാട്ടുകാരുടെ കുടിപ്പകയും പേപ്പരുമാന്തന്മാരുടെ അല്പത്തരങ്ങളും ഒന്നുപോലെ അപകടകരമാണെന്നു കണ്ട ക്രാന്തദര്‍ശികളുടെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടാം ഭക്തിപ്രസ്ഥാനം പുതിയൊരു സാംസ്‌കാരിക നവോത്ഥാനത്തിനു വഴിയൊരുക്കി.
ആഴ്‌വാന്മാരുടെയും നായനാരന്മാരുടെയും നേതൃത്വത്തില്‍ തമിഴകത്താരംഭിച്ച ആദ്യത്തെ ഭക്തിപ്രസ്ഥാനത്തിന്റെ അലകള്‍ ഏഴാം നൂറ്റാണ്ടില്‍ത്തന്നെ കേരളത്തില്‍ വന്നെത്തിയിരുന്നു. ചേരമാന്‍ പെരുമാളുടെയും കുലശേഖര ആഴ്‌വാരുടെയും മറ്റും നേതൃത്വത്തില്‍ ഇവിടെ വളര്‍ന്നു പന്തലിച്ച ഒന്നാം ഭക്തിപ്രസ്ഥാനത്തിന് ശങ്കരാചാര്യരോടെ, പൂര്‍ണത കൈവന്നു.
വീണ്ടും ഒന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ ചോഴാക്രമണവും മധ്യകാല സ്വരൂപങ്ങളും ഉയര്‍ച്ചയും കേരളചരിത്രത്തില്‍ ശിഥിലീകരണത്തിന്റെയും അരാജകത്വത്തിന്റെയും വിഷവിത്തുകള്‍ പാകി. ഈ സാഹചര്യം പിന്നെ നാലഞ്ചുനൂറ്റാണ്ടു കാലത്തേക്ക് നിലനിന്നു.
പറങ്കികള്‍ക്കും ലന്തക്കാര്‍ക്കും മറ്റും കേരളത്തിലെ നാടുവാഴികളുടെമേല്‍ അനായാസമായി പിടിമുറുക്കുവാന്‍ ഇന്നാട്ടിലെ ഭരണശൈഥില്യം അവസരം കൊടുത്തു. സമകാലിക രാഷ്ട്രീയ അരക്ഷിതത്വത്തോടുണ്ടായ പ്രതിഷേധവും തുടര്‍ന്നുണ്ടായ വിരക്തിയുമാകാം പുതിയ ഭക്തിപ്രസ്ഥാനത്തിന് നിമിത്തമായത്. വില്വമംഗലത്തിന്റെയും എഴുത്തച്ഛന്റെയും (16-ാം നൂറ്റാണ്ട്), മേല്‍പ്പത്തൂരിന്റെയും (1560 - 1646), പൂന്താനത്തിന്റെയും (1547 - 1640) സാന്നിധ്യത്തോടെ ഈ പുതിയ ഭക്തിപ്രസ്ഥാനം ദ്രുതതാളത്തിലായി. കൃഷ്ണനാട്ടമെഴുതിയ മാനവേദനും (ഭരണകാലം 1637 - 1648) രാമനാട്ടമെഴുതിയ കൊട്ടാരക്കരത്തമ്പുരാനും (17-ാം നൂറ്റാണ്ട്) ഈ ഭക്തിപ്രസ്ഥാനത്തിന്റെ സൃഷ്ടികളാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂറിന്റെ ആക്രമണവും തുടര്‍ന്നുണ്ടായ അവ്യവസ്ഥിതിയും ക്ഷേത്രസംസ്‌കാരത്തിന്റെ തകര്‍ച്ചയും ബ്രിട്ടീഷ് ആധിപത്യവും ഉത്തരകേരളചരിത്രത്തെ ഒരു വിശ്വാസ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന കേണല്‍ മണ്‍റോ ദേവസ്വങ്ങളുടെ ഭരണം ഗവണ്‍മെന്റു നേരിട്ട് ഏറ്റെടുക്കണമെന്ന് (1820) തീരുമാനിച്ചതോടെ, ക്ഷേത്രങ്ങളെ കേന്ദ്രമാക്കിയുള്ള സാമൂഹ്യജീവിതത്തിന്റെ ഘടന അടിമുടി മാറിപ്പോയി. ക്ഷേത്രകലകളുടെ ഭാഗമായി വികസിച്ച ചുവര്‍ചിത്രകലയുടെ പ്രഭ അതോടെ മങ്ങാന്‍ തുടങ്ങി. രാജാരവിവര്‍മ്മയുടെ നവീനശൈലിയിലുള്ള ക്യാന്‍വാസ് ചിത്രങ്ങള്‍ക്കു ലഭിച്ച ആഗോള പ്രസിദ്ധി കൂടി ആയപ്പോള്‍ പാരമ്പര്യശൈലിയില്‍ വരച്ചിരുന്നവര്‍ക്കുപോലും രവിവര്‍മ്മയെ അനുകരിക്കുവാന്‍ തിടുക്കമായി. പാരമ്പര്യശൈലി പുനരാവിഷ്‌കരിക്കാനുള്ള ചില പരിശ്രമങ്ങള്‍ ഗുരുവായൂര്‍ കേന്ദ്രമാക്കി ആരംഭിച്ചിട്ടുണ്ട്.
ബൈബിളിലെ ഇതിവൃത്തങ്ങളാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ക്ക് ആധാരം. സാത്താന്‍ നല്‍കിയ വിലക്കപ്പെട്ട കനി ഏദന്‍തോട്ടത്തില്‍ വെച്ച് കഴിക്കുന്ന ഹവ്വ, യേശുക്രിസ്തുവിന്റെ ജനനം, ക്രിസ്തുദേവന്റെ അത്ഭുതങ്ങള്‍, പീഡാനുഭവങ്ങള്‍, കുരിശാരോഹണം, ഉയിര്‍ത്തെഴുന്നേല്പ് എന്നിവയാണ് പള്ളിയിലെ ചുവര്‍ച്ചിത്രങ്ങളില്‍ പ്രധാനം.
'മ്യൂറല്‍ പഗോഡ' എന്ന് വിദേശീയര്‍ വിശേഷിപ്പിക്കാറുള്ള പത്മനാഭപുരം കൊട്ടാരത്തിലെ ചിത്രങ്ങളില്‍ പ്രധാനം ഗോപികമാരോടൊത്ത് ഓടക്കുഴല്‍ വായിക്കുന്ന കുമാരനായ ശ്രീകൃഷ്ണന്റേതാണ്. ഭാഗവതത്തിന്റെയും ഗീതഗോവിന്ദത്തിന്റെയും സംസ്‌കാരവുമായി തന്മയീഭാവം സാധിച്ച ഒരു ചിത്രകാരന്റെ ഭക്തിസാന്ദ്രമായ മനസ്സ് ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നു. ശ്രീകൃഷ്ണ സാന്നിധ്യത്തില്‍ നിര്‍വൃതി അനുഭവിക്കുന്ന ഗോപികമാരുടെയും വേണുവായനയില്‍ ലയിച്ച് ആനന്ദിക്കുന്ന ശ്രീകൃഷ്ണന്റെയും കണ്ണുകള്‍ ഒരു അദൃശ്യബിന്ദുവില്‍ ഒന്നിക്കുന്നതായി പ്രേക്ഷകര്‍ക്കു തോന്നിക്കുവാന്‍ ചിത്രകാരന് കഴിഞ്ഞിരിക്കുന്നു. പ്രതലം മുഴുവന്‍ ദ്വിമാനതയില്‍ ലയിപ്പിക്കുവാനുള്ള ചിത്രകാരന്മാരുടെ സാധനയ്ക്ക് ഉദാഹരണങ്ങളാണ് പത്മനാഭപുരം കൊട്ടാരത്തിലെ അന്‍പതോളം വരുന്ന ചുവര്‍ച്ചിത്രങ്ങള്‍.
No comments:
Post a Comment