വരുൺ എസ്. കുമാർ
ചങ്ങമ്പുഴ കൃഷ്ണപിള്ള 37-ാം വയസ്സില്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിത കോവിലകം മുതല്‍ കുപ്പമാടം വരെ എല്ലായിടങ്ങളിലും താലപ്പൊലിയോടും വായ്ക്കുരവയോടും സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
അപശബ്ദങ്ങള്‍ അവഗണനീയമായിരുന്നു. ആധുനിക മലയാളത്തില്‍ വള്ളത്തോളിനും കുമാരനാശാനും മാത്രമേ ഏതാണ്ടു തത്തുല്യമായ ജനപ്രീതി മുമ്പു ലഭിച്ചിരുന്നുള്ളു. പ്രശസ്തരായിരുന്നെങ്കിലും ഉള്ളൂരിനോ ശങ്കരക്കുറുപ്പിനോ ഈ സര്‍വജനാരാധ്യത സംപ്രാപ്തമായില്ല. ചങ്ങമ്പുഴ കവിതയ്ക്ക് അതിവിശിഷ്ടമായ ഒരു കാന്തശക്തിയുണ്ട്. സ്പര്‍ശിക്കുമ്പോള്‍ തന്ന നാം വശീകൃതരായിപ്പോകുന്നു. വൈദ്യുതാഘാതം പോലെ മലയാളകവിതയെ ഞെട്ടിച്ച് ഭാവനയുടെ വസന്തോത്സവം സൃഷ്ടിച്ച കവി ചങ്ങമ്പുഴ മലയാളത്തില്‍ കൊണ്ടു വന്ന കാവ്യവിപ്ലവത്തിന്റെ നഖചിത്രമാണിത്. ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ എനിക്കു ഉണ്മയുണ്ട് എന്ന് കാര്‍ത്തീസിയന്‍ പാരമ്പര്യത്തോടു വിടപറഞ്ഞ് എനിത്ത് വികാരമുണ്ട് എന്ന റൊമാന്റിക് ഭാവത്തിലേക്ക് ഇവിടെ ആദ്യമായി വഴിമാറിച്ചവിട്ടിയത് ചങ്ങമ്പുഴയാണ്.
എറണാകുളത്തെ ഇടപ്പള്ളിയില്‍ മട്ടാഞ്ചേരി തെക്കേടത്തു നാരായണമേനോന്റേയും ഇടപ്പള്ളി ചങ്ങമ്പുഴ വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മകനായി 1911 ഒക്‌ടോബര്‍ പത്തിന് ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2-ാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തി പല ജോലികളിലും ഏര്‍പ്പെട്ടു. പട്ടാളത്തിലും സേവനമനുഷ്ഠിച്ചു. 1934-ലാണ് ചങ്ങമ്പുഴയുടെ ആദ്യകൃതി പ്രസിദ്ധീകൃതമായത്- 'ബാഷ്പാഞ്ജലി.' 1936-ല്‍ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു ചേര്‍ന്നു. ചങ്ങമ്പുഴ മഹാരാജാസ് കോളേജില്‍ ചേരുന്നതിനു മുമ്പായിരുന്നു ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത്. 1936 ജൂലൈ 7ന്. പ്രേമഭാജനത്തിന്റെ വിവാഹത്തില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ഇതില്‍ മനംനൊന്ത് ചങ്ങമ്പുഴ 'തകര്‍ന്ന മുരളി' , 'രമണന്‍' എന്നീ കൃതികള്‍ രചിച്ചു. പിന്നീട് ചങ്ങമ്പുഴ സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ എന്നീ കൃതികള്‍ രചിച്ചു. ഉദ്യാന ലക്ഷ്മി എന്ന കവിതാസമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചു. 1939ല്‍ വത്സല എന്ന നീണ്ട കാവ്യം എഴുതി പിന്നീട് പാടുന്ന പിശാച്, ഓണപ്പൂക്കള്‍ എന്നിവയും രചിച്ചു. ചങ്ങമ്പുഴയുടെ സങ്കല്പകാന്തി എന്ന കൃതിക്ക് ഉള്ളൂരാണ് അവതാരിക എഴുതിയത്.
1945-ല്‍ മംഗളോദയത്തിന്റെ പത്രാധിപസമിതിയില്‍ ചേരാന്‍ ചങ്ങമ്പുഴയ്ക്ക് ക്ഷണം ലഭിച്ചു. ഈ കാലഘട്ടില്‍ അദ്ദേഹം നടത്തിയ പരിഭാഷകളില്‍ നിന്ന് അദ്ദേഹത്തിന്റെയുള്ളിലെ ഗദ്യകാരനെ നമുക്ക് മനസ്സിലാക്കാം. 'ഗീതാഗോവിന്ദം', 'ദേവഗീതം' , 'മഗ്ദലമോഹിനി' തുടങ്ങിയ കൃതികള്‍ മംഗളോദയകാലത്താണ് പ്രസിദ്ധീകരിച്ചത്.
'രമണന്‍' എന്ന കാവ്യം കേരളത്തില്‍ ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്. അമ്പതിലധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ ആ പുസ്തകം യുവജനങ്ങള്‍ക്ക് സ്വന്തം ഹൃദയത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു. ആ കാലഘത്തില്‍ 'വാഴക്കുല'. പാടുന്ന പിശാച് എന്നീ കാവ്യങ്ങള്‍ ചങ്ങമ്പുഴയുടെ കാവ്യവ്യക്തിത്വത്തിന്റെ ഭിന്നമുഖങ്ങള്‍ അവതരിപ്പിക്കുന്നു. മരണത്തിന് ഒരു വര്‍ഷം മുമ്പ് 1947 -ല്‍ രചിച്ച മനസ്വിനി എന്ന കവിതയില്‍ ചങ്ങമ്പുഴയുടെ കവിതയുടെ എല്ലാ സവിശേഷതകളും കാണാം 1947-ല്‍ ക്ഷയരോഗം കഠിനമായതിനെത്തുടര്‍ന്ന് 1948-ല്‍ ചങ്ങമ്പുഴ തന്റെ ഗന്ധര്‍വ്വ ജീവിതമവസാനിപ്പിച്ച് യാത്രയായി.
പ്രതിഭാസം എന്നു മാത്രം വിളിക്കാവുന്ന കവിയായിരുന്നു ചങ്ങമ്പുഴ. പെട്ടെന്നു മിന്നിപ്പടര്‍ന്ന് പ്രകാശധോരണി പരത്തി ചുറ്റുമുള്ളതെല്ലാം തിളക്കി ജ്വാലകലാപം സൃഷ്ടിച്ച് പൊടുന്നനെ പൊലിഞ്ഞുപോയ പ്രതിഭാസം. ആകെ 37 വര്‍ഷത്തെ ജീവിതം. അതില്‍ 17 വര്‍ഷമേയുള്ളൂ ക്രിയാനിരതമായ കാവ്യജീവിതം. അതിനിടയില്‍ 58 കൃതികള്‍. ആത്മാലാപനത്തിന്റെ തീവ്രതയും വാക്കുകളുടെ ഉദ്യാനകാന്തിയും ഇതില്‍ നിറഞ്ഞുനിന്നു. അസാധാരണമെന്നു തന്നെ പറയാവുന്ന ഈ സര്‍ഗജീവിതത്തിനിടയില്‍ ലക്ഷോപലക്ഷം ആരാധകരെ മാത്രമല്ല ആയിരക്കണക്കിന് അനുകത്താക്കളെയും ചങ്ങമ്പുഴ സൃഷ്ടിച്ചു. ആത്മദുഃഖങ്ങളും പ്രണയ. വൈവശ്യവും ജീവിതാസക്തിയും നൈരാശ്യവും മരണാനുരാഗവും കുലചിഹ്നങ്ങളായ ജീവിതമായിരുന്നു ആ കവിതകള്‍. 20- ാം നൂറ്റാണ്ടില്‍ മലയാളി ഇത്രയേറെ സ്‌നേഹിച്ച മറ്റൊരുകവിയില്ല. ഇന്നും തുടരുന്നു ചങ്ങമ്പുഴക്കവിതയുടെ സ്വാധീനം
------
വരുൺ എസ്. കുമാർ :- 8 ാം തരം വിദ്യാർത്ഥി, ന്യൂമാൻ സെൻട്രൽ സ്കൂൾ, മങ്ങാട്, അടൂർ.
No comments:
Post a Comment