രാമചന്ദ്രന്‍ കൊടാപ്പള്ളി
കുട്ടികള്‍ നമ്മുടെ ഓമനകളാണ്. സ്‌നേഹവും വാത്സല്യവുമാണ് അവര്‍ക്ക് നമ്മില്‍നിന്നു ലഭിക്കേണ്ടത്. ആദ്യം അവ രണ്ടും അവര്‍ക്കു നല്‍കുക. പിന്നീടെല്ലാം വഴിപോലെ ലഭ്യമായിക്കൊള്ളും. നിങ്ങള്‍ സ്വന്തം വ്യക്തിത്വം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തന്നെ കുട്ടികളുടെ അവസ്ഥയും മെച്ചപ്പെടുന്നുണ്ടെന്നുറപ്പു വരുത്തുക. ഏതാനും മികച്ച ഗുണങ്ങള്‍ അവരില്‍ വളര്‍ത്തിയെടുക്കാനാണ് ആദ്യമേ ശ്രമിക്കേണ്ടത്.
പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍തുണയാണ് കുട്ടികള്‍ക്കാവശ്യം. വളരെ ചെറുപ്പത്തില്‍ തന്നെ ആ പിന്‍തുണ മാതാപിതാക്കളില്‍ നിന്ന് അവര്‍ക്കു ലഭിച്ചിരിക്കണം.
സന്തോഷകരമായ നിമിഷങ്ങള്‍ കുട്ടികളുമായി പങ്കിടുവാന്‍ മാതാപിതാക്കളും കുടുംബത്തിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ക്കൊപ്പം കളിക്കുകയും അവരുടെ തമാശകളില്‍ പങ്കുകൊള്ളുകയുമൊക്കെ ചെയ്യുന്നത് ‘ഭാവിയില്‍ വളരെ മികച്ച ഫലങ്ങള്‍ നല്‍കുമെന്നകാര്യം അധികം പേരും മനസിലാക്കുന്നതായി കാണുന്നില്ല.
അവരുടെ സംശയങ്ങള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കുകയും ഉടന്‍തന്നെ പരിഹരിക്കുകയും വേണം. അതൊരു പ്രയാസകരമായ കാര്യമാണെന്ന് കുട്ടികളെ ഒരിക്കലും തോന്നിക്കാന്‍ പാടുള്ളതുമല്ല. പ്രശ്‌നപരിഹാരം വളരെ നിസ്സാരമാണെന്ന തോന്നല്‍ കുട്ടികളില്‍ അതോടെ ഉണ്ടായിത്തുടങ്ങും. വളര്‍ച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഈ ധാരണ അവര്‍ക്കു സഹായമാവുകയും ചെയ്യും.
സംശയങ്ങള്‍ ഉദാഹരണസഹിതം നീക്കിക്കാണിക്കുവാനാണ് മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടത്. അങ്ങനെയാകുമ്പോള്‍ ക്രമേണ കുട്ടികള്‍ തന്നെ സംശയ നിവാരണത്തില്‍ മുന്‍കൈയെടുത്തു തുടങ്ങുകയും ചെയ്യും,
ഗൃഹാന്തരീക്ഷത്തില്‍ എല്ലാ കാര്യവും മാതാപിതാക്കളോ മറ്റു മുതിര്‍ന്ന അംഗങ്ങളോ ആണ് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. കുട്ടികള്‍ അതിന്റെ ഗുണഭോക്താക്കള്‍ മാത്രമായിരിക്കും സാധാരണ ഗതിയില്‍. അപ്പോള്‍ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവഗണിക്കപ്പെടുന്നു വെന്ന തോന്നല്‍ സ്വാഭാവികമായും ഉയര്‍ന്നുവരാം. കുഞ്ഞു മനസുകളില്‍ ഉല്‍ക്കണ്ഠയോ നിരാശയോ ഉറവെടുത്തു കഴിഞ്ഞാല്‍ അതിന് ഉടന്‍തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ ദുരവ്യാപകമായ ഫലങ്ങള്‍ക്കു കാരണമാകുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ കൊച്ചു കൊച്ചു കാര്യങ്ങളില്‍ കുട്ടികള്‍ക്കു പങ്കാളിത്തം നല്‍കണം. ഭക്ഷണപാനീയങ്ങള്‍, പഠിത്തം, പ്രാഥമിക ദിനചര്യകള്‍, കളികള്‍ എന്നിവയിലെല്ലാം കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സൗമ്യമായ നിര്‍ദ്ദേശങ്ങളിലൂടെ അവരുടെ ഉദ്ദേശ്യങ്ങളും ഇഷ്ടങ്ങളും നേര്‍വഴിക്കു നിയന്ത്രിക്കുകയും വേണം.
കുട്ടികള്‍ തെറ്റുചെയ്യുമ്പോള്‍ അവരെ കഠിനമായി ശിക്ഷിക്കുന്നത് ശരിയല്ല. സ്‌നേഹപൂര്‍വമായ ഉപദേശങ്ങളിലൂടെ സ്വയം തെറ്റുതിരുത്താനുള്ള അവസരം നല്‍കുകയാണ് ആവശ്യം. കുട്ടികളുടെ ജിജ്ഞാസയെ ഒരിക്കലും കടിഞ്ഞാണിട്ടു നിയന്ത്രിക്കരുത്. പകരം ആവശ്യമായ വിവരങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജിപ്പിക്കുയുമാണ് വേണ്ടത്. യഥാര്‍ത്ഥവും സുന്ദരവുമായ വസ്തുക്കളോടുള്ള കുട്ടികളുടെ അടുപ്പം പ്രോത്സാഹിപ്പിക്കണം. അവരില്‍ ഉണരുന്ന കൗതുകം ആസ്വദിച്ച് അവരെ അഭിനന്ദിക്കുന്നതും ആരോഗ്യകരമായ ഒരു പ്രവണതയാകുന്നു.
തടസ്സങ്ങള്‍ അവസരങ്ങളാക്കി മാറ്റാനുള്ള വിദ്യ ദൃഷ്ടാന്തങ്ങളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തണം. കഥകളും പുരാണങ്ങളും അതിനായി പ്രയോജനപ്പെടുത്താം. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത് നിങ്ങള്‍ കുട്ടികളില്‍ പ്രതീക്ഷിക്കുന്ന ഗുണവിശേഷങ്ങള്‍ നിങ്ങളില്‍ ഉണ്ടെന്ന് ആദ്യം ഉറപ്പുവരുത്തുകയാണ്.
രാമചന്ദ്രന്‍ കൊടാപ്പള്ളി
കോഴിക്കോടു ജില്ലയിലെ കോട്ടുളിയില്‍ 1944-ല്‍ ജനനം. ചെറുവണ്ണൂര്‍, ഫറോക്ക്, മുംബൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ, മനശ്ശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. വിവിധ പത്രങ്ങളില്‍ സഹപത്രാധിപര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍, റസിഡന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. മനശ്ശാസ്ത്രം, പൊതുവിജ്ഞാനം എന്നീ ശാഖകളില്‍ ഒരു ഡസനോളം കൃതികളുടെ കര്‍ത്താവ്. അമ്പതിലേറെ മനശ്ശാസ്ത്ര കൃതികളുടെ കോപ്പി എഡിറ്റിങ്ങും നിര്‍വഹിച്ചു. ഇപ്പോള്‍ പാപ്പിറസ് ബുക്‌സില്‍ എഡിറ്റര്‍.
No comments:
Post a Comment